സമൂഹത്തിലെ എല്ലാതരത്തിലുമുള്ള ഭിന്നതകളെയും വക്കം മൗലവി എതിർത്തിരുന്നു. പാശ്ചാത്യ ചിന്തകന്മാരുമായും പൗരസ്ത്യ പണ്ഡിതന്മാരുമായും ഒരുപോലെ ബന്ധം പുലർത്തിയിരുന്നയാളായിരുന്നു വക്കം മൗലവി.
വിജ്ഞാനത്തെ പല അറകളിലാക്കുന്നതിനെ അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ഭൗതികം, ആത്മീയം എന്ന വേർതിരിവു പോലും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. ആഗോളമായി ചിന്തിക്കുകയും പ്രാദേശികമായി പ്രവർത്തിക്കുയും ചെയ്തിരുന്നയാളായിരുന്നു. അതുകൊണ്ടു തന്നെ തന്റെ സമകാലികരായിരുന്ന സാമൂഹ്യ പരിഷ്‌കർത്താക്കളിൽനിന്ന് അദ്ദേഹത്തിന്റെ ചിന്തകൾ വേറിട്ടുനിന്നു.
ലാർഡ് ഹെഡ്‌ലിയുടെ A Western Awekening to Islam, അമേരിക്കൻ ചിന്തകനും എഴുത്തുകാരനുമായ ലുതറാഫ് സ്റ്റോറാർഡിന്റെ ദ ന്യൂ വേൾഡ് ഓഫ് ഇസ്‌ലാം, സാമൂഹ്യ ശാസ്ത്രകാരനായ ഗസ്റ്റോവ് ലോബന്റെ വ്യക്തികളും മതങ്ങളും ഭാഷകളും എങ്ങനെ മാറുന്നു തുടങ്ങിയ ആധുനിക ഗ്രന്ഥങ്ങൾ വക്കം മൗലവി വായിച്ചിരുന്നു. ഇംഗ്ലീഷ് ഭാഷയിലും നല്ല പാണ്ഡിത്യമുള്ളയാളായിരുന്നു അദ്ദേഹം. ലോകപ്രസിദ്ധ ചിന്തകരും എഴുത്തുകാരും കർമയോഗികളുമായിരുന്ന ഇമാം ഗസ്സാലി, ഷേക്ക് ഇബ്‌നു തൈമിയ, ഷേക്ക് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ്, സയ്യിദ് ജലാലുദ്ദീൻ അഫ്ഘാനി, ഷേക്ക് മുഹമ്മദ് അബ്ദു, സെയ്ദ് മുഹമ്മദ് റഷീദ് റിദാ തുടങ്ങിയവരിലും വക്കം മൗലവി ആകൃഷ്ടനായിരുന്നു. ഗസ്സാലിയുടെ കീമിയ സഅദ എന്ന ഗ്രന്ഥം തന്റെ ചെറുപ്രായത്തിൽ തന്നെ വക്കം മൗലവി അറബി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയുണ്ടായി.
വക്കം മൗലവിയെക്കുറിച്ച് കേസരി എ. ബാലകൃഷ്ണപിള്ള പറഞ്ഞതിങ്ങനെ:
'വക്കം അബ്ദുൽ ഖാദർ മൗലവിയെപ്പോലെ
ഇത്ര ധീരനായ ഒരു സമുദായാഭിമാനിയും
അതിനേക്കാൾ ധീരനായ ഒരു ദേശാഭിമാനിയും
ഇന്നാട്ടിൽ ജനിച്ചിട്ടില്ലെന്ന സത്യം
നമ്മുടെ കപട സമുദായ ദേശീയ ഭക്തന്മാർ
അടുത്ത കാലത്തെങ്ങും മനസ്സിലാക്കാൻ പോകുന്നില്ല.' കേസരി ബാലകൃഷ്ണപിള്ളയെപ്പോലെ വക്കം മൗലവിയെ ആഴത്തിൽ മനസ്സിലാക്കിയ മറ്റാരെങ്കിലും ഇന്നാട്ടിലുണ്ടോയെന്ന് സംശയമാണ്.
തിരുവനന്തപുരത്തുനിന്ന് മുപ്പതു കിലോമീറ്റർ ദൂരെയുള്ള വക്കം ഗ്രാമത്തിലെ പ്രശസ്തമായ പുന്ത്രാംവിളാകം തറവാട്ടിൽ 1873 ഡിസംബർ 28നാണ് എം. അബ്ദുൾ ഖാദർ എന്ന വക്കം മൗലവി ജനിച്ചത്. വിദേശ രാജ്യങ്ങളുമായി വ്യാപാര ബന്ധമുണ്ടായിരുന്ന സമ്പന്നനും പ്രതാപിയുമായ എം. മുഹമ്മദ് കുഞ്ഞിന് തന്റെ രണ്ടാം ഭാര്യയായിരുന്ന ആഷ് ബീവിയിൽ ജനിച്ച സീമന്ത പുത്രനായിരുന്നു വക്കം മൗലവി.
സമ്പന്നനായ മുഹമ്മദ് കുഞ്ഞ് വക്കം മൗലവിയെ മലയാളവും സംസ്‌കൃതവും അമ്പലപ്പുഴയിൽ നിന്ന് പണ്ഡിതനായ കേശവപിള്ള ആശാനെ വരുത്തി വീട്ടിൽ താമസിപ്പിച്ചാണ് പഠിപ്പിച്ചത്. മുഹമ്മദ് നൂഹ് മുസ്‌ലിയാർ, മാപ്പിള ലബ്ബ ആലിം സാഹിബ്, ആണ്ടത്തോട് കുഞ്ഞിപ്പോക്കർ മുസ്‌ലിയാർ എന്നിവർ അറബിയും തമിഴും അബ്ദുൽ ഖാദറിനെ പഠിപ്പിച്ചു.
ബഹുഭാഷ പണ്ഡിതനായിരുന്ന വക്കം മൗലവി മലയാളം, തമിഴ്, ഉറുദു പത്രമാസികകൾക്കു പുറമെ കയ്‌റോ, ഡമാസ്‌കസ്, മക്ക, ഇംഗ്ലണ്ട്, പേർഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നും പത്രമാസികകൾ വരുത്തിയിരുന്നു. യൂറോപ്യൻ നവോത്ഥാനത്തിന് ഊർജം പകർന്നതിൽ ഗ്രീക്ക്, റോമൻ പാരമ്പര്യങ്ങൾക്കൊപ്പം ഭാരതീയ-അറബ്-പേർഷ്യൻ സംസ്‌കാരങ്ങൾക്കും വലിയ പങ്കുണ്ടായിരുന്നുവെന്ന ചിന്താഗതിക്കാരനായിരുന്നു.
ജനങ്ങളിൽ സ്വദേശാഭിമാന ബോധം വളർത്തിയെടുക്കാനും ജനങ്ങളുടെ സങ്കടങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുമായി ബ്രിട്ടീഷ് ഭരണപ്രദേശമായ അഞ്ചുതെങ്ങിൽ 1904 ൽ സ്വദേശാഭിമാനി പ്രസ്സ് സ്ഥാപിച്ച് 1905 ൽ സ്വദേശാഭിമാനി പത്രം പുറത്തിറക്കി. ആലപ്പുഴയിലെ പിയേഴ്‌സ് ലസ്‌ലി കമ്പനി വഴി അക്കാലത്തെ വലിയ തുകയായ 12,000 രൂപ ചെലവഴിച്ച് ഇംഗ്ലണ്ടിൽ നിന്ന് ഏറ്റവും പുതിയ പ്രസ്സാണ് കൊണ്ടുവന്നത്. സ്വദേശാഭിമാനി പ്രസ്സ് ഉദ്ഘാടനം നിർവഹിച്ചത് ക്രിസ്തുമത വിശ്വാസിയും പണ്ഡിതനുമായ പൗലോ പോൾ ആയിരുന്നു. കേരളവർമ വലിയ കോയിത്തമ്പുരാൻ സ്വദേശാഭിമാനി പത്രമോഫീസിൽ നേരിട്ടെത്തി അബ്ദുൽ ഖാദറിനെ അഭിനന്ദിക്കുകയുണ്ടായി.
സ്വദേശാഭിമാനി പത്രത്തിന്റെ താഴെയായി തിരുവതാംകൂറിലും കൊച്ചിയിലും ഉള്ള ഏക 'മുഹമ്മദീയ വർത്തമാന പത്രം' എന്ന് അച്ചടിച്ചിരുന്നു. രാഷ്ട്രീയം, സാമൂഹികം, വിദ്യാഭ്യാസം, മതപരം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന 'ഒരു സ്വതന്ത്ര മലയാള വാരിക' എന്നായിരുന്നു സ്വദേശാഭിമാനിയെപ്പറ്റി പരസ്യം ചെയ്തിരുന്നത്.
അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടറുമായി ബന്ധം സ്ഥാപിച്ച ആദ്യ മലയാള പത്രമായിരുന്നു സ്വദേശാഭിമാനി. സി.പി. ഗോവിന്ദപ്പിള്ളയായിരുന്നു പത്രാധിപർ. മാനേജിങ് എഡിറ്റർ എം. മുഹമ്മദ് അബ്ദുൽ ഖാദറും.
'സ്വദേശാഭിമാനിയുടെ പ്രവൃത്തി കൊണ്ട് ജനങ്ങൾക്ക് ക്ഷേമമുണ്ടാകണമെന്നാണ് ഞങ്ങളുടെ ഉദ്ദേശ്യം. ഈ ഉദ്ദേശ്യം സാധിക്കാൻ ഞങ്ങൾ യഥാശക്തി ശ്രമിക്കുക തന്നെ ചെയ്യും. ഞങ്ങൾക്കുണ്ടാകാവുന്ന ആപത്തുകളെ ഭയന്ന് പൊതജന സങ്കടങ്ങൾ മറച്ചുവെയ്ക്കുന്നതല്ല, നിശ്ചയം' എന്ന നയം പ്രഖ്യാപിച്ചുകൊണ്ടാണ് വക്കം മൗലവി പത്രം തുടങ്ങിയത്.
കെ. രാമകൃഷ്ണപിള്ളയെ വക്കം മൗലവി സ്വദേശാഭിമാനിയുടെ രണ്ടാമത്തെ പത്രാധിപരായി കൊണ്ടുവന്നു. പത്രാധിപർ എന്ന നിലയിൽ കെ. രാമകൃഷ്ണപിള്ളക്ക് പൂർണ സ്വാതന്ത്ര്യം വക്കം മൗലവി നൽകി.
സംഘടന കൊണ്ടു മാത്രമേ സമൂഹം ശക്തിപ്പെടുകയുള്ളൂവെന്ന് മനസ്സിലാക്കിയ വക്കം മൗലവി 1916 ൽ സാമുദായിക-സാമൂഹ്യ പരിഷ്‌കരണാർത്ഥം നിലയ്ക്കാമുക്ക് ഇസ്‌ലാം ധർമ പരിപാലന സംഘം രൂപീകരിച്ചു. വക്കം മൗലവി തന്നെയായിരുന്നു സംഘടനയുടെ പ്രസിഡന്റ്. പുത്തൻ വീട്ടിൽ സെയ്ത് കണ്ണ് ആയിരുന്നു സെക്രട്ടറി. വായനശാലകൾ നടത്തുക, പരോഗമന നിലപാടുകളോടെ മതപ്രസംഗങ്ങൾ സംഘടിപ്പിക്കുക, ലഘുലേഖകൾ പ്രസിദ്ധീകരിക്കുക, പുസ്തകങ്ങൾ പ്രചരിപ്പിക്കുക, പകൽനേരം പഠിക്കാൻ കഴിയാത്തവർക്ക് നിശാപാഠശാലകൾ നടത്തുക തുടങ്ങിയവയായിരുന്നു പ്രധാന ലക്ഷ്യം.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഒറ്റപ്പാലം സമ്മേളനത്തിൽ കെ.എം. സീതി സാഹിബ്, കെ.എം. മൗലവി എന്നിവർക്കൊപ്പം വക്കം മൗലവി പങ്കെടുത്തു. 1922 ൽ മഹാത്മാഗന്ധി തിരുവനന്തപുരത്ത് എത്തിയപ്പോൾ അദ്ദേഹം താമസിച്ചിരുന്ന ഭക്തിവിലാസം കെട്ടിടത്തിലെത്തി വക്കം മൗലവി ഗാന്ധിജിയെ കണ്ടു.
മലബാറിൽ ഹിന്ദു-മുസ്‌ലിം ഐക്യത്തിനേറ്റ മുറിവുണക്കാൻ ഗാന്ധിജി മലബാർ സന്ദർശിക്കണമെന്ന് അഭ്യർത്ഥിച്ചു. എന്നാൽ തന്റെ കൂടെ മുസ്‌ലിം നേതാക്കളാരും എത്തിയിട്ടില്ലെന്ന് അറിയിച്ച് ഗാന്ധിജി സന്ദർശനം തൽക്കാലം ഒഴിവാക്കുകയാണുണ്ടായത്.
മദ്രസകളിൽ മാത്രം പഠിച്ചിരുന്ന മുസ്‌ലിം വിദ്യാർത്ഥികളെ പൊതുപള്ളിക്കൂടങ്ങളിൽ എത്തിച്ചതിന്റെ പിന്നിൽ വക്കം മൗലവിയുടെ പങ്ക് വളരെ വലുതാണ്. മുസ്‌ലിം പെൺകുട്ടികളെയും ആൺകുട്ടികളെയും ആകർഷിക്കാൻ പൊതുപള്ളിക്കൂടങ്ങളിൽ അറബി പഠനം നടപ്പാക്കിയത് വക്കം മൗലവിയുടെ ശ്രമഫലമായിരുന്നു.
വക്കം മൗലവി അറബി പഠനത്തിനാവശ്യമായ പാഠപുസ്തകങ്ങൾ എഴുതി തയാറാക്കി. അറബി മുൻഷിമാർക്കാവശ്യമായ മാർഗദർശന ഗ്രന്ഥവും വക്കം മൗലവിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് തയാറാക്കിയത്. അറബി മുൻഷിമാരെ പൊതുപള്ളിക്കൂടങ്ങളിൽ നിയമിക്കുന്നതിന് വക്കം മൗലവിയുടെ സേവനം വളരെ പ്രയോജനം ചെയ്തു.






