ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി) ക്യാമ്പ് പുറമേ ശാന്തമാണെങ്കിലും ഉള്ളില്‍ വര്‍ധിച്ചുവരുന്ന ആശങ്കയും അസ്വാരസ്യവും അവരെ അസ്വസ്ഥരാക്കുന്നുണ്ട്. ഇതിന് വ്യക്തമായ കാരണങ്ങളുണ്ട്, ഇവ ചര്‍ച്ച ചെയ്യാനുള്ള യോഗങ്ങളിലാണ് ദേശീയ നേതൃത്വമിപ്പോള്‍.
ഡിസംബര്‍ 21 ന് പട്നയില്‍ യോഗം ചേര്‍ന്നു. 28 ന് ഹൈദരാബാദിലുമുണ്ട്. ബി.ജെ.പിയുടെ 'ദുര്‍ബലമായ' ലോക്സഭാ സീറ്റുകള്‍ 144-ല്‍ നിന്ന് (2022 ന്റെ മധ്യത്തില്‍) ഇപ്പോള്‍ 160 ആയി ഉയര്‍ന്നതാണ് പ്രധാന ആശങ്ക. പാര്‍ട്ടിയുടെ ആഭ്യന്തര വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ 'ദുര്‍ബലമായ സീറ്റുകളുടെ' എണ്ണം 204 ആയി സൂചിപ്പിക്കുന്നു, ഇത് കൂടുതല്‍ യാഥാര്‍ഥ്യബോധമുള്ള ഒന്നാണെന്ന് തോന്നുന്നു.
ഇത്തരമൊരു പശ്ചാത്തലത്തില്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വ്യക്തമായ ജനവിധി നേടുക എന്നത് എന്‍.ഡി.എക്ക് വെല്ലുവിളിയാകും. 543-ല്‍ 204 സീറ്റുകളില്‍ ബി.ജെ.പി വെല്ലുവിളി നേരിടുന്നതായി തോന്നുന്നതിനാല്‍, ബാക്കിയുള്ള 339-ല്‍ 272 സീറ്റുകള്‍ നേടുന്നത് എളുപ്പമല്ല.
ബീഹാറും മഹാരാഷ്ട്രയുമാണ് ബി.ജെ.പിക്ക് തലവേദന സൃഷ്ടിക്കുകയും എല്ലാ സൂത്രവാക്യങ്ങളും സമവാക്യങ്ങളും തിരുത്തുകയും ചെയ്യുന്ന സംസ്ഥാനങ്ങള്‍.
ബീഹാറില്‍, മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യു ഈ വര്‍ഷം ഓഗസ്റ്റില്‍ കാവി പാര്‍ട്ടിയുമായി പിരിഞ്ഞു, ആര്‍.ജെ.ഡി, കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവരുമായി മഹാഗത്ബന്ധന്‍ (മഹാസഖ്യം) രൂപീകരിച്ചു. ആര്‍.ജെ.ഡി തലവന്‍ തേജസ്വി യാദവിന് ബാറ്റണ്‍ കൈമാറാന്‍ നിതീഷ് പദ്ധതിയിടുന്നു,
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും ജെ.ഡി.യുവും ലോക് ജനശക്തി പാര്‍ട്ടിയും (എല്‍.ജെ.പി) സംസ്ഥാനത്ത് എന്‍.ഡി.എ ആയി സഖ്യമുണ്ടാക്കുകയും 40ല്‍ 39 സീറ്റുകള്‍ നേടുകയും ചെയ്തു. ഒരു സീറ്റ് കോണ്‍ഗ്രസിന്. സീറ്റ് വിഭജനം പരിശോധിച്ചാല്‍, 39-ല്‍ 17 എണ്ണം ബി.ജെ.പിക്കും 16 എണ്ണം ജെ.ഡി.യുവിനും 6 എണ്ണം എല്‍.ജെ.പിക്കും. ബി.ജെ.പി വിജയിച്ച 17 സീറ്റുകള്‍ നിലനിര്‍ത്തിയാലും, സാധ്യത തീരെയില്ലാത്ത 22ല്‍ അത് കൊണ്ട് കാര്യമില്ല. വൈശാലി, വാല്‍മീകി നഗര്‍, നവാഡ, കിഷന്‍ഗഞ്ച്, കതിഹാര്‍, സുപൗള്‍, മുന്‍ഗര്‍, പൂര്‍ണിയ, ഗയ, ഝഞ്ജര്‍പൂര്‍ തുടങ്ങിയ സീറ്റുകള്‍ ബി.ജെ.പിക്ക് ദുര്‍ബലമാണ്.
മഹാരാഷ്ട്ര
ശിവസേനയിലെ പിളര്‍പ്പ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബി.ജെ.പിക്ക് ശുഭസൂചന നല്‍കുന്നില്ല. എന്നാലും, ബി.ജെ.പിക്കും സേനയിലെ ഏകനാഥ് ഷിന്‍ഡെ വിഭാഗത്തിനും ഉദ്ധവ് താക്കറെയെ പുറത്താക്കാന്‍ കഴിഞ്ഞു, അത് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഷിന്‍ഡെ പുതിയ പ്രതാപത്തില്‍ കുതിക്കുകയാണെങ്കിലും, ഉദ്ധവിന്റെ നേതൃത്വത്തിലുള്ള സേനാ വിഭാഗം തിരിച്ചടിക്കാനുള്ള ശരിയായ സമയത്തിനായി കാത്തിരിക്കുകയാണ്.
2019ല്‍ 48 ലോക്സഭാ സീറ്റുകളില്‍ 23 എണ്ണം ബി.ജെ.പിയും 18 എണ്ണം ശിവസേന സഖ്യകക്ഷിയും പിടിച്ചെടുത്തു. സേന പിളര്‍പ്പിന് ശേഷം, 2019-ലെ പ്രകടനം 2024-ല്‍ ആവര്‍ത്തിക്കാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്ന് ഉറപ്പാണ്. ചില സീറ്റുകളില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സേനാ വിഭാഗം കോണ്‍ഗ്രസ്-എന്‍.സി.പിയെ സഹായിച്ചേക്കാം. രത്നഗിരി, ഷിര്‍ദി, മാവല്‍ എന്നിവയുള്‍പ്പെടെ പ്രധാന സീറ്റുകളില്‍ ബി.ജെ.പിയുടെയോ ഷിന്‍ഡെയുടെയോ സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാം. ബി.ജെ.പിയുടെ ആഭ്യന്തര വിലയിരുത്തലില്‍ സംസ്ഥാനത്തെ ദുര്‍ബലമായ സീറ്റുകളുടെ എണ്ണം 11 ആണ്.
2024-ല്‍ സംസ്ഥാനത്തെ 80 ലോക്സഭാ സീറ്റുകളിലും വിജയിക്കുകയാണ് തന്റെ പാര്‍ട്ടി ലക്ഷ്യമിടുന്നതെന്ന് ഉത്തര്‍പ്രദേശ് ബി.ജെ.പി അധ്യക്ഷന്‍ ഭൂപേന്ദ്ര സിംഗ് ചൗധരി പറഞ്ഞത് ആവേശഭരിതനായാണ്. അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം അമിത ആത്മവിശ്വാസത്തില്‍നിന്നുമാണ്. 2019ല്‍ 80ല്‍ 62 സീറ്റും (അതിന്റെ സഖ്യകക്ഷിയായ അപ്നാദള്‍ രണ്ട്) നേടിയപ്പോള്‍ ബി.ജെ.പി ഉജ്ജ്വല പ്രകടനമാണ് കാഴ്ചവെച്ചത് എന്നത് ശരിയാണ് എസ്.പിയും ബി.എസ്.പിയും ആര്‍.എല്‍.ഡിയും കൈകോര്‍ത്തിട്ടും എന്‍.ഡി.എ സര്‍ക്കാരിന്റെ സീറ്റുകള്‍ കുറഞ്ഞു എന്നതാണ് വസ്തുത. (2014ല്‍ 72 സീറ്റ് നേടി). പ്രതിപക്ഷം വീണ്ടും ഒരു കൂട്ടുകെട്ടുണ്ടാക്കുന്നതിന്റെ ലക്ഷണമില്ലെങ്കിലും ബി.ജെ.പി ഉയര്‍ത്തുന്ന വിഷയങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. അതിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികക്ക് ഹിന്ദുത്വത്തെ ഉയര്‍ത്തിക്കാണിക്കാനെ കഴിയൂ, കാരണം വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ സംസ്ഥാനം ഇപ്പോഴും പിന്നിലാണ്.
പശ്ചിമ ബംഗാള്‍
പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബി.ജെ.പിക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. അവരുടെ തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) 22 സീറ്റുകള്‍ നേടിയപ്പോള്‍, സംസ്ഥാനത്തെ 42 പാര്‍ലമെന്റ് സീറ്റുകളില്‍ 18 എണ്ണത്തില്‍ ബി.ജെ.പി വന്‍ നേട്ടമുണ്ടാക്കി. പാര്‍ട്ടിയുടെ ആഭ്യന്തര വിലയിരുത്തല്‍ പ്രകാരം പശ്ചിമ ബംഗാളില്‍ 24 ലോക്സഭാ സീറ്റുകള്‍ ബി.ജെ.പിക്ക് ദുര്‍ബലമാണ്.
ടിഎംസി-ബിജെപി ഏറ്റുമുട്ടല്‍ തുടര്‍ക്കഥയായ ബംഗാളില്‍ ഇവിടെ ബി.ജെ.പിക്ക് നല്ല സ്ഥാനമുണ്ടെങ്കിലും മറ്റ് പാര്‍ട്ടികളുമായി കൈകോര്‍ത്ത് ടി.എം.സിക്ക് അമ്പരപ്പുണ്ടാക്കാനാകും.
ഒഡീഷയില്‍ 21 ലോക്സഭാ സീറ്റുകളാണുള്ളത്. ബിജു ജനതാദള്‍ (ബിജെഡി) ബഹുജനങ്ങളുടെ മേല്‍ ആധിപത്യം പുലര്‍ത്തുന്നു. 2019ല്‍ ബി.ജെ.ഡി 12 സീറ്റും ബി.ജെ.പി 8 സീറ്റും കോണ്‍ഗ്രസ് 1 സീറ്റും നേടി. ഛത്തീസ്ഗഢില്‍ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ 11ല്‍ 9 സീറ്റും ബി.ജെ.പി നേടി. മധ്യപ്രദേശില്‍ ഒരു സീറ്റൊഴികെ മറ്റെല്ലാം പാര്‍ട്ടി വിജയിച്ചു.
ഈ വര്‍ഷം നടന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ ജനവിധി നേടുകയും യു.പിയില്‍ തുടര്‍ച്ചയായ രണ്ടാം വിജയം നേടുകയും ചെയ്തു. മണിപ്പൂരില്‍ അധികാരത്തില്‍ തിരിച്ചെത്തിയ അവര്‍ ഗോവയും ഉത്തരാഖണ്ഡും നിലനിര്‍ത്തി.
പട്ന യോഗത്തില്‍ ബിജെപിയുടെ ദേശീയ ഭാരവാഹികള്‍ 100 ''ദുര്‍ബലമായ സീറ്റുകള്‍'' എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ചര്‍ച്ച ചെയ്തു. ഹൈദരാബാദില്‍, മറ്റ് 60 'ദുര്‍ബലമായ സീറ്റുകള്‍' ഏറ്റെടുക്കും. ഈ സീറ്റുകള്‍ കൈകാര്യം ചെയ്യാന്‍ പാര്‍ട്ടി കൂടുതല്‍ ശ്രദ്ധ ചെലുത്താനുള്ള തന്ത്രം മെനയേണ്ടതുണ്ട്.






