ടിക്കറ്റ് നിരക്ക് വർധനയിലൂടെ അവധിക്കാല ചൂഷണം

രാജ്യത്തെ വൻനഗരങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിൽ സാധാരണ കാലത്തും തിരക്കാണ്. ഉത്സവകാലത്ത് ഇത് നിയന്ത്രണാതീതമാകുമെന്ന് എല്ലാവർക്കുമറിയാം. കഴിഞ്ഞ വർഷങ്ങളിൽ മഹാമാരിയും പ്രകൃതിക്ഷോഭങ്ങളും കാരണം ദീർഘയാത്രകൾ ഒഴിവാക്കിയവരും ഇത്തവണ നാട്ടിലെത്താൻ ആഗ്രഹിക്കുന്നു. ഇതെല്ലാം മനസ്സിലാക്കി ആവശ്യത്തിന് യാത്രാസൗകര്യങ്ങൾ ഒരുക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ കർത്തവ്യമാണ്. അതിനു തയാറാകാതെ വില കുറഞ്ഞ രാഷ്ട്രീയക്കളികൾക്കാണ് കേന്ദ്രം വ്യഗ്രത കാട്ടുന്നത്. കേരളത്തിൽനിന്നുള്ള വിദ്യാർഥികളടക്കം അവധിക്കാലത്ത് നാട്ടിൽ എത്താൻ കഴിയില്ലെന്ന ആശങ്കയിലാണ്.
ഉത്സവ കാലത്തും വിശേഷ ദിവസങ്ങളിലും കുടുംബത്തോടും ബന്ധുമിത്രാദികളോടും ഒത്തുചേരുകയെന്നത് ആഹ്ലാദകരമായ അനുഭവമാണ്. ഉപജീവനാർഥവും ഉന്നത വിദ്യാഭ്യാസം നേടാനും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കഴിയുന്ന ലക്ഷക്കണക്കിനു മലയാളികളിൽ നല്ല പങ്ക് ഇത്തരം ആഘോഷങ്ങൾക്കായി നാട്ടിലേക്കു വരും. നാട് വിട്ടുനിൽക്കേണ്ടിവരുന്നവർക്ക് അതിന്റെ നഷ്ടം നികത്താനുള്ള അവസരം കൂടിയാണ് ഇത്തരം സന്ദർഭങ്ങൾ. ഇക്കൊല്ലവും കുറച്ചു ദിവസം നാട്ടിൽ കഴിയാമെന്നും ഉറ്റവരുമായി സുഖദുഃഖങ്ങൾ പങ്കിടാമെന്നും പ്രതീക്ഷിച്ചിരുന്ന പതിനായിരങ്ങളുടെ സ്വപ്നങ്ങൾ തകർക്കുകയാണ് ട്രെയിൻ - വിമാന യാത്ര പ്രതിസന്ധി. കോവിഡ് മഹാമാരിയുടെ കെടുതികൾ ഏറ്റവും കൂടുതൽ അനുഭവിച്ച ജനവിഭാഗത്തിനു മേലാണ് ഈ ദുരിതം ഇടിത്തീ കണക്കെ പതിച്ചിരിക്കുന്നത്.
ദൽഹി, മുംബൈ, ചെന്നൈ, ബാംഗ്ലൂർ, കൊൽക്കത്ത തുടങ്ങിയ പ്രധാന നഗരങ്ങളിൽനിന്ന് കേരളത്തിൽ എത്തിച്ചേരുക ദുഷ്‌കരമായി മാറിയിരിക്കുന്നു. ട്രെയിൻ ടിക്കറ്റുകൾ ആഴ്ചകളായി കിട്ടാനില്ല. 
മാസങ്ങൾക്കു മുമ്പേ എടുത്താലും അമിത നിരക്ക് നൽകേണ്ടിവരുന്നു. വിമാന ടിക്കറ്റ് മാതൃകയിൽ റെയിൽവേ ഏർപ്പെടുത്തിയ ഫ്ളക്സി സംവിധാനമാണ് ഇതിനു കാരണം. തിരക്ക് കൂടുന്നതിന് അനുസരിച്ച് ടിക്കറ്റ് നിരക്കും കൂടും. ഇത് കണക്കാക്കുന്നതിൽ തീരെ സുതാര്യതയില്ല. രാജധാനി പോലുള്ള ട്രെയിനുകളിൽ തേർഡ് എ.സിയിൽ യാത്ര ചെയ്യാൻ സെക്കൻഡ് എ.സി നിരക്ക് നൽകണം. ടിക്കറ്റ് എടുത്ത് ട്രെയിനിൽ കയറിയാൽ അടുത്ത വട്ടം ദുരിതങ്ങളാണ്. ടോയ്ലറ്റുകളിൽ വെള്ളം കിട്ടാത്ത അവസ്ഥ. വൈകിയോടുന്ന ട്രെയിനുകൾ. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ സാധിക്കാതെ രണ്ടും മൂന്നും ദിവസം യാത്ര ചെയ്യേണ്ട ഗതികേടിലാണ് സ്ത്രീകളും കുട്ടികളും വയോധികരുമടക്കം. ഉത്സവ കാലങ്ങളിലെങ്കിലും കേരളത്തിലേക്ക് കൂടുതൽ ട്രെയിനുകൾ ഓടിക്കണമെന്ന ആവശ്യത്തോട് മുഖം തിരിഞ്ഞുനിൽക്കുകയാണ് റെയിൽവേ. വിമാന യാത്രയെക്കുറിച്ച് മിക്കവർക്കും ചിന്തിക്കാനേ കഴിയില്ല. ദൽഹി, മുംബൈ എന്നിവിടങ്ങളിൽനിന്ന് സാധാരണ കാലത്തെ നിരക്കിന്റെ നാലിരട്ടി വരെയാണ് ഇപ്പോൾ ഈടാക്കുന്നത്
സ്വകാര്യ  വിമാനക്കമ്പനികൾ ഒത്തുകളിച്ച് നിരക്കുകൾ കുത്തനെ കൂട്ടുകയാണ്. കേന്ദ്ര സർക്കാർ ഇതെല്ലാം പ്രോത്സാഹിപ്പിക്കുന്നു. വിമാന ടിക്കറ്റ് നിരക്കുകൾ ആകാശംമുട്ടെ എത്തിയതിനെക്കുറിച്ച് എം.പിമാർ പാർലമെന്റിൽ പരാതിപ്പെട്ടപ്പോൾ കമ്പനികളെ ന്യായീകരിക്കുകയാണ് സിവിൽ വ്യോമയാന  മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ചെയ്തത്. കോവിഡ് കാലത്ത് വിമാന ക്കമ്പനികൾക്ക് വരുമാനം കുറഞ്ഞെന്ന് മന്ത്രി പരിതപിച്ചു. കോടിക്കണക്കിനു പേർക്ക് തൊഴിൽ നഷ്ടമായെന്ന് കോർപറേറ്റ് ആഭിമുഖ്യമുള്ള ഏജൻസികളും സമ്മതിക്കുന്നു. ഇതൊക്കെ മറികടക്കാൻ ശ്രമിക്കുന്ന ജനങ്ങളെ വൻകിട കമ്പനികൾ ചൂഷണം ചെയ്യുന്നതിന് ന്യായീകരണം ചമയ്ക്കുകയാണ് മന്ത്രി.

Latest News