കോവിഡ് പരിശോധന: ദല്‍ഹിയിലെ സ്‌കൂള്‍ അധ്യാപകര്‍ക്ക് വിമാനത്താവളത്തില്‍ ഡ്യൂട്ടി

ന്യൂദല്‍ഹി- കഴിഞ്ഞ കുറേ ആഴ്ചകളായി ചൈനയടക്കം വിദേശ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍  രാജ്യം ജാഗ്രതയിലാണ്. കൊറോണ തടയുന്നതിനുള്ള  നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത് കൂടാതെ വിദേശത്തുനിന്നു എത്തുന്ന യാത്രക്കാര്‍ക്ക് ഉടന്‍തന്നെ കോവിഡ് പരിശോധനകള്‍ നിര്‍ബന്ധമാക്കും.

ഏറ്റവും കൂടുതല്‍ വിദേശ യാത്രക്കാര്‍ എത്തുന്ന ദല്‍ഹിയും  കനത്ത ജാഗ്രതയിലാണ്.കൊറോണയുമായി ബന്ധപ്പെട്ട് ദല്‍ഹി സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ, വിദേശ യാത്രക്കാരിലൂടെ കൊറോണ പകരുന്നത് തടയാന്‍ കര്‍ശന നടപടികളാണ് ദല്‍ഹി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.

ഈ നടപടികളുടെ ഭാഗമായി ഡിസംബര്‍ 31 മുതല്‍ ജനുവരി 15 വരെ ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകര്‍ക്ക് വിമാനത്താവളത്തില്‍ അധിക ചുമതല നല്‍കി നിയോഗിച്ചിരിക്കുകയാണ്. കൂടാതെ, കൊറോണയെ നേരിടാന്‍ 104 കോടി രൂപയും ദല്‍ഹി സര്‍ക്കാര്‍ അനുവദിച്ചു.

വിദേശത്ത് നിന്ന് വരുന്ന യാത്രക്കാരുടെ റാന്‍ഡം കോവിഡ് പരിശോധന ദല്‍ഹി വിമാനത്താവളത്തില്‍ നടക്കുന്നുണ്ട്. ഈ നടപടികളില്‍ സഹായത്തിനാണ് സര്‍ക്കാര്‍ സ്‌കൂളുകളിലെ  അദ്ധ്യാപകരെ 15 ദിവസത്തേക്ക് ദല്‍ഹി വിമാനത്താവളത്തില്‍ നിയമിക്കുന്നത് എന്ന് ദല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. ഇതിനായി ഡിസംബര്‍ 31 മുതല്‍ ജനുവരി 15 വരെ അദ്ധ്യാപകരെ അധിക ജീവനക്കാരായി വിമാനത്താവളത്തില്‍ ഡ്യൂട്ടിക്ക് നിയോഗിക്കും.

 

Latest News