ജെഎന്‍യുവില്‍ 'ഇസ്ലാമിക ഭീകരവാദം' പാഠ്യവിഷയമാക്കി; ഇസ്ലാംഭീതി പടര്‍ത്താനെന്ന് ആരോപണം

ന്യൂദല്‍ഹി- ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ (ജെ.എന്‍.യു) ദേശീയ സുരക്ഷാ സംബന്ധിച്ച പഠനങ്ങള്‍ക്കായുള്ള പുതിയ കേന്ദ്രം ആരംഭിക്കാനും അവിടെ 'ഇസ്ലാമിക ഭീകരവാദം' പാഠ്യവിഷയമാക്കാനും വെള്ളിയാഴ്ച ചേര്‍ന്ന അക്കാഡമിക് കൗണ്‍സില്‍ യോഗം തത്വത്തില്‍ അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും യോഗങ്ങളിലെ പോലെ ഇത്തവണയും അക്കാഡമിക് കൗണ്‍സിലിലെ ഒരു വിഭാഗം അംഗങ്ങളെ യോഗത്തില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും ആക്ഷേപമുണ്ട്. 

സെന്റര്‍ ഫോര്‍ നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസ് എന്ന പഠന വിഭാഗമാണ് പുതുതായി ആരംഭിക്കാന്‍ തീരുമാനിച്ചത്. ഇവിടെയായിരിക്കും ഇസ്ലാമിക ഭീകരവാദം പാഠ്യവിഷയമാകുക. കൗണ്‍സി യോഗത്തിന്റെ അജണ്ടയില്‍ ഇതിനെ സുപ്രധാന പാഠ്യവിഷയങ്ങളിലൊന്നായാണ് വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇതു പ്രത്യേക കോഴ്‌സായാണോ അതോ മറ്റു കോഴ്‌സുകളുടെ അനുബന്ധമാണോ എന്നതു സംബന്ധിച്ച് വ്യക്തതയില്ല. എന്നാല്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികള്‍ അടക്കമുള്ള ഏതാനും അക്കാഡമിക് കൗണ്‍സില്‍ അംഗങ്ങള്‍ പറയുന്നത് ഇത് പ്രത്യേക കോഴ്‌സായാണ് പാസാക്കിയിരിക്കുന്നതെന്നാണ്. എന്നാല്‍ ഈ വിഷയത്തില്‍ ഒരു കോഴ്‌സ് നിര്‍ദേശിച്ചിട്ടില്ലെന്നാണ് പുതിയ പഠന വിഭാഗം രൂപികരിക്കുന്നതിന് നിയോഗിച്ച സമിതി തലവന്‍ പ്രൊഫസര്‍ അജയ് ദുബെ പറയുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള ജെഎന്‍യുവിന്റെ ഈ നീക്കത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് ആക്ഷേപമുയര്‍ന്നു. ഇതു വര്‍ഗീയ നീക്കമാണെന്നും അക്കാഡമിക് കോഴ്‌സുകളുടെ രൂപത്തില്‍ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നത് അപകടമാണെന്നും ജെഎന്‍എയു വിദ്യാര്‍ത്ഥി യൂണിയന്‍ ചൂണ്ടിക്കാട്ടി.
 

Latest News