അറ്റുപോയ തള്ളവിരലിന്റെ ഭാഗത്തിന് പകരം  ഒരു പവന്‍ തൂക്കമുള്ള സ്വര്‍ണവിരല്‍ നിര്‍മ്മിച്ചു 

കൊച്ചി-അപകടത്തില്‍ അറ്റുപോയ വലതുകൈയിലെ തള്ളവിരലിന്റെ ഭാഗം സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ചു. ആലപ്പുഴ പുന്നപ്ര സ്വദേശി ആഷര്‍ ജി. ഉണ്ണിക്ക് വേണ്ടി മുപ്പത്തടം സ്വദേശി കേശവദാസാണ് ഒരു പവന്‍ തൂക്കമുള്ള സ്വര്‍ണവിരല്‍ നിര്‍മ്മിച്ചത്. കളമശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ് 33കാരനായ ആഷര്‍. ആറു മാസം മുമ്പ് യന്ത്രത്തില്‍ കുരുങ്ങിയ സഹപ്രവര്‍ത്തകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വലതുകൈയിലെ തള്ളവിരലിന്റെ നഖം ഉള്‍പ്പെടെ അറ്റുപോവുകയായിരുന്നു. തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞില്ല. സിലിക്കണ്‍ വിരല്‍ വയ്ക്കാനാണ് ആദ്യം ശ്രമിച്ചത്. പിന്നീടാണ് സ്വര്‍ണത്തെക്കുറിച്ച് ആലോചിച്ചതെന്ന് ആഷര്‍ പറഞ്ഞു.കളമശേരിയിലെ സുഹൃത്ത് വഴിയാണ് സ്വര്‍ണപ്പണിക്കാരനായ മണപ്പുറത്ത് കേശവദാസിനെ സമീപിച്ചത്. സാധാരണ വിരല്‍ പോലെ ഉപയോഗിക്കാന്‍ കഴിയുന്നതാകണം എന്നതായിരുന്നു ആവശ്യം.
അറ്റുപോയ ഭാഗത്തിന്റെ നീളം, വണ്ണം തുടങ്ങിയവ പലതവണ അളവെടുത്തു. ശേഷിക്കുന്ന ഭാഗത്ത് സ്വര്‍ണവിരല്‍ ഉറപ്പിക്കാനുള്ള സംവിധാനവും തയ്യാറാക്കി. ഒരാഴ്ച കൊണ്ടാണ് വിരല്‍ നിര്‍മ്മിച്ചത്. സ്വര്‍ണം പൊതിഞ്ഞ നഖമെന്ന് തോന്നുന്ന വിധത്തിലാണ് നിര്‍മ്മാണം. വിരലിന്റെ അഗ്രഭാഗം അതേപോലെ സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ചു. വിരല്‍ത്തുമ്പ് മോതിരവുമായി ഘടിപ്പിച്ചതിനാല്‍ അറിയാതെ ഊരിപ്പോകില്ല. വിരല്‍ വളയ്ക്കാനും കഴിയുമെന്ന് കേശവദാസ് പറഞ്ഞു. പണിക്കൂലി ഉള്‍പ്പെടെ 50,000 രൂപ ചെലവായി. തിങ്കളാഴ്ച സ്വര്‍ണവിരല്‍ കൈമാറി.
പല്ലുകള്‍ സ്വര്‍ണം കെട്ടാറുണ്ടെങ്കിലും വിരല്‍ നിര്‍മ്മിക്കുന്നത് ആദ്യമാണെന്ന് കേശവദാസ് പറഞ്ഞു. പാരമ്പര്യമായി സ്വര്‍ണപ്പണി ചെയ്യുന്ന അദ്ദേഹത്തിന്റെ പണിശാല മുപ്പത്തടം പഞ്ചായത്ത് ജംഗ്ഷനിലാണ്. ഗായകന്‍ കൂടിയാണ് 60 കാരനായ കേശവദാസ്.
 

Latest News