പതിമൂന്നുകാരിക്ക് പീഡനം; രണ്ടാനച്ഛന് 19 വര്‍ഷം തടവ്

തൊടുപുഴ- 13കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതിന് രണ്ടാനച്ഛന് 19 വര്‍ഷം കഠിന തടവും 35000 രൂപ പിഴയും ശിക്ഷ. അടിവാട് സ്വദേശിയായ മധ്യവയസ്‌കനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ടി. ജി വര്‍ഗീസ് ശിക്ഷിച്ചത്. മുരിക്കാശ്ശേരി പോലിസ് സ്റ്റേഷന്‍ പരിധിയിലുള്ള ചെമ്പകപ്പാറയിലാണ് കേസിനാസ്പദ സംഭവം നടന്നത്.
കുട്ടിയുടെ അമ്മ രാത്രി കാലങ്ങളില്‍ കുളിക്കാന്‍ കയറിയ സമയം രണ്ട് ദിവസങ്ങളിലായി രണ്ട് തവണ പ്രതി ലൈംഗികാതിക്രമം നടത്തി എന്നാണ് കേസ്. വിവിധ വകുപ്പുകളിലായി 19 വര്‍ഷത്തെ ശിക്ഷ നല്‍കിയ കോടതി ഉയര്‍ന്ന ശിക്ഷയായ 5 വര്‍ഷം പ്രതി അനുഭവിച്ചാല്‍ മതി എന്നും വ്യക്തമാക്കി. പിഴ ഒടുക്കാത്തപക്ഷം അധിക ശിക്ഷ അനുഭവിക്കണമെന്നും ഇരയായ പെണ്‍കുട്ടിയുടെ പുനരധിവാസത്തിനായി 25000 രൂപ നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടും കോടതി നിര്‍ദേശിച്ചു.  പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിജോമോന്‍ ജോസഫ് കോടതിയില്‍ ഹാജരായി.

 

Latest News