Sorry, you need to enable JavaScript to visit this website.

വിമാനയാത്ര കോവിഡിന് മുമ്പുള്ള നിലയിലേക്ക്; ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാനാകില്ലെന്ന് വ്യോമയാന മന്ത്രി

- സീസണുകളിലെ ടിക്കറ്റ് നിരക്ക് സ്വാഭാവികം, മാർക്കറ്റ് അറിഞ്ഞ് കളിക്കണമെന്നും എയർ സേഫ്റ്റിയിൽ രാജ്യത്തിന് വൻ നേട്ടമുണ്ടായെന്നും ഇന്ത്യയെ അന്താരാഷ്ട്ര വ്യോമയാന ഹബ്ബാക്കി മാറ്റുമെന്നും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.

ന്യൂദൽഹി - രാജ്യത്തെ വിമാന നിരക്ക് നിയന്ത്രിക്കാൻ സർക്കാരിന് ഉദ്ദേശമില്ലെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. സീസണുകളിലെ ടിക്കറ്റ് നിരക്ക് വർധന സ്വാഭാവികമെന്ന് പറഞ്ഞ മന്ത്രി വിപണി മനസ്സിലാക്കി സ്വയം കളിക്കണമെന്നും നിർദേശിച്ചു.
 വിമാനക്കമ്പനികളുടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും എയർലൈനുകൾ തമ്മിലുള്ള മത്സരവും ഓർമിപ്പിച്ച മന്ത്രി യാത്രക്കാർ വിപണി അറിഞ്ഞ് ഇടപെട്ടാൽ കൂടുതൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാകുമെന്നും മാധ്യമങ്ങളോട് പറഞ്ഞു. 
 ഇന്ത്യയിൽ വ്യോമയാനം വളരുകയാണ്. യാത്രക്കാരുടെയും വിമാന സർവീസുകളുടെയും വിമാനത്താവളങ്ങളുടെയും എണ്ണത്തിൽ ഇത് പ്രകടമാണ്. യാത്രക്കാരുടെ എണ്ണത്തിൽ 4.3 ദശലക്ഷം കടന്ന് ഡിസംബർ 24ന് ഇന്ത്യ റെക്കോർഡ് നേട്ടം കൈവരിച്ചതായും മന്ത്രി വ്യക്തമാക്കി.
 ഇന്ത്യയുടെ എയർ ട്രാഫിക് കോവിഡിന് മുമ്പുള്ള നിലയിലേക്ക് മടങ്ങുന്നതിന്റെ സൂചനയാണിത്. നവംബർ 27ന് ആഭ്യന്തര വിമാനക്കമ്പനികൾ 2,739 വിമാനങ്ങളിലായി 4,09,831 യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചു. കൊറോണ വൈറസ് വ്യാപനത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന അഭ്യന്തര യാത്രക്കാരുടെ എണ്ണം കൂടിയാണിത്.
 കോവിഡ് വ്യാപനത്തിന് തൊട്ടുമുമ്പുള്ള 2019-നെ അപേക്ഷിച്ച് ഈ വർഷം 15 ശതമാനം വളർച്ചയാണുണ്ടായത്. ആളുകളുടെ യാത്ര ചെയ്യാനുള്ള ആഗ്രഹം വർധിച്ചതും വിമാനത്താവളങ്ങൾ, വിമാന സർവീസുകൾ എന്നിവയിലുണ്ടായ എണ്ണക്കൂടുതലും സൗകര്യങ്ങളുമെല്ലാം ഈ വളർച്ചയ്ക്കു പിന്നിലെ ഘടകങ്ങളാണ്. 2013-14ൽ രാജ്യത്ത് 74 വിമാനത്താവളങ്ങളാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് 146 ആയി ഉയർന്നു. അടുത്ത നാല്-അഞ്ചു വർഷത്തിനകം ഇത് 200 കടക്കുമെന്നാണ് പ്രതീക്ഷ. മേഖലയിലെ കടുത്ത പ്രതിസന്ധികൾക്കിടയിലും 'ആകാസ് എയർ' കൊണ്ടുവരാനായതും വലിയ നേട്ടമാണ്. എയർ സേഫ്റ്റി റാങ്കിംഗിൽ ഇന്ത്യയുടെ പുരോഗതി 102ൽ നിന്ന് 48ലേക്ക് ഉയർത്താനായി. ഇന്ത്യയെ ഒരു അന്താരാഷ്ട്ര ഫ്‌ളൈറ്റ് ഹബ്ബാക്കി മാറ്റാനുള്ള ശ്രമത്തിലാണെന്നും മന്ത്രി വിശദീകരിച്ചു. 
 ഈ വളർച്ച വമ്പിച്ച ആവശ്യങ്ങളും കൊണ്ടുവരുന്നു. ആറ് മെട്രോ നഗരങ്ങളിലെ പഴയതും പുതിയതുമായ വിമാനത്താവളങ്ങളുടെ ശേഷി 192 ദശലക്ഷത്തിൽ നിന്ന് അടുത്ത നാലഞ്ചു വർഷത്തിനകം പ്രതിവർഷം 420 ദശലക്ഷമായി ഉയരും. 
 കൂടുതൽ മികച്ച ഫ്‌ളൈറ്റ് ഷെഡ്യൂളുകൾ ക്രമീകരിക്കുന്നതോടൊപ്പം സെക്യൂരിറ്റി ചെക്കുകൾ കൈകാര്യം ചെയ്യാനുള്ള ശേഷി വർധിപ്പിക്കുകയും ചെയ്താലേ ഡൽഹി പോലുള്ള ചില വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാൻ സാധിക്കൂവെന്നും അദ്ദേഹം ചോദ്യങ്ങളോടായി പ്രതികരിച്ചു. ദൽഹിയിൽ ഒരു മാസത്തിനകം സെക്യൂരിറ്റി ചെക്ക് ക്യൂകളുടെ എണ്ണം 13-ൽ നിന്ന് 21 ആയി ഉയർന്നു. ഇത് വൈകാതെ മുംബൈ, ബെംഗളൂർ എയർപോർട്ടുകളിലും നടപ്പാക്കാനുള്ള ആലോചനയിലാണ്.
 എയർലൈൻ ബിസിനസ്സിൽ എയർ ഇന്ത്യയും ഇൻഡിഗോയും ഒഴികെയുള്ളവയെല്ലാം പണമൊഴുക്കിൽ ബുദ്ധിമുട്ടുകയാണ്. എയർ ടർബൈൻ ഫ്യൂവലിന് (എ.ടി.എഫ്) സംസ്ഥാനങ്ങൾ ചുമത്തുന്ന നികുതി കുറയ്ക്കുകയാണ് ഇതിനുള്ള ഒരു പരിഹാരം. എയർലൈനുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ചെലവിന്റെ പകുതിയോളം ഇന്ധനമാണെന്നിരിക്കെ, അതിന്മേലുള്ള അധിക ബാധ്യതകൾ യാത്രയ്ക്കാർക്ക് ടിക്കറ്റ് നിരക്കിലും പ്രതിഫലിക്കും.
 എ.ടി.എഫിനെ ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരുന്നതിനെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. സമയം എടുക്കുമെങ്കിലും ഒരു ആലോചനയാണ്. സംസ്ഥാനങ്ങൾ വാറ്റ് വെട്ടിക്കുറച്ചതിലൂടെ ഇതിനകം ഒരുപാട് നേട്ടങ്ങൾ കൈവരിക്കാനായിട്ടുണ്ട്. മൂല്യവർധിത നികുതി കുറച്ച് ശ്രീനഗർ വിമാനത്താവളത്തെ ഇഷ്ടപ്പെട്ട ഇന്ധനം നിറയ്ക്കുന്ന സ്ഥലമാക്കി മാറ്റിയതിലൂടെ ഇന്ധനം നിറയ്ക്കുന്നത് 360 ശതമാനം വർധിപ്പിക്കാനായെന്നും വ്യോമയാന മന്ത്രി ചൂണ്ടിക്കാട്ടി.
 വിമാന ടിക്കറ്റ് നിരക്ക് വർധനയെ ന്യായീകരിച്ച് മന്ത്രി ഈയിടെ രാജ്യസഭയിൽ മറുപടി നൽകിയിരുന്നു. വ്യോമയാന മേഖല പ്രവർത്തിക്കുന്നത് സീസൺ അനുസരിച്ചാണെന്നും ഉത്സവക്കാലത്ത് വിമാന നിരക്ക് കൂടുക സ്വാഭാവികമാണെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. കോവിഡ് കാലത്ത് വലിയ നഷ്ടം സഹിച്ച മേഖലയാണിതെന്നു പറഞ്ഞ മന്ത്രി, യാത്രകൾക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്താൽ കുറഞ്ഞ നിരക്കിൽ വിമാനയാത്ര സാധ്യമാകുമെന്നും നിർദേശിച്ചു. അവധിക്കാലത്തെയും ആഘോഷനാളുകളിലെയും യാത്രക്കാരുടെ തിരക്ക് മുൻകൂട്ടി കണ്ടാണ് വിമാനക്കമ്പനികൾ യാത്രക്കാരെ സ്ഥിരമായി പിഴിയാറുള്ളത്.

Latest News