മധുരമുള്ള വാക്കുകള്‍ പൊള്ള; മുജാഹിദ് സമ്മേളനത്തില്‍ ശ്രീധരന്‍ പിള്ളക്ക് മറുപടി നല്‍കി ബിനോയ് വിശ്വം

കോഴിക്കോട്- താനടക്കമുള്ളവര്‍ മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തതിനെ ചിലര്‍ വിവാദമാക്കുന്നതെന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള.
ഇത് ബോധപൂര്‍വമുണ്ടാക്കുന്ന വിവാദമാണ്. മിസോറാം ഗവര്‍ണര്‍ ആയ ശേഷം മാത്രമാണ് ദൂരെ ആയതു കൊണ്ട് പല പരിപാടികളിലും പങ്കെടുക്കുവാന്‍ സാധിക്കാതെ പോയത്.
മുജാഹിദ് ഐക്യ സമ്മേളനത്തിലടക്കം പങ്കെടുക്കുവാന്‍ ഭാഗ്യം ലഭിച്ച വ്യക്തിയാണ് ഞാന്‍. വിവാദമുണ്ടാക്കുന്ന സംഘടനയുടെ നേതാവിനോട് നിങ്ങളുടെ പരിപാടിയിലടക്കം ഞാന്‍ പങ്കെടുത്തില്ലേ എന്നു ചോദിച്ചപ്പോള്‍, ഞങ്ങള്‍ക്ക് അങ്ങനയൊരു നിലപാടില്ലെന്നാണ് പറഞ്ഞത്. ഒരു വര്‍ഷം മുന്‍പ് വരെ എനിക്ക് അവര്‍ കൊടുത്തയച്ച ഈന്തപ്പഴം സന്തോഷത്തോടെ കഴിച്ച വ്യക്തിയാണ് ഞാന്‍ എന്നതാണവര്‍ മറക്കുന്നത്. എന്റെ വീടിന്റെ അടുത്താണവരുടെ ഓഫീസെന്നതിനാല്‍ ഞാന്‍ ഏറെ അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. പക്ഷേ ഇത്തരമൊരു നിലപാടെടുക്കുന്നതെന്താണെന്ന് മനസ്സിലാകുന്നില്ല. നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് ചര്‍ച്ചക്ക് പോയ മുഹമ്മദ് യൂസുഫിന് പ്രാര്‍ഥിക്കുവാന്‍ സൗകര്യം ചെയ്തു കൊടുത്തതിനെ ഇവര്‍ മറക്കുന്നതെന്താണ്. തന്നെ കാണുവാന്‍ വന്ന  ക്രിസ്ത്യാനികള്‍ക്ക് പള്ളിയില്‍ പ്രാര്‍ഥിക്കുവാന്‍ സൗകര്യം ചെയ്തു കൊടുത്ത നബിയെയാണ് എനിക്ക് ഇസ്ലാമിനെക്കുറിച്ച് വായിച്ചപ്പോള്‍ കണ്ടെത്തുവാന്‍ സാധിച്ചത്. ഒരു ബഹുമത സമൂഹത്തില്‍ ഇസ്ലാമിനെ അവതരിപ്പിക്കുമ്പോള്‍ അതില്‍ രാഷ്ട്രീയം കലര്‍ത്താതിരിക്കണമെന്നാണെനിക്കഭ്യര്‍ഥിക്കാനുള്ളത്. പരമകാരുണികന്‍  എന്ന വാക്കിന് എല്ലാ ജീവജാലങ്ങള്‍ക്കും കരുണ ചൊരിയുന്നവന്‍ എന്നാണര്‍ഥം. ഇത് നമുക്ക് വിസ്മരിക്കുവാന്‍ കഴിയുമോയെന്നും വക്കം മൗലവി മൊയ്തു മൗലവി വരെയുള്ളവരിലൂടെ  സ്വാതന്ത്ര്യ സമരത്തിലടക്കം പങ്കെടുത്തവരെ വാര്‍ത്തെടുത്ത ചരിത്രമുറങ്ങുന്ന, എപ്പോഴും നവീകരണത്തിന് തയ്യാറാകുന്ന പ്രസ്ഥാനമാണെന്നതും  മുജാഹിദ് പ്രസ്ഥാനത്തെക്കുറിച്ചാലോചിക്കുമ്പോള്‍ അഭിമാനം തോന്നുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.


എന്നാല്‍ ശേഷം സംസാരിച്ച ബിനോയ് വിശ്വം എം.പി. പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞ മധുരമുള്ള വാക്കുകള്‍ കാര്യങ്ങളെ മറച്ചുവെച്ചു കൊണ്ടുള്ള പൊള്ളയായതുകൊണ്ട് രൂക്ഷമായി വിമര്‍ശിക്കുകയാണെന്ന് പറഞ്ഞു. ആര്‍. എസ്.എസോ ബി.ജെ.പി യോ ഇതിനെ അംഗീകരിക്കുന്നില്ലെന്നും ഗുരുജി ഗോള്‍വാക്കര്‍ ഇതിനു നേരെ വിപരീതമായാണ് പറയുന്നതെന്നും പറഞ്ഞു.
പിന്നീട് സുവനീര്‍ ഏറ്റുവാങ്ങി സംസാരിച്ച മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ പി.എം. അഹമ്മദ്  ബിനോയ് വിശ്വം ജനങ്ങളെ അനാവശ്യമായി ഭയവിഹ്വലരാക്കുകയായിരുന്നുവെന്ന് പറഞ്ഞു.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മുസ്ലിംങ്ങളടക്കമുള്ളവര്‍ക്ക് ഇന്ത്യയില്‍ പ്രയാസങ്ങള്‍ കുറവാണെന്നിരിക്കെ ജനങ്ങളെ ത്തനാവശ്യമായി ഭീതിയിലാഴ്ത്തുന്നത് ശരിയല്ലെന്നും പറഞ്ഞു.
തുടര്‍ന്ന് സംസാരിച്ച കോണ്‍ഗ്രസ് വക്താവ് നിധീഷ് അരവിന്ദ് ഫാഷിസത്തിന്റെ ഭീഷണിയെ നാം ചെറുതായി കാണരുതെന്നഭ്യര്‍ഥനയാണ് ഈ പ്രൗഢ ഗംഭീരമായ സദസ്സിനോട് പറയുവാനുള്ളതെന്ന് പറഞ്ഞു.

 

Latest News