തൃശൂര്‍- പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ലൈംഗീകാതിക്രമം നടത്തിയ വൈദീകനെ ഏഴ് വര്‍ഷം കഠിന തടവിനും അര ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ആമ്പല്ലൂര്‍ രാജു കൊക്കനെ(49) ആണ് തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഏഴ് വര്‍ഷം കഠിന തടവിനും 50000 രൂപ പിഴയടക്കുന്നതിനുമാണ് ശിക്ഷ. പിഴയടക്കാത്ത പക്ഷം അഞ്ച് മാസം കൂടി അനുഭവിക്കേണ്ടിവരും. പിഴ തുക അതിജീവിതക്ക് നല്‍കണമെന്ന് വിധിന്യായത്തില്‍ പരാമര്‍ശമുണ്ട്.
2014 ലാണ് കേസിനാസ്പദമായ സംഭവം. ഇടവകയിലെ ആദ്യകുര്‍ബാന ക്ലാസിലെത്തിയ ബാലികയെ വിളിച്ചു വരുത്തി ലൈംഗിക അതിക്രമം നടത്തി എന്നാണ് ആരോപണം. കുര്‍ബാന ക്ലാസ്സിലെ കുട്ടികളും അദ്ധ്യാപകരും പുരോഹിതരും കേസ്സില്‍ സാക്ഷികളായിരുന്നു. മൊബൈല്‍ ഫോണ്‍ വഴി എടുത്ത ഫോട്ടോകള്‍ കേസില്‍ നിര്‍ണ്ണായകമായ തെളിവുകളായി പരിഗണിച്ചാണ് കേസ് തീര്‍പ്പാക്കിയത്. സമൂഹത്തില്‍ ആദരവര്‍ഹിക്കുന്ന മാതൃകാപരമായി പ്രവര്‍ത്തിക്കേണ്ട ഒരു ആരാധനാലയത്തിലെ പുരോഹിതനില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തിയാണെന്ന് വിലയിരുത്തിയ കോടതി പ്രതി അക്കാരണത്താല്‍ തന്നെ പരിഗണന അര്‍ഹിക്കുന്നില്ലെന്ന് വ്യക്തമാക്കി. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് 18 സാക്ഷികളെയും 24 രേഖകളും ഒന്‍പത് തൊണ്ടിമുതലുകളും ഹാജരാക്കിയാണ് വിചാരണ പൂര്‍ത്തിയാക്കിയത്. ഒല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍മാരായ എസ്.പി. സുധീരന്‍ , എന്‍.കെ. സുരേന്ദ്രന്‍, എ. ഉമേഷ് എന്നിവര്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ. പി. അജയ് കുമാര്‍ ഹാജരായി
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






