റഫാ അതിര്‍ത്തി റമദാനില്‍ മുഴുവന്‍ തുറന്നിടും; ഈജിപ്തിന്റെ അപ്രതീക്ഷിത നീക്കം 

കയ്‌റോ- റഫ അതിര്‍ത്തി റമദാനില്‍ മുഴുവന്‍ തുറന്നിടാന്‍ ഈജിപ്ത് തീരുമാനിച്ചു. ഗാസ അതിര്‍ത്തിയില്‍ ഇസ്രായില്‍ സൈന്യം 60 ഫലസ്തീനികളെ വെടിവെച്ചു കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹിന്റെ അപ്രതീക്ഷിത തീരുമാനം. ഫലസ്തീന്‍ ഭൂപ്രദേശത്തെ ജനങ്ങളുടെ ദുരിതം കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്ന് സീസി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഗാസയില്‍നിന്ന് ഇസ്രായില്‍ നിയന്ത്രണമില്ലാതെ പുറംലോകവുമായി ബന്ധപ്പെടാനാകുന്ന ഏക അതിര്‍ത്തി പോസ്റ്റാണ് റഫ. എന്നാല്‍ സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈജിപത് ഈ അതിര്‍ത്തി അടച്ചിടുകയാണ് പതിവ്. വര്‍ഷം ഏതാനും ദിവസങ്ങള്‍ മാത്രമാണ് ഫലസ്തീനികള്‍ക്കു മുന്നില്‍ അതിര്‍ത്തി തുറക്കാറുള്ളത്. 2013 ലാണ് ഇതിനു മുമ്പ് കൂടുതല്‍ ദിവസങ്ങള്‍ അതിര്‍ത്തി തുറന്നത് -മൂന്നാഴ്ച. 
സീനായ് ഉപദ്വീപിലെ സംഘര്‍ഷവും മറ്റു കാരണങ്ങളും ചൂണ്ടിക്കാട്ടിയാണ് ഈജിപ്ത് അധികൃതര്‍ റഫാ അതിര്‍ത്തി തുറക്കുന്ന ദിവസങ്ങള്‍ വെട്ടിച്ചുരുക്കാറുള്ളത്. 
ഗാസ അതിര്‍ത്തിയില്‍ കഴിഞ്ഞ തിങ്കളാഴ്ച ഇസ്രായില്‍ കൊലപ്പെടുത്തിയ 60 ഫലസ്തീനികളെ രക്തസാക്ഷികളെന്നാണ് ഈജിപത് വിശേഷിപ്പിച്ചത്. 
മാര്‍ച്ച് 30 നു ശേഷം ഇതുവരെ ഗാസ അതിര്‍ത്തിയില്‍ 114 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ജറൂസലമിനെ ഇസ്രായില്‍ തലസ്ഥാനമായി അംഗീകരിച്ച് അമേരിക്കയുടെ എംബസി തെല്‍അവീവില്‍നിന്ന് അങ്ങോട്ട് മാറ്റിയതിലുളള പ്രതിഷേധമാണ് ഫലസ്തീനികള്‍ പ്രകടിപ്പിച്ചത്. ഗാസ അതിര്‍ത്തിവേലിക്ക് സമീപം പ്രതിഷേധിച്ചവര്‍ക്കു നേരെ ഇസ്രായില്‍ നടത്തിയ ബലപ്രയോഗത്തെ യു.എന്‍ മനുഷ്യാവകാശ മേധാവി ശക്തിയായി അപലപിച്ചു. അധിനിവേശ ശക്തി നടത്തുന്ന ഇത്തരം കൊലപാതകങ്ങള്‍ മനഃപൂര്‍വമുള്ള കൊലകളുടെ പട്ടികയിലാണ് വരികയെന്നും നാലാം ജനീവ കണ്‍വെന്‍ഷന്റെ അതീവ ഗുരുതരമായ ലംഘനമാണിതെന്നും സെയ്ദ് റഅദല്‍ ഹുസൈന്‍ പറഞ്ഞു. 
ഇസ്രായിലുമായും ഗാസ ഭരിക്കുന്ന ഹമാസുമായും ബന്ധമുള്ള ഈജിപ്ത് സംഘര്‍ഷം ഒഴിവാക്കുന്നതിന് മധ്യസ്ഥ ശ്രമം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഈജിപ്ത് സന്ദര്‍ശിച്ച ഹമാസ് നേതാവ് ഇസ്്മായില്‍ ഹനിയ്യ ഈജിപ്ത് ഇന്റലിജന്‍സ് സര്‍വീസ് ഡയരക്ടര്‍ അബ്ബാസ് കാമിലുമായി ചര്‍ച്ച നടത്തിയിരുന്നു. 

Latest News