ന്യൂദൽഹി - സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ കുറ്റവിമുക്തരാക്കിയ സി.ബി.ഐ നടപടിയെ കുറിച്ചുള്ള ചോദ്യങ്ങൾ അവഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിൽ സി.പി.എം പി.ബി യോഗത്തിനെത്തിയപ്പോൾ മാധ്യമപ്രവർത്തകർ ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയപ്പോൾ 'പറയാനുള്ളപ്പോൾ വന്ന് പറയുമെന്നും നിങ്ങൾക്കാവശ്യമുള്ളത് പറയിപ്പിക്കാൻ ശ്രമിക്കേണ്ടെന്നും' മുഖ്യമന്ത്രി പ്രതികരിച്ചു.
അതിനിടെ, തണുപ്പായതുകൊണ്ടാണോ വെയിലത്ത് നില്ക്കുന്നതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് ചോദിച്ചു.
കേരള രാഷ്ട്രീയത്തെ പിടുച്ചുകുലുക്കിയ സോളാർ പീഡന കേസ് വലിയ രാഷ്ട്രീയ ആയുധമാക്കിയിരുന്നു സി.പി.എം. എന്നാൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർക്ക് സി.ബി.ഐ ക്ലീൻ ചിറ്റ് നൽകിയതോടെ സി.പി.എം പ്രചാരണം ആവിയായിപ്പോയിരിക്കുകയാണ്. ഇതോടുള്ള ചോദ്യത്തോടാണ് നിങ്ങൾക്ക് ആവശ്യമുള്ളത് പറയിക്കേണ്ടെന്നും ആവശ്യമുള്ളപ്പോൾ കാണുമെന്നും പിണറായി വിജയൻ പ്രതികരിച്ചത്.
ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചെന്ന പരാതി വാസ്തവ വിരുദ്ധമാണെന്ന് കാണിച്ചാണ് സി.ബി.ഐ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇതോടെ മുഴുവൻ സോളാർ പീഡന കേസുകളിലെ പ്രതികളും കുറ്റവിമുക്തരായിരിക്കുകയാണ്. ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിൽ വച്ച് പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴിയാണ് കേരള രാഷ്ട്രീയത്തിലെ അതികായനായ ഉമ്മൻചാണ്ടിക്ക് മേൽ വർഷങ്ങളായി കരിനിഴൽ വീഴ്ത്തിയിരുന്നത്. മൊഴിയിൽ പറഞ്ഞ ദിവസം പരാതിക്കാരി ക്ലിഫ് ഹൗസിൽ എത്തിയില്ലെന്നാണ് സിബിഐ കണ്ടെത്തൽ. പീഡിപ്പിക്കുന്നത് പി സി ജോർജ് കണ്ടെന്ന മൊഴിയും കേന്ദ്ര ഏജൻസി തള്ളി. താൻ ദൃക്‌സാക്ഷിയാണെന്നത് കളവെന്നായിരുന്നു ജോർജിന്റെ മൊഴി.