ബേപ്പൂരിലേക്ക് പോകാം, ജലോത്സവം കാണാം

കേരളത്തിലെ ടൂറിസമെന്നാൽ കോവളം മുതൽ തൃശൂർ വരെ എന്നതായിരുന്നു സങ്കൽപം. ഇവിടെയെത്തുന്ന സഞ്ചാരികളെ കോവളം കടപ്പുറവും തെക്കൻ കേരളത്തിലെ കായലുകളും കൊച്ചിയും തൃശൂർ പൂരവും കാണിച്ചാൽ മതിയെന്നായിരുന്നു തലസ്ഥാനത്തെ വിനോദ സഞ്ചാര വെള്ളാനകളുടെ കാഴ്ചപ്പാട്. ഏതായാലും കുറച്ചു കാലമായി അതിന് മാറ്റം വന്നു തുടങ്ങിയിരിക്കുകയാണ്. ബേക്കലും തലശ്ശേരിയും സാൻഡ് ബാങ്ക്‌സും ബേപ്പൂരും പാലക്കാടുമെല്ലാം പരിഗണിച്ചു തുടങ്ങിയിരിക്കുന്നു. ബേപ്പൂരിന്റെ എം.എൽ.എ പി.എ. മുഹമ്മദ് റിയാസാണ് കേരളത്തിന്റെ വിനോദ സഞ്ചാര മന്ത്രി. അദ്ദേഹം മുൻകൈയെടുത്ത് പുരാതന തുറമുഖങ്ങളിലൊന്നായ ബേപ്പൂരിലേക്ക് യാത്രികരെ ആകർഷിക്കാൻ നിരവധി പദ്ധതികൾ ഇതിനകം ആസൂത്രണം ചെയ്തു നടപ്പാക്കി. ഇവയിൽ ഏറ്റവും ശ്രദ്ധേയമായത് ബേപ്പൂർ അന്താരാഷ്ട്ര ജലോത്സവമാണ്. ഇതിന്റെ രണ്ടാമത് എഡിഷനാണ് ഇപ്പോൾ ബേപ്പൂരിലും ചാലിയത്തുമായി നടന്നു വരുന്നത്. മന്ത്രിയുടെ വാക്കുകൾ കടമെടുത്താൽ കേരളത്തിലിപ്പോൾ പ്രകടമാവുന്നത് ഒരു തരം പ്രതികാര ടൂറിസമാണ്. കോവിഡ് കാരണം രണ്ടു വർഷത്തോളം വീടകങ്ങളിൽ അടങ്ങി ഒതുങ്ങിക്കഴിഞ്ഞ മനുഷ്യർക്ക് പുറംലോകം കാണണം. എവിടെയെങ്കിലും പോകണം. ഇതിന്റെ പ്രത്യാഘാതം ട്രെയിനുകളിലും ബസുകളിലും വൻ തിരക്കായി അനുഭവപ്പെടുകയും ചെയ്യുന്നു. 


മലബാറിലെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനായി മാറിയ വയനാട്ടിലേക്ക് എപ്പോഴും തിരക്കാണ്. ഇതിന്റെ ഫലമായി താമരശ്ശേരി ചുരത്തിൽ സദാ ഗതാഗത സ്തംഭനം കാണാനുമുണ്ട്. ബേപ്പൂരിലേക്ക് ജില്ലക്കകത്തു നിന്നും പുറത്തു നിന്നും ആളുകൾ പ്രവഹിക്കുകയാണ്. ക്രിസ്മസിന് സ്‌കൂളുകൾ അടച്ചതോടെ പറയാനുമില്ല. കുട്ടികളും കുടുംബങ്ങളും അതിരാവിലെ മുതൽ എത്തിച്ചേരുന്നു. സന്ദർശനം വെറുതെയാവില്ലെന്ന ഉറപ്പ് എല്ലാവർക്കുമുണ്ട്. താരതമ്യേന ചെറിയ ചെലവിൽ സാധാരണക്കാർക്ക് പോലും സാധിക്കുന്നതാണ് ബേപ്പൂരിൽ ജലോത്സവ നാളുകളിലെ വൺഡേ പിക്‌നിക്. 
കേരളത്തിന്റെ ഭാവിയായി വിനോദ സഞ്ചാര മേഖല മാറുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.  സാഹസിക ജല, കായിക മത്സരങ്ങളുടെ ഭൂപടത്തിൽ ഇടം നേടിയ ബേപ്പൂർ വാട്ടർ ഫെസ്റ്റ് രണ്ടാം സീസൺ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബേപ്പൂർ വാട്ടർഫെസ്റ്റ് എല്ലാ വർഷവും നടത്തും. ടൂറിസത്തെ ശക്തിപ്പെടുത്തി കേരളത്തിന്റെ ഗ്രാമീണ സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിക്കുന്നത്. ആഭ്യന്തര സഞ്ചാരികളുടെ വരവിൽ ഈ വർഷം സർവകാല റെക്കോർഡ് നേടിയെന്നും മന്ത്രി പറഞ്ഞു.  പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വിശിഷ്ടാതിഥിയായിരുന്നു. ചലച്ചിത്രതാരം സുരാജ് വെഞ്ഞാറമൂട് മുഖ്യാതിഥിയായി. വേദിയെ ഒന്നടങ്കം കൈയിലെടുത്ത പ്രകടനവും അദ്ദേഹം കാഴ്ചവെച്ചു. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി നേവൽ ബാന്റിന്റെ സംഗീത പരിപാടിയും അരങ്ങേറി. സിതാര കൃഷ്ണകുമാർ, നവ്യ നായർ തുടങ്ങിയവരുടെ പെർഫോമൻസും ആസ്വാദകർക്ക് ഏറെ രസിച്ചു. 
ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് സീസൺ 2 ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്ര ബേപ്പൂരിന് നിറച്ചാർത്തായി. ഫിഷിംഗ് ഹാർബർ പരിസരത്ത് നിന്നും ആരംഭിച്ച ഘോഷയാത്രയിൽ വർണാഭമായ മുത്തുക്കുടകളും ബലൂണുകളുമായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ അണിനിരന്നു.  ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി, ജനപ്രതിനിധികൾ, ബേപ്പൂർ ഫെസ്റ്റ് സംഘാടകർ തുടങ്ങി നിരവധി പേർ ഘോഷയാത്രയുടെ മുൻനിരയിൽ അണിനിരന്നു. ഘോഷയാത്ര വീക്ഷിക്കാനായി റോഡിന്റെ ഇരുവശവും നിരവധി പേരാണ് തടിച്ചുകൂടിയത്.


അറബിക്കടലിന്റെ തീരത്തു കൂടി നടന്ന സൈക്കിൾ സവാരിയിൽ അണിനിരന്നത് നൂറ്റമ്പതിലേറെ സവാരിക്കാർ. ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റിന്റെ ഭാഗമായാണ് സൈക്കിൾ സവാരി സംഘടിപ്പിച്ചത്. കോഴിക്കോട് ബീച്ചിൽ ആരംഭിച്ച സവാരി തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നാല് ക്ലബുകൾ സവാരിയിൽ പങ്കെടുത്തു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയിൽ നിന്നും വാട്ടർ ഫെസ്റ്റിന്റെ പതാക ക്ലബ് പ്രതിനിധികൾ ഏറ്റുവാങ്ങി.  സബ് കലക്ടർ വി. ചെൽസാ സിനി വാട്ടർ ഫെസ്റ്റിന്റെ പതാകയുയർത്തി. ഘോഷയാത്രക്ക് പൊലിമയേകാൻ ആവേശം നിറച്ച ചെണ്ടമേള, ബാൻഡ് വാദ്യം, കോൽക്കളി തുടങ്ങിയ വാദ്യ കലാരൂപങ്ങളുമുണ്ടായിരുന്നു.
ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് ആസ്വദിക്കാനെത്തിയവരെ ആവേശത്തിലാഴ്ത്തി പാരാമോട്ടോറിംഗ് പ്രകടനം. പാരാച്യൂട്ടിനോട് സാമ്യം തോന്നുന്ന വിധത്തിലുള്ള പാരാമോട്ടോറിൽ സഞ്ചരിക്കുന്ന പൈലറ്റ് കാണികളിൽ ആവേശമായി.


ബേപ്പൂർ മറീന ബീച്ചിൽ ജലോത്സവം വീക്ഷിക്കാൻ എത്തിയവർക്കാണ് പാരാമോട്ടോറിംഗ് കൗതുകക്കാഴ്ചയായത്. കോഴിക്കോട്ടുകാർക്ക് അത്ര പരിചയമില്ലാത്ത സാഹസിക പ്രകടനം ആളുകൾ വിസ്മയത്തോടെ നോക്കി നിന്നു. കടലിനു മീതെ കൂടെയുള്ള ആകാശയാത്ര കുട്ടികൾക്കും കൗതുകക്കാഴ്ചയായി. നാലു പാരാമോട്ടോർ ഗ്ലൈഡറുകളാണ് ആകാശത്ത് പ്രകടനം നടത്തിയത്. 
ഗോതീശ്വരം ബീച്ചിൽ നിന്നും പറന്നുയർന്ന ഗ്ലൈഡറുകൾ ബേപ്പൂർ ബീച്ചിലൂടെ ആകാശത്ത് അദ്ഭുതക്കാഴ്ചയൊരുക്കി. കോഴിക്കോട്ടുകാരനായ സലീം ഹസനും സംഘവും ചേർന്നാണ് പാരാമോട്ടോർ ഗ്ലൈഡിംഗ് ഒരുക്കുന്നത്. ഫെസ്റ്റിനെത്തുന്നവർക്ക് ഉത്സവ പ്രതീതി സമ്മാനിക്കുന്ന ആകാശക്കാഴ്ചകൾ വരുംദിവസങ്ങളിലും അരങ്ങേറും.
സുരക്ഷ മുൻനിർത്തി ബേപ്പൂരിൽ നിന്ന് ചാലിയത്തേക്കുള്ള ജങ്കാർ സർവീസ് രാത്രി ഏഴിന് ശേഷം ഉണ്ടായിരിക്കില്ല. പകരം പ്രത്യേകം ഏർപ്പാടാക്കിയ മിനി ബസ് സർവീസ് പ്രയോജനപ്പെടുത്താം. നിശ്ചിത എണ്ണത്തിൽ കൂടുതൽ ആളുകളെ ഒരു കാരണവശാലും ജങ്കാറിൽ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും  മറ്റു യാത്രാമാർഗങ്ങൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. കോഴിക്കോട്ടാണ് ഇത്തവണ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ വേദി. പുതുവർഷത്തിലെ ആദ്യ വാരത്തിലാണ് സാമൂതിരിയുടെ നഗരത്തിൽ കൗമാര കലാമേള. ഇതിന് തൊട്ടു മുമ്പ് വന്നണഞ്ഞ ബേപ്പൂർ ഉത്സവം ആസ്വദിക്കുകയാണ് എല്ലാവരും. 

Latest News