ന്യൂദല്‍ഹി-ചൈന, ഹോങ്കോങ്, ജപ്പാന്‍, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ ജനുവരി ഒന്നു മുതല്‍ നെഗറ്റീവ് കോവിഡ് റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. യാത്ര പുറപ്പെടുന്നതിന് മുമ്പ് എയര്‍ സുവിധ പോര്‍ട്ടലില്‍ ആര്‍ ടി-പിസിആര്‍ ടെസ്റ്റുകളില്‍ നിന്നുള്ള നെഗറ്റീവ് കോവിഡ് റിപ്പോര്‍ട്ട് അപ്‌ലോഡ് ചെയ്യണം.
ഇന്ത്യയിലേക്കുള്ള യാത്ര തുടങ്ങുന്നതി് 72 മണിക്കൂറിനുള്ളില്‍ ടെസ്റ്റുകള്‍ നടത്തണമെന്നും മന്ത്രി മാണ്ഡവ്യ പറഞ്ഞു.
പുറപ്പെടുന്ന എയര്‍പോര്‍ട്ട് പരിഗണിക്കാതെ അന്താരാഷ്ട്ര വിമാനങ്ങളിലെ എല്ലാ അന്താരാഷ്ട്ര യാത്രക്കാരുടെയും റാന്‍ഡം രണ്ട് ശതമാനം ടെസ്റ്റുകള്‍ക്ക് പുറമേയാണ് ആറ് രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ചില രാജ്യങ്ങളില്‍ കൊറോണ വൈറസ് കേസുകള്‍ വര്‍ച്ചിരിക്കെ, സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്. ഏതു സാഹചര്യവും നേരിടുന്നതിന് തയാറെടുക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെടുകയും ചെയ്തു.
ഇന്ത്യയില്‍ വ്യാഴാഴ്ച 268 പുതിയ കൊറോണ വൈറസ് കേസുകള്‍ രേഖപ്പെടുത്തി. അതേസമയം സജീവ കേസുകള്‍ 3,552 ആയി ഉയര്‍ന്നതായും
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.11 ശതമാനമായും പ്രതിവാര പോസിറ്റിവിറ്റി 0.17 ശതമാനമായും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.