യുവതിയുടെ വായില്‍ മദ്യം ഒഴിക്കാന്‍ ശ്രമിച്ച് ഭര്‍ത്താവ്, തടഞ്ഞ കുട്ടികള്‍ കൈയടി നേടി

ഝാന്‍സി- ഉത്തര്‍പ്രദേശില്‍ യുവതിയെ നിര്‍ബന്ധിച്ച് മദ്യം കഴിപ്പിക്കാന്‍ ഭര്‍ത്താവ് നടത്തിയ ശ്രമം തടഞ്ഞ കൗമാരക്കാര്‍ കൈയടി നേടി. ഝാന്‍സിയിലെ ഒരു റെസ്‌റ്റോറന്റില്‍ ക്രിസ്മസ് രാത്രിയാണ് സംഭവം. ഭര്‍ത്താവ് ഭാര്യയുടെ തൊണ്ടയിലേക്ക് മദ്യം ബലമായി ഒഴിക്കുന്നതാണ് 16- 17 കൗമാരക്കാര്‍ തടഞ്ഞതെന്ന് മാധ്യമപ്രവര്‍ത്തകയും അക്കാദമിക് വിദഗ്ധയുമായ ശ്വേത കോത്താരി ട്വിറ്ററില്‍ കുറിച്ചു.
ഒരു സ്ത്രീ പീഡിപ്പിക്കപ്പെടുമ്പോഴോ ഒരു കുട്ടി മര്‍ദിപ്പെടുമ്പോഴോ കുറ്റവാളിയെ സമീപിച്ച്  അവരുടെ ക്രൂരകൃത്യം തടയാന്‍ സാധാരണ ആളുകള്‍ ധൈര്യപ്പെടാറില്ല. ഇവിടെയാണ് കൗമാരക്കാര്‍ അതിനു ധൈര്യം കാണിച്ചത്.
ഭര്‍ത്താവ് ഭാര്യയെ മദ്യപിക്കാന്‍ നിര്‍ബന്ധിക്കുന്നതു കണ്ടപ്പോള്‍   കുട്ടികള്‍  പ്രതിഷേധിക്കുകയായിരുന്നു. സ്ത്രീ തന്റെ ഭാര്യയായതിനാല്‍ തനിക്ക് ഇഷ്ടമുള്ളതെന്തും ചെയ്യാമെന്ന് പറഞ്ഞുകൊണ്ട് ഭര്‍ത്താവ് കുട്ടികളോട് തര്‍ക്കിച്ചു. സ്ഥിതിഗതികള്‍ വഷളായതോടെ മാനേജ്‌മെന്റ് ഇടപെട്ടു.
നിരവധി ആളുകള്‍ കുട്ടികളുടെ ധൈര്യത്തെ അഭിനന്ദിച്ചപ്പോള്‍, വീട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയെ എന്തുചെയ്യുമെന്ന കാര്യത്തില്‍ ചിലര്‍ ആശങ്ക പ്രകടിപ്പിച്ചു. അതേസമയം, ഇത്തരം പ്രവൃത്തികള്‍ നടക്കുമ്പോള്‍ ആളുകള്‍ ശബ്ദമുയര്‍ത്തണമെന്ന അഭിപ്രായത്തിനു തന്നെയാണ് കൂടുതല്‍ പിന്തുണ. കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍! യുവതലമുറയിലുള്ള നമ്മുടെ വിശ്വാസം വീണ്ടെടുക്കപ്പെടുകയാണ്-ആളുകള്‍ കമന്റ് ചെയ്തു.

 

Latest News