റോഡ് നന്നാക്കുമെന്ന് ഉറപ്പു കിട്ടി; 66 ദിവസത്തിനുശേഷം മന്ത്രി ചെരിപ്പ് ധരിച്ചു; വീഡിയോ കാണാം

ഗ്വാളിയോര്‍- ജന്മനാടായ ഗ്വാളിയോറിലെ റോഡുകളുടെ ശോച്യാവസ്ഥ മാറിയ ശേഷമേ ചെരിപ്പ് ധരിക്കൂ എന്ന് പ്രതിജ്ഞയെടുത്ത മധ്യപ്രദേശ് മന്ത്രി പ്രധുമന്‍ സിംഗ് തോമര്‍ 66 ദിവസങ്ങള്‍ക്കുശേഷം ചെരിപ്പ് ധരിച്ചു. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് അദ്ദേഹം വീണ്ടും പാദരക്ഷ ധരിച്ചത്. റോഡുകളുടെ അവസ്ഥ മെച്ചപ്പെടുന്നതുവരെ നഗ്‌നപാദനായി നടക്കുമെന്ന് ഒക്ടോബറിലാണ് മന്ത്രി തോമര്‍ പ്രഖ്യാപിച്ചിരുന്നുത്. 66 ദിവസങ്ങള്‍ക്ക് ശേഷം ഞായറാഴ്ചയാണ് അദ്ദേഹം ചെരിപ്പുകള്‍ ധരിക്കാന്‍ തുടങ്ങിയത്. റോഡ് പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര മന്ത്രി സിന്ധ്യ ഉറപ്പുനല്‍കി.
ജ്യോതിരാദിത്യ സിന്ധ്യ മന്ത്രിക്ക് ഒരു ജോടി പുതിയ ചെരിപ്പുകള്‍ നല്‍കുന്ന വീഡിയോ തോമര്‍ പങ്കുവെച്ചു. സിന്ധ്യയുടെ അഭ്യര്‍ഥന മാനിച്ച് ചെരിപ്പ് ധരിച്ച ശേഷം മന്ത്രി അദ്ദേഹത്തിന്റെ കാലില്‍ തൊട്ടു.
ഗ്വാളിയോറിന്റെ ചുമതലയുള്ള മന്ത്രി തുളസി സിലാവത്, ബിജെപി ജില്ലാ പ്രസിഡന്റ് അഭയ് ചൗധരി എന്നിവരുടേയും ബി.ജെ.പിയുടെ ദൈവതുല്യരായ നേതാക്കളുടെയും സാന്നിധ്യത്തില്‍ എനിക്ക് ധരിക്കാന്‍ ചെരിപ്പുകള്‍ നല്‍കി അദ്ദേഹം അനുഗ്രഹിച്ചു-തോമര്‍ ട്വീറ്റ് ചെയ്തു. എന്റെ ജീവിതത്തിലെ അവിസ്മരണീയമായ ദിവസമാണിന്ന്, ഗെന്‍ഡേവാലി റോഡും ലക്ഷ്മണ്‍ തലയ്യ റോഡും രാജ്പയാഗ റോഡും നന്നാക്കുന്നത് വരെ ജനങ്ങളുടെ വേദന അറിയാന്‍ ഞാനും നഗ്‌നപാദനായി തുടരുമെന്ന് മൂന്ന് മാസം മുമ്പ് നിങ്ങളോട് പറഞ്ഞിരുന്നു- ഇപ്പോള്‍ വ്യക്തമായ ഉറപ്പു ലഭിച്ചിരിക്കയാണ്. ഒക്‌ടോബര്‍ 20നാണ് ജില്ലയിലെ റോഡുകളുടെ ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെട്ടത്. പ്രദേശത്തെ റോഡുകളുടെ ശോച്യാവസ്ഥയില്‍ തങ്ങള്‍ അനുഭവിക്കുന്ന വേദന പൊതുജനങ്ങള്‍ വിവരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തോമര്‍  പൊതുജനങ്ങളോട് മാപ്പ് പറയുകയും നഗരത്തിലെ മൂന്ന് റോഡുകള്‍  നന്നാക്കുന്നതുവരെ ചെരിപ്പ്  ധരിക്കില്ലെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തത്.
സിന്ധ്യയ്‌ക്കൊപ്പം 2020 മാര്‍ച്ചില്‍ പാര്‍ട്ടി വിട്ട നിരവധി കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരാളാണ് തോമര്‍. 2020 ല്‍ ബി.ജെ.പി ടിക്കറ്റില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച അദ്ദേഹം ചൗഹാന്‍ സര്‍ക്കാരില്‍ ഊര്‍ജ മന്ത്രിയായി.

 

Latest News