പ്രവാസികളുടെ വോട്ടില്‍ ജാഗ്രതയുമായി സി.പി.എം, കൃത്യമായ കണക്കെടുപ്പ്

കോഴിക്കോട് :  വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികളായ വോട്ടര്‍മാരുടെ കാര്യത്തില്‍ കൃത്യമായ വിലയിരുത്തല്‍ നടത്തി മേല്‍ക്കമ്മറ്റികള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് സി.പി.എം നേതൃത്വത്തിന്റെ നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബൂത്ത് തല കമ്മറ്റികള്‍ക്ക് നല്‍കിയ രേഖയിലാണ് ഓരോ ബൂത്തിലും നിലവില്‍ വോട്ടര്‍ പട്ടികയിലുള്ള പ്രവാസികളായ വോട്ടര്‍മാരുടെ എണ്ണവും അവരുടെ രാഷ്ട്രീയ നിലപാടുകളും രേഖപ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. എണ്ണം രേഖപ്പെടുത്താനായി റിപ്പോര്‍ട്ടിംഗ് ഷീറ്റില്‍  പ്രത്യേക കോളവുും നല്‍കിയിട്ടുണ്ട്. വോട്ടര്‍ പട്ടികയിലുള്ളവരില്‍ ഇന്ത്യക്ക് പുറത്ത് ജോലി ചെയ്യുന്നവര്‍, കേരളത്തിന് പുറത്ത് ജോലിചെയ്യുന്നവര്‍ ഇന്ത്യയ്ക്ക് പുറത്തും കേരളത്തിന് പുറത്തും പഠനത്തിനായി പോയി വിദ്യാര്‍ത്ഥികള്‍ എന്നിവരുടെയെല്ലാം കൃത്യമായ കണക്കുകള്‍ ബൂത്തുകള്‍ വഴി ശേഖരിച്ച് ജില്ലാ കമ്മറ്റികള്‍ മുഖേന സംസ്ഥാന കമ്മറ്റിക്ക് നല്‍കണമെന്നാണ് നിര്‍ദ്ദേശം.


ഗള്‍ഫ് നാടുകളില്‍ ജോലിയെടുക്കുന്നവരുടെ കാര്യത്തിലാണ് പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന രാജ്യത്തു നിന്ന് തന്നെ തെരഞ്ഞെടുപ്പില്‍ ഇലക്ടോണിക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സാഹചര്യമൊരുക്കണമെന്ന നിര്‍ദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷന്റെ സജീവ പരിഗണനയിലുണ്ട്. ഇക്കാര്യത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാറുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. 2024 ല്‍ നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസി  വോട്ട് ഏര്‍പ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഈ സാഹചര്യത്തിലാണ് പ്രവാസി വോട്ടുകളെ സംബന്ധിച്ച സി.പി.എം കൃത്യമായ വിലയിരുത്തല്‍ നടത്തുന്നത്. ബൂത്ത്  തലത്തിലുള്ള വിവര ശേഖരണം വഴി വോട്ടര്‍ പട്ടികയിലുള്ള പ്രവാസി മലയാളികളുടെ പൂര്‍ണ്ണ വിവരങ്ങള്‍ ലഭിക്കും.


വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി മലയാളികള്‍ തെരഞ്ഞെടുപ്പ് സമയത്ത് നാട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലായി വര്‍ധിച്ചു വരികയാണ്. സി.പി.എമ്മിനെയും ഇടതുമുന്നണിയെയും സംബന്ധിച്ചിടത്തോളം പ്രവാസി വോട്ടുകള്‍ അവര്‍ക്ക് അനുകൂലമല്ല. മുസ്‌ലീം ലീഗിനും കോണ്‍ഗ്രസിനുമാണ് ഇതിന്റെ ഗുണം പ്രധാനമായും ലഭിക്കാറുള്ളത്. അതുകൊണ്ട് തന്നെ പ്രവാസി വോട്ടുകളുടെ കാര്യത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വലിയ ജാഗ്രത പുലര്‍ത്തണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള സി.പി.എം നേതൃത്വത്തിന്റെ നിര്‍ദ്ദേശം. മലബാര്‍ മേഖലയില്‍ പ്രവാസി വോട്ടുകള്‍ വളരെ നിര്‍ണ്ണായകമാണ്.
പ്രവാസികളുടെ നാട്ടിലുള്ള കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുത്തുകൊണ്ട് അവര്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാനും പ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പഠനത്തിനായി കേരളത്തിന് പുറത്തേക്കും വിദേശ രാജ്യങ്ങളിലേക്കും പോയ വിദ്യാര്‍ത്ഥികളുടെ എണ്ണവും വളരെ കൃത്യമായി തന്നെ ശേഖരിച്ച് റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

 

Latest News