Sorry, you need to enable JavaScript to visit this website.

ബിജെപി 'റാഞ്ചിയ' മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എ ഹോട്ടലിലെ നീന്തല്‍ കുളത്തില്‍

ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടല്‍

ഹൈദരാബാദ്- കോടികള്‍ വാഗ്ദാനം ചെയ്ത് എംഎല്‍എമാരെ ബിജെപി ചാക്കിട്ടു പിടിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്നതിനാല്‍ കോണ്‍ഗ്രസ് അതീവജാഗ്രതയിലാണ്. കഴുകക്കണ്ണുകളില്‍ നിന്നും രക്ഷിക്കാന്‍ കോണ്‍ഗ്രസും ജെഡിഎസും എംഎല്‍എമാരുമായി പരക്കം പായുന്നതിനിടെ ഈ ജാഗ്രതയും പലപ്പോഴും തലവേദനയാകുന്നു. ഹൈദരാബാദിലെ ആഢംബര ഹോട്ടലായ താജ് കൃഷ്ണയില്‍ കഴിയുകയായിരുന്ന എംഎല്‍എമാരെ ഇന്നു വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ തിരക്കിട്ട് തിരികെ ബംഗളുരുവില്‍ എത്തിക്കാനുളള ശ്രമങ്ങള്‍ക്കിടെയാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ ആശങ്കപടര്‍ത്തി മറ്റൊരു എംഎല്‍എയെ കൂടി കാണാതായത്. ഒരു എംഎല്‍എയെ നേരത്തെ ബിജെപി റാഞ്ചി കൊണ്ടു പോയ അനുഭവമുള്ളതിനാല്‍ കോണ്‍ഗ്രസ് നേതാക്കളെല്ലാം ആശങ്കയിലായി. 

ബംഗളുരുവിലേക്കുള്ള തിരികെ യാത്രയ്ക്കായി ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് ഒരു എംഎല്‍എയെ കാണാനില്ലെന്ന് അറിയുന്നത്. തുടര്‍ന്ന് ഹോട്ടല്‍ മുറിയിലും ബാത്ത് റൂമിലും ബാറിലും റസ്ട്രന്റിലും അടക്കം എല്ലായിടത്തും തിരക്കിട്ടു തിരച്ചില്‍ നടത്തി. എവിടേയും കണ്ടെത്തിയില്ല. ബിജെപിക്കാരില്‍ നിന്ന് രക്ഷിക്കാനായി ഫോണുകളെല്ലാം നേരത്തെ തന്നെ വാങ്ങിവച്ചിരുന്നതിനാല്‍ ബന്ധപ്പെടാനുള്ള വഴികളുമില്ലാതെ കോണ്‍ഗ്രസ് നേതാക്കള്‍ കുഴങ്ങി.

ഒടുവില്‍ തിരച്ചില്‍ ഏറെ സമയം പിന്നിട്ടതിനു ശേഷമാണ് ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ നീന്തുകയായിരുന്ന എംഎല്‍എയെ കണ്ടെത്തിയത്. ഇതോടെയാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ ശ്വാസം നേരെ വീണത്. ഒരു പകലിനു ശേഷം വീണ്ടും 600 കിലോമീറ്ററോളം ബസ് യാത്ര നടത്താനുള്ളതിനാല്‍ ശരിക്കുമൊന്ന് നീന്തിക്കുളിച്ച് ഫ്രഷ് ആകുന്ന തിരക്കിലായിരുന്നു എംഎല്‍എ. 
 

Latest News