റോഡ് അപകടങ്ങൾ ദിനംപ്രതി വർധിച്ചുകൊണ്ടേയിരിക്കുന്നു. നിരത്തുകളിൽ മരിക്കുന്നവരുടെ എണ്ണവും പെരുകുന്നു.പരിക്കേറ്റ് അർധപ്രാണനായി ജീവിക്കുന്നവരുമേറെ.അപകടങ്ങൾക്ക് കാരണം തേടിയാൽ പലതും കണ്ടെത്താനാകും.അമിത വേഗം, അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ്, റോഡുകളുടെ ശോചനീയവസ്ഥ തുടങ്ങി അപകടങ്ങൾ ഉണ്ടാക്കുന്ന കാരണങ്ങളെ കുറിച്ച് ചർച്ചകൾ ഏറെ നടന്നതാണ്. ഇതെല്ലാം പരിഹരിക്കുന്നതിനുള്ള നടപടികൾ പരിമിതമാണ്. പരിഹാര നടപടികളൊന്നും അപകടങ്ങൾ കുറക്കാൻ സഹായകമാകുന്നില്ലെന്നാണ് നമുക്ക് ബോധ്യമാകുന്നത്.
നിരത്തുകളിലെ ഗതാഗത നിയന്ത്രണത്തിനായി നടപ്പാക്കുന്ന സംവിധാനങ്ങൾ തന്നെ അപകടങ്ങൾക്ക് ഇടയാക്കുന്ന സാഹചര്യമാണ് അടുത്ത കാലത്ത് കൂടുതലായി കണ്ടുവരുന്നത്. അശാസ്ത്രീയമായി നിർമിക്കുന്ന ഹമ്പുകൾ, ഡിവൈഡറുകൾ എന്നിവ അപകടങ്ങൾക്ക് കാരണമായി മാറുന്ന കാഴ്ചയാണ് പലയിടത്തുമുള്ളത്.ഇത്തരം അപകടങ്ങളിൽ മരണങ്ങളും സംഭവിക്കുന്നു.വാഹനമോടിക്കുന്നവരുടെ നിയന്ത്രണം നഷ്ടപ്പെടുന്ന രീതിയിൽ സ്ഥാപിക്കുന്ന ഇത്തരം വേഗനിയന്ത്രണ സംവിധാനങ്ങൾ പലപ്പോഴും അധികൃതരുടെ പിഴവുമൂലം സംഭവിക്കുന്നതുമാണ്.എന്നാൽ അതിന്റെ പേരിൽ അധികാരികൾ ചോദ്യം ചെയ്യപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ല.
മികച്ച റോഡുകൾക്ക് വേണ്ടി മുറവിളി വർധിക്കുകയും വലിയ റോഡ് പദ്ധതികളെ കുറിച്ച് ചർച്ച നടക്കുകയും ചെയ്യുന്ന ഇക്കാലത്തും നിലവിലുള്ള റോഡുകളിലെ വേഗനിയന്ത്രണ സമ്പ്രദായങ്ങൾ ശാസ്ത്രീയമാണോ എന്നും വാഹനമുപയോഗിക്കുന്നവർക്ക് തലവേദനയുണ്ടാക്കുന്നതാണോ എന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്.
മലപ്പുറം നഗരത്തിൽ ഒരു ഹമ്പ് മൂലം ജീവൻ നഷ്ടപ്പെട്ടത് മൂന്നു പേർക്കാണെന്ന് കേൾക്കുമ്പോൾ ഈ വിഷയം എത്രമേൽ ഗൗരവുമുള്ളതാണെന്ന് ബോധ്യപ്പെടും.മലപ്പുറം-കോട്ടക്കൽ പാതയിൽ മലപ്പുറത്തിനടുത്ത് മൈലപ്പുറത്തെ ഹമ്പ് അടുത്തിടെ പൊളിച്ചുമാറ്റിയത് മൂന്നു പേരുടെ മരണത്തിന് ശേഷമുണ്ടായ ജനകീയ പ്രതിഷേധത്തെ തുടർന്നാണ്. ജില്ലയിലെ ഈ പ്രധാന പാതയിൽ അമിത ഉയരത്തിലുള്ള ഹമ്പുകൾ നിർമിച്ചത് മാസങ്ങൾക്ക് മുമ്പാണ്.സുഗമമായ ഗതാഗതം നടക്കുന്ന വീതിയുള്ള മികച്ച റോഡാണിത്.വാഹനങ്ങൾക്ക് തടസ്സങ്ങളില്ലാതെ വേഗത്തിൽ യാത്ര ചെയ്യാവുന്നതും ഗതാഗതക്കുരുക്കില്ലാത്തതുമായ പാത.എന്നാൽ ഈ പാതയിൽ വലിയ ഹമ്പുകൾ വന്നതോടെ ഗതാഗതം താളം തെറ്റി.
മൈലപ്പുറം ജംഗ്ഷനിലെ തിരക്കു മൂലം വാഹനങ്ങളുടെ വേഗം കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹമ്പുകൾ സ്ഥാപിച്ചത്.സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി കാൽനടക്കാർ കടന്നു പോകുന്ന ഇവിടെ നാട്ടുകാരുടെ കൂടി നിർബന്ധത്തെ തുടർന്നാണ് ഹമ്പുകൾ വന്നത്.എന്നാൽ അധികൃതർ ഇവിടെ സ്ഥാപിച്ചതാകട്ടെ,അപകടം ക്ഷണിച്ചു വരുത്തുന്ന ഉയരം കൂടിയ ഹമ്പുകളും.
നല്ല റോഡുകളിൽ പോലും ഉയരമുള്ള ഹമ്പുകൾ പലയിടത്തും കാണാം.റോഡ് നിർമാണത്തിന്റെ സാങ്കേതികത്വത്തിൽ നിന്ന് ഏറെ വർഷങ്ങൾക്ക് മുമ്പേ ഉപേക്ഷിക്കപ്പെട്ടവയാണ് ഹമ്പുകൾ.സ്‌കൂളുകൾ, ആരാധനാലയങ്ങൾ തുടങ്ങിയ സ്ഥലങ്ങൾക്ക് മുന്നിലെ റോഡുകളിലാണ് ഹമ്പുകൾ കൂടുതലായി സ്ഥാപിച്ചിരുന്നത്.തിരക്കേറിയ ജംഗ്ഷനുകൾക്ക് സമീപത്തും ഇത്തരം വേഗനിയന്ത്രണ സംവിധാനങ്ങൾ ഉണ്ടായിരുന്നു.എന്നാൽ പുതിയ കാലത്തെ റോഡ് നിർമാണത്തിൽ ഹമ്പുകൾ എടുത്തു കളഞ്ഞവയാണ്.
അപകടങ്ങൾ പെരുകിയതിനാൽ കേരള ഹൈക്കോടതി വരെ മുമ്പ് ഹമ്പുകൾക്കെതിരെ ഉത്തരവുകളിട്ടിരുന്നു.ഹമ്പുകൾക്ക് പകരം കട്ടിയുള്ള ലൈനുകൾ,ഡിവൈഡറുകൾ എന്നിവയാണ് പിന്നീട് സ്ഥാപിച്ചിരുന്നത്.അപരിഷ്‌കൃതമായ ട്രാഫിക് സംവിധാനത്തിന്റെ അടയാളമായാണ് ഹമ്പുകൾ വിലയിരുത്തപ്പെടുന്നത്.എന്നാൽ അപരിഷ്‌കൃതമായ ഈ രീതി ഇപ്പോഴും പലയിടങ്ങളിലും തുടരുന്നുണ്ട്.
ദേശീയ പാതയിൽ നിന്ന് ഏറെക്കുറെ ഹമ്പുകൾ എടുത്തുകളഞ്ഞെങ്കിലും ഗ്രാമീണ റോഡുകളിൽ ഇവ ഇപ്പോഴും നിലനിൽക്കുന്നു.മാത്രമല്ല,ഹമ്പുകളുടെ ഉയരത്തിന്റെ കാര്യത്തിൽ ഏകീകൃതമായ രീതി നടപ്പാകുന്നുമില്ല.

ഉയരം കുറഞ്ഞതും കൂടിയതുമായ ഹമ്പുകൾ പലയിടത്തും കാണാം.ചിലയിടങ്ങളിലെല്ലാം നാട്ടുകാരുടെ ആവശ്യപ്രകാരമാണ് ഉയരമുള്ള ഹമ്പുകൾ സ്ഥാപിച്ചതെന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.അപകട സാധ്യതയുണ്ടെന്ന കാരണത്താൽ ഉയരംകൂടിയ ഹമ്പുകൾ നിർമിക്കാൻ നാട്ടുകാർ സമ്മർദം ചെലുത്തുന്നു.എന്നാൽ ഇത്തരം ഹമ്പുകൾ കൂടുതൽ അപകടങ്ങൾക്കും മരണങ്ങൾക്കും ഇടയാക്കുമ്പോൾ നാട്ടുകാർ തന്നെ അവ നീക്കം ചെയ്യാനും ആവശ്യപ്പെടുന്നു.ഇക്കാര്യത്തിൽ പൊതുമരാമത്ത് വകുപ്പിന് നിയതമായ ഒരു തീരുമാനമില്ലെന്നത് പരിഹാസ്യമാണ്.ഹമ്പുകൾ ഉപേക്ഷിക്കേണ്ട കാലം കടുന്നു പോയിട്ടും അവ സ്ഥാപിക്കുന്നതിനും അതുവഴി അപകടങ്ങൾ വിളിച്ചു വരുത്തുന്നതിനും അധികൃതർ തന്നെ കാരണക്കാരാകുന്നതും വലിയ തെറ്റാണ്.
ശാസ്ത്രീയവും കാലാനുസൃതവുമായ വേഗനിയന്ത്രണ മാർഗങ്ങളാണ് റോഡുകളിൽ ഉണ്ടാകേണ്ടത്.ആവശ്യമുള്ള സ്ഥലങ്ങളിൽ ഡിവൈഡറുകൾ സ്ഥാപിച്ച് വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതാണ് വിജയകരമായി മുന്നോട്ടു പോകുന്ന മാർഗം.വ്യത്യസ്ത നിറങ്ങളിലൂള്ള ലൈനുകളിലൂടെ, വിദേശ രാജ്യങ്ങളിലുള്ളതു പോലെ വേഗനിയന്ത്രണ സംവിധാനങ്ങൾ നാട്ടിലും വരേണ്ടതുണ്ട്.ഇത്തരം ലൈനുകളുടെ ട്രാഫിക് നിർവചനങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ വാഹന ഗതാഗത വകുപ്പ് കൂടുതൽ പരിശ്രമിക്കേണ്ടതുണ്ട്.
ഓരോ റോഡിന്റെയും ഘടനക്കനുസരിച്ചുള്ള വേഗനിയന്ത്രണ മാർഗങ്ങൾ കൊണ്ടു വരേണ്ടതും മുന്നറിയിപ്പ് അടയാളങ്ങളെ കുറിച്ച് വാഹനമുപയോഗിക്കുന്നരെ ബോധവൽക്കരിക്കുകയും ചെയ്യേണ്ടതുണ്ട്.കൂടുതൽ അപകടങ്ങൾ വരുത്തിവെക്കുന്ന ഹമ്പുകൾ ഇനിയെങ്കിലും റോഡുകളിൽ നിന്ന് അപ്രത്യക്ഷമാകണം.നിരത്തുകൾ സുഗമവും അപകട രഹിതവുമായ ഗതാഗതത്തിന് അനുയോജ്യമാക്കേണ്ടത് റോഡ് നിർമാണവുമായി ബന്ധപ്പെട്ട എൻജിനീയറിംഗ് വിഭാഗത്തിന്റെ ഉത്തരവാദിത്തമാണ്.






