ഏകദേശം ഒരു വർഷമായി തുടരുന്ന റഷ്യയുടെ ഉക്രൈൻ അധിനിവേശവും ചൈനയുടെ തായ്‌വാൻ അധിനിവേശ സ്വപ്‌നവും ഉത്തര കൊറിയയുടെ അസഹിഷ്ണുതയുമെല്ലാം ചേർന്ന് അശാന്തിയുടെ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും ജനങ്ങൾക്ക് തീരാത്ത ദുരിതമായി മാറിയ യുദ്ധങ്ങൾ അനേക വർഷങ്ങൾ നീണ്ടു. ഇതിനൊരുങ്ങി പുറപ്പെട്ടവർ ലക്ഷ്യം നേടിയോ എന്ന ചോദ്യത്തിന് ഉത്തരമില്ല. അങ്ങനെ ഇരിക്കവേയാണ് ഈ വർഷം ഫെബ്രുവരി 24 ന് റഷ്യ ഉക്രൈൻ അധിനിവേശം തുടങ്ങുന്നത്. ഒരു വർഷമാകാൻ ഏതാനും ആഴ്ചകളേയുള്ളൂ. ഇനിയൊരു യുദ്ധം വേണ്ടെന്ന ലോക രാജ്യങ്ങളുടെ അഭ്യർത്ഥനകൾക്ക് ചെവി കൊടുക്കാതെയാണ് റഷ്യ ഇറങ്ങിപ്പുറപ്പെട്ടത്. ഇരുപക്ഷത്തുമായി ഓരോ ലക്ഷം സൈനികർക്ക് ജീവഹാനി സംഭവിക്കുകയോ പരിക്കേൽക്കുകയോ ചെയതിട്ടുണ്ടെന്നാണ് അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ കണക്കാക്കുന്നത്. അര ലക്ഷത്തോളം സാധാരണക്കാരും മരിച്ചു. എല്ലാ യുദ്ധങ്ങളിലുമെന്ന പോലെ ശതകോടികളുടെ സ്വത്തും നശിപ്പിക്കപ്പെട്ടു. ലക്ഷക്കണക്കിനാളുകൾ ഉക്രൈനിൽ നിന്ന് അഭയാർഥികളായി അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയുമുണ്ടായി.
ലോകത്ത് പ്രതിരോധ മേഖലയിൽ ഭീമമായ തുക ചെലവഴിക്കുന്ന രാജ്യങ്ങളിലൊന്നാണ് റഷ്യ. റഷ്യൻ പട്ടാളം ഉക്രൈനെ രണ്ടു ഭാഗത്തുമായി വളഞ്ഞപ്പോൾ തന്നെ ലോക ജനത അതിന്റെ ഫലമറിഞ്ഞിരുന്നു. ഓഹരി വിപണികളിലായിരുന്നു ആദ്യ പ്രതികരണം. സ്വർണം, ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതും അത്ര നല്ല സൂചനയല്ല. യൂഗോസ്ലോവ്യയുടെ തകർച്ചയ്ക്ക് ശേഷം സമാധാനപരമായി കഴിഞ്ഞു വരുന്ന ജനതയ്ക്ക് മേലാണ് യുദ്ധം അടിച്ചേൽപിക്കാൻ നോക്കുന്നത്.
ഉക്രൈൻ - റഷ്യ യുദ്ധം മാറ്റങ്ങളില്ലാതെ തുടരുന്നതാണ് 2022 ൽ കാണാനായത്. ഉക്രൈൻ യുദ്ധത്തെ തുടർന്ന് അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ പിന്തുണയ്ക്കുമെന്നും ലോകം മറ്റൊരു വലിയ യുദ്ധത്തിലേക്ക് പോകുമെന്നും ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലൊന്നും പോയ വർഷം സംഭവിച്ചില്ല.
ആഘോഷ വേളകളിൽ പോലും ഇടവേളയില്ലാതെ റഷ്യ തീഗോളങ്ങൾ വർഷിക്കുകയാണ്. ക്രിസ്മസിനോടനുബന്ധിച്ച് കനത്ത ആക്രമണത്തിന് നിയന്ത്രണം വരുത്തണമെന്ന ഉക്രൈന്റെ സമവായ നീക്കത്തെ പുട്ടിൻ തള്ളിയിരുന്നു. അതു കഴിഞ്ഞും റഷ്യയുടെ മിസൈലുകൾ ഉക്രൈനിലെ നഗരങ്ങളിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി കുതിക്കുകയാണ്. ഒരു വശത്ത് യുദ്ധക്കൊതി മൂത്ത പുട്ടിനായതിനാൽ ഇതെന്ന് തീരുമെന്ന് ആർക്കും തീർത്തു പറയാനാവില്ല.
ഉക്രൈൻ പ്രസിഡന്റ് സെലെൻസ്‌കി പിന്നിട്ട വാരത്തിൽ അമേരിക്കയിലെത്തി പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉക്രൈനെ റഷ്യ ആക്രമിച്ചതിന് ശേഷം സെലെൻസ്‌കി നടത്തുന്ന ആദ്യ വിദേശ യാത്രയായിരുന്നു ഇത്. സന്ദർശനത്തിനിടെ അമേരിക്ക ഉക്രൈന് കൂടുതൽ സാമ്പത്തിക സഹായ പാക്കേജുകൾ പ്രഖ്യാപിക്കുകയും ചെയ്തു. ഇത് പുട്ടിനെ പ്രകോപിക്കുകമെന്നതിൽ സംശയമില്ല.
ഉക്രൈനിൽ അതിക്രമിച്ചു കടന്ന റഷ്യ യുദ്ധ ചട്ടങ്ങളുടെ പരസ്യമായ ലംഘനമാണ് നടത്തുന്നത്. 1949 ലെ ജനീവ കരാറിൽ ഒപ്പുവെച്ച രാജ്യങ്ങളാണ് റഷ്യയും ഉക്രൈനും. ഇപ്പോൾ സാധാരണക്കാരും രോഗികളും വരെ ഷെല്ലാക്രമണത്തിനിരയാവുന്നു. ഉക്രൈനിലെ ജനവാസ കേന്ദ്രങ്ങളിൽ റഷ്യയുടെ ബോംബാക്രമണങ്ങൾ ആവർത്തിക്കപ്പെടുന്നു. ആശുപത്രികളും താമസ കേന്ദ്രങ്ങളും ആക്രമിക്കപ്പെടുന്നു.
ഒന്നാം ലോക മഹായുദ്ധ ശേഷം ഇനിയൊരു യുദ്ധം വേണ്ടെന്ന ധാരണയിലാണ് ലോക രാജ്യങ്ങൾ ലീഗ് ഓഫ് നാഷൻസിന് 1920 ജനുവരി 10 ന് ജനീവയിൽ രൂപം നൽകിയത്. എന്നിട്ടും ഏതാനും ദശകങ്ങൾക്കിപ്പുറം രണ്ടാം ലോക മഹായുദ്ധമുണ്ടായി. അതു കഴിഞ്ഞ് ലോകജനത ഇനിയൊരിക്കലും യുദ്ധക്കെടുതി അനുഭവിക്കാനിട വരരരുതെന്ന് കരുതിയാണ് 1945 ഒക്ടോബർ 24 ന് സാൻഫ്രാൻസിസ്‌കോയിൽ യോഗം ചേർന്ന് ഐക്യരാഷ്ട്ര സഭയുണ്ടാക്കിയത്. ഇതിന്റെ ഏറ്റവും പ്രധാന ന്യൂനത വൻശക്തികളുടെ വീറ്റോ പവറാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ യു.എൻ രക്ഷാസമിതി അടിയന്തര യോഗം ചേർന്ന് പ്രമേയം പാസാക്കിയാൽ ഉക്രൈന് മേൽ അടിച്ചേൽപിച്ച യുദ്ധം അവസാനിക്കേണ്ടതായിരുന്നു.
ഇതിന് പുറമേയാണ് ചൈനയുണ്ടാക്കുന്ന പൊല്ലാപ്പുകൾ. രാജ്യം കോവിഡ് ഭീതിയിലാണെങ്കിലും അധിനിവേശ മോഹങ്ങൾക്ക് ഒട്ടും കുറവില്ല. ഇന്ത്യയുടെ അരുണാചൽ പ്രദേശ് അതിർത്തിയിലാണ് ആദ്യം ചൊറിയാനെത്തിയത്. ഇപ്പോഴിതാ തായ്‌വാനെ പ്രകോപിപ്പിക്കുന്നു. രാജ്യത്തിന് ചുറ്റും ചൈന 71 യുദ്ധ വിമാനങ്ങളും ഏഴ് യുദ്ധക്കപ്പലുകളും നിരത്തിയെന്നാണ് തായ്വാൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചത്. യുഎസ് വാർഷിക പ്രതിരോധ ബില്ലിൽ തായ്വാന് പ്രാധാന്യം നൽകിയതിൽ പ്രതിഷേധിച്ചാണ് ചൈനയുടെ നടപടി. ചൈനീസ് വിമാനങ്ങൾ തായ്വാൻ സമുദ്രാതിർത്തി മറികടന്നതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച പാസാക്കിയ യുഎസ് വാർഷിക പ്രതിരോധ ചെലവ് ബില്ലിൽ തായ്വാനുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലുള്ള അമർഷത്തിന്റെ ഭാഗമായാണ് ചൈനയുടെ സൈനിക നീക്കം. തായ്വാൻ സ്വയംഭരണ പ്രദേശമെന്ന് അവകാശപ്പെടുമ്പോഴും തങ്ങളുടെ അധീനതയിലുള്ള പ്രദേശമാണ് തായ്വാനാനെന്നാണ് ചൈനയുടെ വാദം.
തായ്‌വാൻ സംഘർഷത്തിനൊരാമുഖം കൂടിയുണ്ട്. യുഎസ് ഹൗസ് സ്പീക്കർ നാൻസി പലോസിയുടെ തായ്‌വാൻ സന്ദർശനത്തെ തുടർന്നാണ് ചൈന - അമേരിക്ക ബന്ധം വഷളായിത്തുടങ്ങിയതും.
ഇതിനൊക്കെ പുറമേയാണ് ദക്ഷിണ കൊറിയ, അമേരിക്ക, ജപ്പാൻ എന്നീ രാജ്യങ്ങളുടെ ഉറക്കം കെടുത്തുന്ന പരിപാടിയുമായി കിമ്മിന്റെ വടക്കൻ കൊറിയയുടെ കലാപരിപാടികൾ. ഉത്തര കൊറിയ അതിർത്തി മറികടന്ന് ഡ്രോൺ നിരീക്ഷണം നടത്തിയതായി ദക്ഷിണ കൊറിയ ആരോപിച്ചതായി ബ്ലൂംബർഗ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.
ഇരുരാജ്യങ്ങളും സോന വിന്യാസവും നിരീക്ഷണവും ശക്തമാക്കിയതോടെ കൊറിയൻ അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുകയാണ്. ഉത്തര കൊറിയയുടെ അഞ്ച് ഡ്രോണുകൾ അതിർത്തി കടന്നെന്നാണ് ദക്ഷിണ കൊറിയയുടെ ആരോപണം. വെടിവെച്ച് ഡ്രോണുകളെ തുരത്തിയതായും ദക്ഷിണ കൊറിയ അറിയിച്ചു.
ഡ്രോണുകൾ അതിർത്തി മറികടന്നത് വ്യക്തമായ പ്രകോപനമായാണ് ദക്ഷിണ കൊറിയ കാണുന്നത്. പ്രകോപനം ആവർത്തിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ദക്ഷിണ കൊറിയൻ സൈനിക മേധാവി പറഞ്ഞു. ദക്ഷിണ കൊറിയൻ-യുഎസ് സംയുക്ത സൈനിക അഭ്യാസങ്ങളോടുള്ള പ്രതികരണമാണ് ഉത്തര കൊറിയയുടെ പ്രകോപനമെന്നാണ് വിലയിരുത്തപ്പെടുന്നത്. അഞ്ച് വർഷത്തിനിടെ ആദ്യമായാണ് ഉത്തര കൊറിയൻ ഡ്രോണുകൾ അതിർത്തി കടക്കുന്നത്. ദക്ഷിണ കൊറിയയുടെ ഫുട്‌ബോൾ കളി കണ്ടതിന് സ്വന്തം രാജ്യത്തെ യുവാക്കൾക്ക് നേരെ നടപടിയെടുത്ത രാജ്യമാണല്ലോ വടക്കൻ കൊറിയ.
ഈ വർഷം ക്രിസ്മസിന് വത്തിക്കാനിലിരുന്ന് മാർപാപ്പ നൽകിയ സന്ദേശം ലോക സമാധാനം നിലനിർത്താൻ ഉക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്നതാണ്. ഞങ്ങളല്ല, സെെലൻസ്‌കിയാണ് സമാധാന ശ്രമങ്ങൾക്ക് എതിരെന്ന് പറഞ്ഞ പുട്ടിൻ അടുത്ത ദിവസങ്ങളിൽ ചെയ്തതെന്താണെന്ന് ലോകജനത കണ്ടു. കീവിലും ഖെർസണിലും ക്രിസ്മസ് - ന്യൂ ഇയർ ഷോപ്പിംഗിനിറങ്ങിയ സാധാരണക്കാരെ കരുണ ലേശവുമില്ലാതെ കൊന്നൊടുക്കി. ജനവാസ കേന്ദ്രങ്ങളിൽ വീടുകളിലെ സ്വീകരണ മുറികൾ വരെ തകർക്കുകയും ചെയ്തു.
ഏകദേശം ഒരു വർഷമായി തുടരുന്ന റഷ്യയുടെ ഉക്രൈൻ അധിനിവേശവും ചൈനയുടെ തായ്‌വാൻ അധിനിവേശ സ്വപ്‌നവും ഉത്തര കൊറിയയുടെ അസഹിഷ്ണുതയുമെല്ലാം ചേർന്ന് അശാന്തിയുടെ സാഹചര്യമാണ് ലോകത്ത് സൃഷ്ടിച്ചിരിക്കുന്നത്.






