ഫുട്‌ബോള്‍ തട്ടുന്ന ഓരോ കളിക്കാരന്റെയും സ്വപ്നമാണ് ലോകകപ്പിനുള്ള ടീമിലെത്തുകയെന്നത്. ലോകകപ്പ് ടീമിലെത്തുകയും കളിക്കാന്‍ ഒരവസരം പോലും കിട്ടാതിരിക്കുകയും ചെയ്താലോ? അതിനെക്കാള്‍ വലിയ ദുഃഖമില്ല. ഓരോ ടീമിലും 23 പേരെയാണ് ഫിഫ അനുവദിക്കുക. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇന്നു വരെ ഒരു ടീമും 23 കളിക്കാരെയും കളിപ്പിച്ചിട്ടില്ല. പരമാവധി കളിപ്പിച്ചത് 22 പേരെയാണ്, 2006 ലും 2010 ലും ജര്‍മനിയാണ് പരമാവധി കളിക്കാര്‍ക്ക് അവസരം കൊടുത്തത്. കളിക്കാനാവാതിരുന്ന നിര്‍ഭാഗ്യവാന്‍ മൂന്നാം ഗോളിയായിരുന്നു.
എല്ലാ ടീമിലും മൂന്ന് ഗോളിമാരുണ്ടായിരിക്കണമെന്നാണ് ഫിഫയുടെ ചട്ടം. മിക്ക ടീമുകളും പക്ഷെ ഒരു ഗോളിയെ മാത്രമേ ടൂര്‍ണമെന്റിലുടനീളം കളിപ്പിക്കാറുള്ളൂ. പകരക്കാരായി ഗോളിമാര്‍ ഇറങ്ങുന്ന സംഭവം അത്യപൂര്‍വമാണ്. ലോകകപ്പ് ചരിത്രത്തില്‍ ഇന്നു വരെ ഒരു ഡസനോളം ഗോളിമാരേ പകരക്കാരായി ഇറങ്ങിയിട്ടുള്ളൂ. മൂന്നു തവണ മാത്രമാണ് ഒരു ടീം മൂന്നു ഗോളിക്കും ലോകകപ്പില്‍ അവസരം നല്‍കിയത്. അതില്‍ രണ്ടു തവണയും ടീം പുറത്തായ ശേഷമുള്ള കളിയിലാണ് മൂന്നാം ഗോളി ഇറങ്ങിയത്. അവസാനമായി ഒരു ടീമിലെ മൂന്നു ഗോളിമാരും ഇറങ്ങിയത് 1994 ലാണ്, ഗ്രീസാണ് മൂന്നു ഗോളിമാരെയും ഇറക്കിയത്.
ടീമില്‍ മൂന്നു ഗോളിമാര്‍ അധികപ്പറ്റാണെന്ന് എല്ലാവര്‍ക്കുമറിയാം. ഈ നിബന്ധന മറികടക്കാന്‍ 2010 ല്‍ വടക്കന്‍ കൊറിയ ഒരു സൂത്രം കാണിച്ചു. ഔട്ഫീല്‍ഡ് കളിക്കാരനെ ഗോളിയാക്കി ടീമിലുള്‍പെടുത്തി. ഫിഫ ഇക്കാര്യം കണ്ടുപിടിച്ചു. ഈ കളിക്കാരനെ ഗോളിയായി മാത്രമേ ഉപയോഗിക്കാനാവൂ എന്ന് കര്‍ശന നിര്‍ദേശം നല്‍കി.
11 പേരാണ് ഒരു ടീമില്‍ ഉണ്ടാവുക. പരമാവധി മൂന്ന് പേരെ പകരക്കാരായി ഇറക്കാം. കളി എക്‌സ്ട്രാ ടൈമിലേക്ക് നീളുകയാണെങ്കില്‍ നാലാമത്തെ സബ്സ്റ്റിറ്റിയൂഷന്‍ ഉപയോഗിക്കാം.
പകരക്കാരായി റിസര്‍വ് ബെഞ്ചില്‍ സമയം തള്ളിനീക്കേണ്ടി വരുന്ന കളിക്കാരുടെ മോഹഭംഗം പറഞ്ഞറിയിക്കാനാവില്ല. ലോകം ഉറ്റുനോക്കുന്ന ടൂര്‍ണമെന്റില്‍ ഒരു നിമിഷമെങ്കിലും ഇറങ്ങാന്‍ കഴിഞ്ഞെങ്കില്‍ എന്ന് അവരാഗ്രഹിക്കും. ഇവരുടെ ആവേശം നിലനിര്‍ത്തുക കോച്ചുമാര്‍ക്കും വലിയ വെല്ലുവിളിയാണ്. കാരണം ഏതു നിമിഷമാണ് ഇവരുടെ ആവശ്യം വേണ്ടിവരിക എന്ന് പറയാനാവില്ലല്ലോ?
ഏതാനും നിമിഷങ്ങള്‍ മാത്രം കളിച്ച് ഹീറോ ആവാനുള്ള അവസരം എപ്പോഴും വന്നേക്കാമെന്ന് റിസര്‍വുകളെ പറഞ്ഞു പറ്റിക്കുകയാണ് കോച്ചുമാര്‍ പലപ്പോഴും ചെയ്യുന്നത്. ചിലപ്പോള്‍ അത്തരമൊരു അവസരം വരികയും ചെയ്യും. 2016 ലെ യൂറോ കപ്പില്‍ പോര്‍ചുഗലിന്റെ എഡര്‍ കളിച്ചത് ഏതാനും നിമിഷങ്ങളില്‍ മാത്രമാണ്. ഫൈനലിന്റെ എഴുപത്തൊമ്പതാം മിനിറ്റില്‍ എഡറെ മൂന്നാമത്തെ പകരക്കാരനായിറക്കി. എക്‌സ്ട്രാ ടൈമില്‍ എഡറിന്റെ ഗോള്‍ പോര്‍ചുഗലിന് അവരുടെ ചരിത്രത്തിലെ ആദ്യത്തെ പ്രധാന ട്രോഫി നേടിക്കൊടുത്തു.
പ്ലേയിംഗ് ഇലവനിലുള്ള കളിക്കാരെ മുള്‍മുനയില്‍ നിര്‍ത്താന്‍ പലപ്പോഴും റിസര്‍വ് കളിക്കാരെ കോച്ചുമാര്‍ ഉപയോഗിക്കും. റിസര്‍വ് കളിക്കാരെ നന്നായി പരിശീലനം ചെയ്യിച്ച് സ്റ്റാര്‍ടിംഗ് ഇലവനിലെ കളിക്കാരുടെ സ്ഥാനം എപ്പോഴും ഭീഷണിയിലാണെന്ന പ്രതീതി സൃഷ്ടിക്കും. കഴിഞ്ഞ ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ റിസര്‍വ് കളിക്കാരോട് പരിശീലനത്തില്‍ എതിര്‍ ടീമുകളായ ചിലെയെയും നെതര്‍ലാന്റ്‌സിനെയും ചിലെയെയും പോലെ കളിക്കാന്‍ കോച്ച് നിര്‍ദേശിച്ചു. ബെല്‍ജിയം കോച്ച് മാര്‍ക്ക് വില്‍മോട്‌സ് റിസര്‍വ് കളിക്കാരെ തുടക്കത്തിലേ ഭീഷണിപ്പെടുത്തി. കളിക്കാന്‍ അവസരം കിട്ടാത്തിന്റെ പേരില്‍ മുഖം കറുപ്പിച്ചാല്‍ അപ്പോള്‍ തന്നെ തിരിച്ചയക്കുമെന്ന്. 1990 ലെ ലോകകപ്പില്‍ ബെല്‍ജിയം ടീമിലുണ്ടായിരുന്ന വില്‍മോട്‌സിന് ഒരു നിമിഷം പോലും കളിക്കാന്‍ അവസരം കിട്ടിയിരുന്നില്ല.