വിദേശത്തുനിന്ന് വരുന്നവര്‍ക്ക് ചൈന ക്വാറന്റൈന്‍ ഒഴിവാക്കുന്നു

ബീജിംഗ്- രാജ്യത്ത് എത്തുന്ന യാത്രക്കാര്‍ ക്വാറന്റൈനില്‍ പോകണമെന്ന നിബന്ധന ജനുവരി എട്ടിന് അവസാനിപ്പിക്കുമെന്ന് ചൈന അറിയിച്ചു. സീറോകോവിഡ് നയം ഉപേക്ഷിച്ചതിനാല്‍ ചൈന എടുത്തുകളയുന്ന നിയന്ത്രണങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ നടപടിയാണിത്.
അതേസമയം, ചൈനയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണെന്നും നേരിടാന്‍ പാടുപെടുകയാണെന്നും ആരോഗ്യ ജീവനക്കാര്‍ പറയുന്നു.  ജീവനുകള്‍ രക്ഷിക്കാന്‍ സാധ്യമായത് ചെയ്യാന്‍ പ്രസിഡന്റ് ഷി ജിന്‍പിംഗ് ഉദ്യോഗസ്ഥരോട് അഭ്യര്‍ഥിച്ചിട്ടുമുണ്ട്.
കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് ചൈന അവസാനിപ്പിച്ചെങ്കിലും ദിവസവും ആയിരക്കണക്കിന് ആളുകള്‍ മരിക്കുന്നുണ്ടെന്നാണ് കരുതുന്നത്.
2020 മാര്‍ച്ച് മുതല്‍ ചൈനയില്‍ എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കേന്ദ്രീകൃത ക്വാറന്റൈന്‍ നിര്‍ബന്ധമായിരുന്നു. എന്നാല്‍ ക്വാറന്റൈന്‍ ദിവസങ്ങള്‍ ക്രമാനുഗതമായി കുറച്ചിരുന്നു.  മൂന്നാഴ്ചയില്‍ തുടങ്ങിയ ക്വാറന്റൈന്‍ ഇപ്പോള്‍ വെറും അഞ്ച് ദിവസമാണ്.
കോവിഡിനെ എ ക്ലാസ് പകര്‍ച്ചവ്യാധിയില്‍ നിന്ന് ക്ലാസ് ബിയിലേക്ക് തരംതാഴ്ത്തിയ പശ്ചാത്തലത്തിലാണ് ക്വാറന്റൈന്‍ ഒഴിവാക്കുന്നത്.
ആളുകളുടെ ജീവിതത്തെ അമിതമായി നിയന്ത്രിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നതുമെന്ന് വിമര്‍ശനമുയര്‍ന്ന സീറോകോവിഡ് നയത്തിന്റെ പിന്നിലെ പ്രേരകശക്തി പ്രസിഡന്റ് ഷി ജിന്‍പിംഗായിരുന്നു. ഇപ്പോള്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതും അദ്ദേഹത്തിനുമേല്‍ വലിയ സമ്മര്‍ദമാണെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
പ്രായമായവരില്‍ കോവിഡ് വര്‍ധിക്കുന്നതിന്റേയും ആശുപത്രി കേസുകള്‍ ഉയരുന്നതിന്റേയും ഉത്തരവാദിത്തം  അദ്ദേഹം ഏറ്റെടുക്കേണ്ടിവരും.

 

 

Latest News