Sorry, you need to enable JavaScript to visit this website.

രാഹുലിന്റെ ധൈര്യത്തോടൊപ്പം നിൽക്കേണ്ടത് കടമയെന്ന് മെഹബൂബ മുഫ്തി

ശ്രീനഗർ - കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുമെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ മെഹബൂബ മുഫ്തി. യാത്ര കശ്മീരിലെത്തുമ്പോൾ അതിൽ അണിചേരുമെന്നും തനിക്ക് ക്ഷണം കിട്ടിയതായും അവർ ട്വീറ്റിലൂടെ അറിയിച്ചു.
'ഭാരത് ജോഡോ യാത്ര കശ്മീരിലെത്തുമ്പോൾ അതിൽ പങ്കാളിയാവാൻ എന്നെ ഔപചാരികമായി ക്ഷണിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ അദമ്യമായ ധൈര്യത്തെ അഭിവാദ്യം ചെയ്യുന്നു. ഫാസിസ്റ്റ് ശക്തികളെ വെല്ലുവിളിക്കാൻ ധൈര്യമുള്ള ഒരാളോടൊപ്പം നിൽക്കേണ്ടത് എന്റെ കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു. മെച്ചപ്പെട്ട ഇന്ത്യയ്ക്കായി യാത്രയിൽ അദ്ദേഹത്തോടൊപ്പം ചേരുമെ'ന്നും അവർ വ്യക്തമാക്കി. ജനുവരി 20-നാണ് ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലെത്തക. 
  ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുല്ലയും ഭാരത് ജോഡോ യാത്രയിൽ അണിചേരുമെന്നാണ് ലഭിക്കുന്ന വിവരം. സെപ്തംബർ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്ര പത്തു സംസ്ഥാനങ്ങൾ പിന്നിട്ട് 2,800 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് യു.പി വഴി കശ്മീരിൽ എത്തുക. ദൽഹിയിലെത്തിയ യാത്ര ഒമ്പത് ദിവസത്തെ ക്രിസ്മസ് - ശൈത്യകാല അവധിയിലാണിപ്പോൾ.
 

Latest News