Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തീരദേശ ഹൈവേ: ഏറ്റെടുക്കുന്ന ഭൂമിയുടെ വിശദാംശങ്ങൾ ഇനിയും ലഭ്യമായില്ല

ചാവക്കാട് -തീരദേശ ഹൈവേക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ വിശദവിവരങ്ങൾ പൊതുജനങ്ങൾക്ക് ഇനിയും ലഭ്യമായില്ല. കെ.ആർ.എഫ്.ബി (കേരള റോഡ് ഫണ്ട് ബോർഡ്) പ്രോജക്ട് ഡയറക്ടറുടെ അംഗീകാരം ലഭിക്കുന്നതിനായി സ്‌കെച്ച് സമർപ്പിച്ചിട്ടുണ്ടെന്നും അംഗീകാരം ലഭിച്ചാൽ സ്‌കെച്ച് എല്ലാവർക്കും ലഭ്യമാക്കുമെന്നുമാണ് അധികൃതർ വിശദീകരണം നൽകിയിരുന്നത്. സ്‌കെച്ചിന് പ്രോജക്ട് ഡയറക്ടറുടെ അംഗീകാരം ലഭിച്ചിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നാട്ടുകാർക്കും ഹൈവേയുടെയും ഏറ്റെടുക്കുന്ന ഭൂമിയുടെയും വിശദവിവരങ്ങൾ ഔദ്യോഗിമായി ഇനിയും ലഭ്യമായിട്ടില്ല. തീരദേശ ഹൈവേയുടെ ഫൈനൽ അലൈൻമെന്റ് സ്‌കെച്ചിന് കെ.ആർ.എഫ്.ബി അംഗീകാരം നൽകി.തീരദേശ ഹൈവേ നിർമാണ പ്രവൃത്തികൾ നടത്തുന്ന മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന എൽ ആൻഡ് ടി ഇൻഫ്രാസ്ട്രക്ച്ചർ തയാറാക്കി കെ ആർ എഫ് ബി തൃശൂർ എറണാകുളം അസിസ്റ്റന്റ് എൻജിനീയർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ, എക്‌സിക്യൂട്ടീവ് എൻജിനീയർ, ടീം ലീഡർ എന്നിവർ അംഗീകരിച്ച സ്‌കെച്ച്, പ്രോജക്ട് ഡയറക്ടറുടെ കാര്യാലയത്തിൽ സമർപ്പിക്കുകയും പ്രോജക്ട് ഡയറക്ടറുടെ അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ തൃശൂർ ജില്ലയിലെ തീരദേശ മേഖല ഉൾപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായ നഗരസഭ, ഗ്രാമപഞ്ചായത്തുകളിലോ, വില്ലേജ്, താലൂക്ക് ഓഫീസുകളിലോ സ്‌കെച്ച് ഉൾപ്പെടെ തീരദേശ ഹൈവേ സംബന്ധമായ യാതൊരറിയിപ്പും ഔദ്യോഗികമായി പുറത്തു വന്നിട്ടില്ല. ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് എൻ.കെ. അക്ബർ എം.എൽ.എയുടെ അധ്യക്ഷതയിൽ ഒക്ടോബർ മാസത്തിൽ ചേർന്ന യോഗത്തിൽ  തീരദേശ ഹൈവേ നിർമാണത്തിന്റെ വിശദമായ സ്‌കെച്ച് ഒരാഴ്ചക്കകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകണമെന്ന് നിർദേശം നൽകിയിരുന്നു.നിർമാണ സ്ഥലത്ത്  പഞ്ചായത്തുകൾക്ക് പദ്ധതി നടപ്പാക്കേണ്ടതും ജനങ്ങൾക്ക് വീടു നിർമാണ പ്രവൃത്തികളും ഉൾപ്പെടുന്നതിനാലുമാണ് അലെയ്‌മെന്റ് എത്രയും പെട്ടെന്ന് നൽകണമെന്നും എം.എൽ.എ ആവശ്യപ്പെട്ടത്. ദേശീയ പാതയിലെ തിരക്ക് ഒഴിവാക്കുകയും പ്രധാന തുറമുഖങ്ങളെയും മത്സ്യബന്ധന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് തീരദേശ മേഖലയുടെ വികസനവും ടൂറിസം സാധ്യതകൾ വർധിപ്പിക്കുകയും ചരക്ക് ഗതാഗതം സുഗമമാക്കുകയുമാണ് തീരദേശ ഹൈവേയുടെ ലക്ഷ്യം. വാഹന ഗതാഗതത്തിനു ഏഴു മീറ്ററിൽ രണ്ടു വരിപ്പാതയും ഒന്നര മീറ്ററിൽ സൈക്കിൾ ട്രാക്കും ഇരു വശങ്ങളിലുമായി നടപ്പാതയും ഉൾപ്പെടുത്തി 14 മുതൽ 15.6  മീറ്റർ വീതിയിൽ  അന്താരാഷ്ട്ര നിലവാരത്തിലാണ് ഹൈവേ നിർമാണം. തിരുവനന്തപുരം പൂവാർ മുതൽ കാസർകോട് കർണാടക അതിർത്തിയായ തലപ്പാട് വരെ 623 കിലോമീറ്ററാണ് തീരദേശ ഹൈവേ. തൃശൂർ ജില്ലയിൽ ഹൈവേ 59.9 കിലോമീറ്ററും മലപ്പുറം 69.7 കിലോ മീറ്ററുമായിരിക്കും. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും റോഡ് നിർമാണം. ബിറ്റുമിനോടൊപ്പം പ്ലാസ്റ്റിക്, റബർ, കയർ ഭൂവസ്ത്രം, കോൺക്രീറ്റ് തുടങ്ങിയവ ഉപയോഗിക്കും. മൽസ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ ഫ്‌ളൈഓവർ നിർമിക്കും. ഇതിനിടെ മലപ്പുറം ജില്ലയിൽ തീരദേശ ഹൈവേയുടെ പണികൾ ആരംഭിച്ചു കഴിഞ്ഞു.താനൂരിനടുത്ത് പടിഞ്ഞാറേക്കര,ഉണ്ണിയാൽ, മൊയ്തീൻ പള്ളി, കെട്ടുങ്ങൽ സെക്ഷനുകളിലായി രണ്ടു ഭാഗങ്ങളായാണ് നിർമാണം നടക്കുന്നത്. 
ചാവക്കാട് തീരമേഖലയിൽ വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്കോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ ഇതുവരെയും ഔദ്യോഗികമായ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. ചിലയിടങ്ങളിൽ വർക്ക് ഓർഡർ നൽകി. മറ്റിടങ്ങളിൽ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാൻ സമയമെടുക്കും. കുടിയിറക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. തീരദേശ വികസന കോർപറേഷനാണ് പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്നത്. 6500 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. ഭാരത്മാല പദ്ധതിയിൽ 120 കിലോമീറ്റർ ഉൾപ്പെടുത്തിയിട്ടുണ്ട്. തീരദേശ ഹൈവേ സ്ഥലമെടുപ്പിന് അതിർത്തികൾ നിശ്ചയിക്കാൻ ഇനി ഉപയോഗിക്കുന്നത് മഞ്ഞക്കല്ലുകൾക്ക് പകരം പിങ്ക് കല്ലുകളായിരിക്കും. തീരദേശ നിയമപ്രകാരം അതിർത്തി നിർണയിക്കുന്നതിന് മഞ്ഞക്കല്ലുകൾ ഉപയോഗിച്ചിരുന്നെന്നും അതിനാൽ ആശയക്കുഴപ്പം തീർക്കാനാണ് തീരദേശ ഹൈവേ പദ്ധതിക്ക് പിങ്ക് കല്ലുകൾ സ്ഥാപിക്കാൻ തീരുമാനിച്ചതെന്നുമാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം.
 

Latest News