കോയമ്പേട് ബസ് സ്റ്റാന്‍ഡിലേക്ക് ഓട്ടോ വിളിച്ച്  കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി കടന്നു കളഞ്ഞു 

ചെന്നൈ- യുവതി രണ്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബാഗിലാക്കി ഓട്ടോറിക്ഷയില്‍ ഉപേക്ഷിച്ചു. മാധവാരത്തു നിന്നു കോയമ്പേട് ബസ് സ്റ്റാന്‍ഡിലേക്ക് ഓട്ടം വിളിച്ച യുവതിയാണു കുഞ്ഞിനെ ഓട്ടോയില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞത്. പോലീസ് യുവതിക്കായി തിരച്ചില്‍ തുടങ്ങി. ക്രിസ്മസ് ദിവസം വൈകിട്ട് മാധവാരത്തു നിന്നാണു യുവതി ഓട്ടോറിക്ഷയില്‍ കയറിയത്.
കോയമ്പേട് സ്റ്റാന്‍ഡിലേക്കു പോകണമെന്നാണു വലിയ ബാഗുമായെത്തിയ ഇവര്‍ ആവശ്യപ്പെട്ടത്. സ്റ്റാന്‍ഡിലെത്തി പണം നല്‍കി യുവതി ജനക്കൂട്ടത്തിലേക്കു മറഞ്ഞു. തിരികെ വരുമ്പോള്‍ വാഹനത്തിന്റെ പിന്നില്‍ നിന്ന് കരച്ചില്‍കേട്ടു ഡ്രൈവര്‍ പരിശോധിച്ചപ്പോള്‍ ബാഗിനുള്ളില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ഇയാള്‍ മാധവാരം പോലിസിനെ വിവരമറിയിച്ചു. പോലീസും ശിശുക്ഷേമ സമിതി പ്രവര്‍ത്തകരുമെത്തി കുട്ടിയെ ഏറ്റെടുത്തു.
പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം ടി. നഗറിലെ ബാലമന്ത്ര ചൈല്‍ഡ് കെയറിനു കുഞ്ഞിനെ കൈമാറി. യുവതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കോയമ്പേട് ബസ് സ്റ്റാന്‍ഡിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണു പോലീസിന്റെ അന്വേഷണം.

Latest News