Sorry, you need to enable JavaScript to visit this website.

ഇ പി ജയരാജന്‍ വിഷയം പി.ബിയില്‍ ചര്‍ച്ചയായില്ല, വിവാദം പരിഹരിക്കാനുള്ള ശേഷി കേരള ഘടകത്തിനുണ്ടെന്ന് സീതാറാം യെച്ചൂരി

ന്യൂദല്‍ഹി : ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണം പൊളിറ്റ് ബ്യൂറോയില്‍ ചര്‍ച്ചയായില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയം സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നും യെച്ചൂരി പറഞ്ഞു. ചര്‍ച്ചക്ക് ശേഷം സംസ്ഥാന കമ്മിറ്റിക്ക് തുടര്‍ തീരുമാനമെടുക്കാം. വിവാദങ്ങള്‍ പരിഹരിക്കാനുള്ള ശേഷി സി.പി.എം കേരള ഘടകത്തിനുണ്ട്. ജനുവരി 9, 10 തീയതികളില്‍ സംസ്ഥാന കമ്മിറ്റി ചേരുമെന്നും യെച്ചൂരി പറഞ്ഞു.

ഗവര്‍ണറുടെ ബില്ലുകള്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങളിലാണ് കേരളത്തിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നത്. ഇപി ജയരാജനെതിരായ പരാതികളൊന്നും പോളിറ്റ് ബ്യൂറോയ്ക്ക് മുമ്പില്‍ എത്തിയില്ല. ഇ.പി ജയരാജനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പി ബിയില്‍ ചര്‍ച്ച നടക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാ വിഷയങ്ങളിലും ചര്‍ച്ച നടക്കുമെന്നാണ് നേരത്തെ യെച്ചൂരി പറഞ്ഞിരുന്നത്. അതേസമയം ഇ പി ജയരാജനെതിരെയുള്ള ആരോപണങ്ങള്‍ മാധ്യമ സൃഷ്ടി മാത്രമാണെന്നും അക്കാര്യത്തില്‍ യാതൊരു ചര്‍ച്ചയും പോളിറ്റ് ബ്യൂറോയിലുണ്ടാകില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞിരുന്നു.

Latest News