ഇന്ത്യയിൽ 2023 അവസാനത്തോടെ പുതിയ സ്മാർട്ട് ഫോണുകളെല്ലാം ഫൈവ് ജി ആയിരിക്കുമെന്ന് ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ (ഐസിഇഎ) ചെയർമാൻ പങ്കജ് മൊഹിന്ദ്രു. രാജ്യത്ത്
50 ലധികം നഗരങ്ങളിൽ പുതിയ സാങ്കേതികവിദ്യ ലഭ്യമാകുന്ന സാഹചര്യത്തിലാണിത്. 2023 അവസാനത്തോടെ പുതിയ സ്മാർട്ട്ഫോണുകളുടെ 75-80 ശതമാനവും ഫൈവ് ജി ആയിരിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ഒക്ടോബർ ഒന്നിനാണ് 5 ജി സേവനങ്ങൾ ഉദ്ഘാടനം ചെയ്തത്. തിരഞ്ഞെടുത്ത നഗരങ്ങളിൽ ടെലികോം സേവനദാതാക്കളെല്ലാം 5 ജി സേവനം ആരംഭിച്ചിട്ടുണ്ട്. 2023 അവസാനമോ 2024 ആദ്യമോ രാജ്യത്തെ മുഴുവൻ നഗരങ്ങളിലേക്കും 5 ജി വ്യാപിപ്പിക്കാനാണ് പദ്ധതിയിടുന്നത്. 5 ജി സേവനം ആദ്യം തന്നെ നടപ്പിലാക്കിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പുതിയ തലമുറ ടെലികോം ഉപകരണ നിർമ്മാതാക്കൾ, ആപ്ലിക്കേഷൻ ദാതാക്കൾ, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, മെഷീൻ2മെഷീൻ തുടങ്ങിയവക്ക് 5ജി വലിയ അവസരമാണ് തുറന്നിരിക്കുന്നത്. ആരോഗ്യ സേവനങ്ങൾക്കും വലിയ സാധ്യതകളാണ് തുറക്കപ്പെടുന്നതെന്ന് മൊഹീന്ദ്രു പറഞ്ഞു.
5 ജി ഫോണുകളുടെ നിർമാണത്തിന് മൊബൈൽ ഡിവൈസ് ഇക്കോസിസ്റ്റം തുടക്കമിട്ടിരുന്നു. 5 ജി സേവനങ്ങൾ ആരംഭിക്കുന്നതിന് മുമ്പുതന്നെ ഏകദേശം 80-100 ദശലക്ഷം 5 ജിക്ക് അനുയോജ്യമായ ഫോണുകൾ വിപണിയിലുണ്ടായിരുന്നു.
2028 അവസാനത്തോടെ ഇന്ത്യയിലെ മൊബൈൽ വരിക്കാരുടെ 53 ശതമാനവും 5 ജി ആയിരിക്കുമെന്നാണ് എറിക്സൺ മൊബിലിറ്റി റിപ്പോർട്ട്. 2022 അവസാനത്തോടെ ഇന്ത്യയിലെ 5ജി വരിക്കാർ ഏകദേശം 31 ദശലക്ഷത്തിലെത്തുമെന്നും കരുതുന്നു.
2020ൽ ഇന്ത്യൻ സെമി കണ്ടക്ടർ വിപണി 15 ബില്യൺ ഡോളറാണെന്നും 2023ഓടെ 63 ബില്യൺ ഡോളറിലെത്തുമെന്നും മൊഹീന്ദ്രു പറഞ്ഞു.
ഇന്ത്യയിലെ സെമി കണ്ടക്ടർ വികസനത്തിനായി പദ്ധതി ചെലവിന്റെ 50 ശതമാനം ധനസഹായം വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ മേഖലയിലെ തൊഴിലാളികളുടെ വൈദഗ്ധ്യം ഉറപ്പാക്കുകയാണ് അടുത്ത ലക്ഷ്യം.






