ക്യൂബയില്‍ യാത്രാവിമാനം തര്‍ന്ന് നൂറിലേറെ മരണം 

ഹവാന- ക്യൂബയില്‍ 104 യാത്രക്കാരും ഒമ്പത് ജീവനക്കാരും കയറിയ വിമാനം പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നു. നൂറിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മരണസംഖ്യ ഔദ്യോഗികമായ സ്ഥിരീകരിച്ചിട്ടില്ല. രക്ഷപ്പെട്ട മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെ ജോസ് മാര്‍ട്ടി എയര്‍പോര്‍ട്ടിനു സമീപം പാടത്താണ് വിമാനം തകര്‍ന്നു വീണത്. തീ ഗോളമായി മാറിയ വിമാനം പൂര്‍ണമായും കത്തി നശിച്ചു.
ക്യൂബന്‍ ഔദ്യോഗിക വിമാന കമ്പനിയായ ക്യുബാന ഡി ഏവിയേഷന്റെ ബോയിംഗ് 737 വിമാനമാണ് ടേക്ക് ഓഫ് ചെയ്ത ശേഷം ദുരന്തത്തില്‍ പെട്ടത്. 
ധാരാളം ആളപായമുണ്ടെന്നാണ് സംഭവസ്ഥലം സന്ദര്‍ശിച്ച ക്യൂബന്‍ പ്രസിഡന്റ് മിഗുവേല്‍ ഡയസ് കാനെല്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞത്. യാത്രക്കാര്‍ക്ക് പുറമെ ഒമ്പത് വിമാന ജോലിക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. 
ഹവാനയില്‍നിന്ന് 670 കി.മീ അകലെയുള്ള കിഴക്കന്‍ പട്ടണമായ ഹോള്‍ഗുയിനിലേക്കുള്ള വിമാനം പ്രാദേശിക സമയം ഉച്ചക്ക് 12.08 നാണ് പറന്നുയര്‍ന്നത്. വിദേശ ജോലിക്കാരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് അറിയിച്ച സ്‌റ്റേറ്റ് ടെലിവിഷന്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല.  
 
 

Latest News