കടക്കാരിയില്‍നിന്ന് രക്ഷപ്പെടാന്‍ കള്ള മരണം; യവതിയെ ഇനിയും കണ്ടെത്തിയില്ല

ജക്കാര്‍ത്ത- കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് താന്‍ മരിച്ചതായി പ്രചരിപ്പിച്ച ഇന്തോനേഷ്യന്‍ വനിതയെ ഇനിയും കണ്ടെത്താനായില്ല. ലിസ ദേവി പ്രമിതയാണ് കടം തിരിച്ചടക്കാതിരിക്കാന്‍ മരണം വ്യാജമാക്കിയത്. യുവതിയുടെ മകളുടെ സഹായത്തോടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സഹിതം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
പെട്ടെന്നുള്ള മരണത്തില്‍ സംശയം തോന്നി പ്രമിതയ്ക്ക് പണം കടം നല്‍കിയ യുവതി സോഷ്യല്‍ മീഡിയ പോസ്റ്റ് പരിശോധിച്ചപ്പോഴാണ് ഇന്റര്‍നെറ്റില്‍ നിന്ന് എടുത്ത  ചിത്രങ്ങളാണെന്ന് കണ്ടെത്തിയത്.
പ്രമിത 22,000 രൂപയാണ് കടം വാങ്ങിയിരുന്നതെന്ന് പണം നല്‍കിയ മായ ഗുണവാന്‍ പറയുന്നു.  തിരിച്ചടക്കാന്‍ കഴിയാതെ വന്ന പ്രമിത തരിച്ചടക്കാനുള്ള സമയം നീട്ടിനല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. തിരിച്ചടവിനുള്ള രണ്ടാമത്തെ സമയപരിധി അടുത്തപ്പോഴാണ് വിചിത്രമായ തന്ത്രം പ്രയോഗിച്ചത്.  
ഡിസംബര്‍ 11നാണ് പ്രമിത മരിച്ചതായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.  പെട്ടെന്നുള്ള മരണത്തെക്കുറിച്ച് മായ  സ്ത്രീയുടെ മകളോട് സംസാരിച്ചു. അന്ത്യ ചടങ്ങുകളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍, അമ്മയെ അവരുടെ സ്ഥലത്തുനിന്നും വളരെ അകലെയുള്ള ആച്ചേ തമിയാങ്ങില്‍ അടക്കം ചെയ്യുമെന്നാണ് മകള്‍ പറഞ്ഞത്. മുഴുവന്‍ കഥയിലും സംശയം തോന്നിയ മായ ഗുണവന്‍ ഫേസ്ബുക്ക് പോസ്റ്റും ചിത്രങ്ങളും പരിശോധിക്കുകയായിരുന്നു.  താമസിയാതെ, പ്രമിതയുടെ മുഖമില്ലാത്ത ചിത്രങ്ങള്‍ വ്യാജമാണെന്നും ഇന്റര്‍നെറ്റില്‍ നിന്ന് എടുത്തതാണെന്നും കണ്ടെത്തി.
തുടര്‍ന്ന്, മകളെ ചോദ്യം ചെയ്തപ്പോള്‍ കഥ മുഴുവന്‍ വ്യാജമാണെന്ന് സമ്മതിച്ചു.

 

Latest News