1885 ഡിസംബർ 28 ന് ബോംബയിലെ ഗോകുൽദാസ് തേജ്പാൽ സംസ്‌കൃത കോളേജിൽ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും രാജ്യസ്‌നേഹികളായ 72 പേർ ചേർന്ന് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നെറികേടുകൾക്കെതിരെ പ്രതികരിക്കാൻ ഒരു ദേശീയ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു.
ദാദാഭായ് നവറോജി എന്ന ദേശസ്‌നേഹി ആ കൂട്ടായ്മക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പേര് നിർദേശിക്കുമ്പോഴും ഒരുപക്ഷേ ഇന്ത്യയുടെ ചരിത്രത്തോളം പഴക്കം വരുന്ന ഒരു മഹാപ്രസ്ഥാനത്തിന്റെ തുടക്കമാണ് അതെന്ന് അവർ ചിന്തിച്ചിട്ടുണ്ടാവില്ല.
1884 ൽ മദ്രാസിൽ വെച്ച് നടന്ന തിയോസഫിക്കൽ സൊസൈറ്റി യുടെ സമ്മേളനത്തിൽ അതിൽ അംഗമായിരുന്ന എ.ഒ. ഹ്യൂം മുന്നോട്ടുവെച്ച ഇന്ത്യക്കാരുടെ പൊതുവായ കൂട്ടായ്മ എന്ന ആശയം അടയാറിൽ ഒത്തുചേർന്ന നേതാക്കൾ വിശദമായി ചർച്ച ചെയ്യുകയും കൊളോണിയൽ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതികരിക്കാൻ ഇന്ത്യയിലെ ജനങ്ങളെ ഒന്നിപ്പിക്കുന്ന ഒരു ദേശീയ പ്രസ്ഥാനം എന്ന തീരുമാനത്തിൽ എത്തുകയും ബോംബെയിൽ ഒത്തുചേരുകയുമാണ് ഉണ്ടായത്. അതൊരു വലിയ തുടക്കമായിരുന്നു. അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ കോൺഗ്രസിന്റെ ഭാഗമായി മാറുകയും ബ്രിട്ടീഷ് സർക്കാരിനെതിരെ ദേശവ്യാപകമായി എതിർപ്പുകൾ ഉയർത്തുകയും ചെയ്തപ്പോൾ അപകടം തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാർ വിഭജിച്ചു ഭരിക്കുക എന്ന തന്ത്രം പുറത്തെടുത്തു.
കോൺഗ്രസ് ദേശവിരുദ്ധ സംഘടനയാണെന്ന് അന്നത്തെ വൈസ്രോയിയായിരുന്ന ഡഫറിൻ പ്രഭു പരസ്യമായി പ്രഖ്യാപിച്ചു. അന്നത്തെ നോർത്ത് വെസ്റ്റ് പ്രവിശ്യയുടെ ലെഫ്റ്റനന്റ് ഗവർണറായിരുന്ന സാർ കോൾവിൻ ഇന്ത്യയിലെ ജനങ്ങളെ ഒന്നിക്കുന്നതിൽ നിന്നും തടയുകയെന്ന കുടില ലക്ഷ്യത്തോടെ, കോൺഗ്രസ് ഇന്ത്യയിലെ മുസ്‌ലിംകൾ ഉൾപ്പെടെയുള്ളവരുടെ വികാരങ്ങൾ പ്രതിഫലിപ്പിക്കുന്ന പാർട്ടി അല്ലെന്നും ഇന്ത്യയെ ഒന്നിപ്പിച്ചു നിർത്താൻ ബ്രിട്ടീഷ് സർക്കാരിന് മാത്രമേ കഴിയുകയുള്ളൂവെന്നും വ്യാപകമായ പ്രചാരണം നടത്തി. സർ സയ്യിദ് അഹമ്മദ് ഖാനെ പോലെയുള്ളവരെ കോൺഗ്രസിൽ നിന്നും അകറ്റാൻ ഈ പ്രചാരണ തന്ത്രത്തിന് കഴിഞ്ഞു. എന്നാൽ രണ്ടാം കോൺഗ്രസ് സമ്മേ
ളനത്തിൽ 55 ഓളം മുസ്ലിം പ്രതിനിധികൾ പങ്കെടുക്കുകയും മൂന്നാം സമ്മേളനത്തിൽ ബദറുദ്ദീൻ ത്വയ്യബ്്ജിയെ പ്രസിഡന്റാക്കിക്കൊണ്ട് കോൺഗ്രസ്്് അതിന്റെ മതേതര നിലപാട് പ്രഖ്യാപിക്കുകയും ചെയ്തു.
ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലെത്തിയ മഹാത്മജി കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ സജീവമാവുകയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സാധാരണക്കാരായ ഗ്രാമീണ ജനതയെയും അതിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്തു. പിന്നീടെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്.
സ്വാതന്ത്ര്യം നേടിത്തരുന്നതിൽ മാത്രമല്ല, ഇന്ത്യയിൽ ഇന്ന് കാണുന്ന എല്ലാ പുരാഗമനാശയങ്ങൾക്കും തുടക്കം കുറിച്ചതും കോൺഗ്രസാണ്. 1922 ൽ മൗലാനാ മുഹമ്മദലിയുടെ അധ്യക്ഷതയിൽ ചേർന്ന കാക്കിനാഡ കോൺഗ്രസ് സമ്മേളനമാണ് അയിത്തോച്ചാടന പ്രമേയം അവതരിപ്പിച്ചത്. ടി. കെ. മാധവൻ അവതരിപ്പിച്ച പ്രമേയം ഇന്ത്യയിലെ ജാതിവ്യവസ്ഥക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കമായിരുന്നു. 1955 ൽ യു.എൻ ധേബറിന്റെ അധ്യക്ഷതയിൽ ആവഡിയിൽ ചേർന്ന കോൺഗ്രസ്് സമ്മേളനം സോഷ്യലിസം കോൺഗ്രസിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ചു. ഗുരുവായൂർ സത്യഗ്രഹം, വൈക്കം സത്യഗ്രഹം പോലെയുള്ള ഒട്ടനവധി സമരങ്ങൾക്ക് കോൺഗ്രസ് നേതൃത്വം നൽകി.
ജാതിവ്യവസ്ഥക്കെതിരെ ഗാന്ധിജിയുടെ നേതൃത്വത്തിൽ ദേശവ്യാപകമായ സമരങ്ങൾ നടന്നു. വനിതകൾക്കും പിന്നോക്ക ന്യൂനപക്ഷ സമുദായങ്ങൾക്കും അർഹമായ പ്രാതിനിധ്യം നൽകിയിട്ടുള്ള ഏക പ്രസ്ഥാനവും കോൺഗ്രസാണ്.
സ്ത്രീസമത്വവും തുല്യനീതിയുമൊക്കെ പുരോഗമന പ്രസ്ഥാനങ്ങൾ എന്ന് പറയുന്ന രാഷ്ട്രീയ പാർട്ടികൾ ചർച്ച ചെയ്യാൻ തുടങ്ങുന്നതിനും എത്രയോ കാലം മുമ്പാണ് ആനി ബസന്റ്, സരോജിനി നായിഡു, നെല്ലിസെൻ ഗുപ്ത, ഇന്ദിരാഗാന്ധി മുതലായവരിൽ തുടങ്ങി സോണിയ ഗാന്ധി വരെയുള്ള വനിതകളെ ദേശീയ അധ്യക്ഷ സ്ഥാനത്ത് നിയോഗിച്ചത്. പ്രതിഭ പാട്ടീലിനെ രാഷ്ട്രപതിയാക്കിയതും മീരാകുമാറിനെ ലോക്‌സഭ സ്പീക്കറാക്കിയതും ആദ്യ വനിത മുഖ്യമന്ത്രിയായി സുചേത കൃപലാനിയെ നിയമിച്ചതും കോൺഗ്രസാണ്. ദളിത് വിഭാഗത്തിൽ നിന്നുമുള്ള കെ.ആർ. നാരായണനെ രാഷ്ട്രപതിയായി നിയമിച്ചതും കോൺഗ്രസ്് പാർട്ടിയാണ്.
ദേശീയമായും പ്രാദേശികമായും പല പിളർപ്പുകളും കോൺഗ്രസിലുണ്ടായിട്ടുണ്ട്. അധികാരത്തർക്കങ്ങളും പടലപ്പിണക്കങ്ങളും പലപ്പോഴും ആഭ്യന്തരമായി പാർട്ടിയെ തകർക്കുകയും തളർത്തുകയും ചെയ്തിട്ടുണ്ട്. വലിയ പരാജയങ്ങൾ നേരിട്ടിട്ടും ഇന്നും ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും സാന്നിധ്യവും അണികളുമുള്ള ഏക പ്രസ്ഥാനവും കോൺഗ്രസ്് മാത്രമാണ്.
കോൺഗ്രസ് അസ്തമിച്ചു എന്ന് മുറവിളി കൂട്ടുന്നവരെ അമ്പരിപ്പിച്ചുകൊണ്ട് ഉജ്വല വിജയവുമായി തിരിച്ചുവന്ന ചരിത്രങ്ങൾ നമ്മുടെ മുന്നിലുണ്ട്. മതവും ദേശീയതയുമൊക്കെ രാഷ്ട്രീയ പ്രചാരണ ആയുധമാക്കുന്ന ആധുനിക ഇന്ത്യൻ രാഷ്ട്രീയത്തിന് മുന്നിൽ ഇന്ത്യയിലെ ജനങ്ങളെ മതേതര ചേരിയിൽ ഒരുമിപ്പിച്ചു നിർത്താൻ ദേശീയ ബോധമുള്ള സമൂഹ നിർമിതിക്കായി ഈ പ്രസ്ഥാനം എന്നും നിലനിൽക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്.
വീണുപോകാതെ കൈപിടിച്ചുയർത്തേണ്ടത് ഒരു ജനാധിപത്യ വിശ്വാസിയുടെയും കടമയാണ്.
(ദമാം ഒ.ഐ.സി.സി പ്രസിഡന്റാണ് ലേഖകൻ)






