പരിസ്ഥിതിയെ മറന്നു നടപ്പാക്കിയ ഏകപക്ഷീയ, മനുഷ്യ കേന്ദ്രീകൃതമായ പല നടപടികളാണ് നമ്മുടെ തീരദേശത്തും സമതലങ്ങളിലും മലയോരങ്ങളിലും ഇന്നു നേരിടുന്ന അതീവ ഗുരുതരമായ പല പ്രശ്‌നങ്ങൾക്കും കാരണം. നമ്മൾ മാത്രമല്ല, ലോകം തന്നെ ഇന്നു പാരിസ്ഥിതിക ദുരന്തങ്ങൾക്കു മുന്നിലാണല്ലോ. ഇനിയങ്കിലും അത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാനുള്ള വിവേകപൂർവമായ തീരുമാനമെടുക്കേണ്ട സമയം കൂടിയാണിത്.
വിഴിഞ്ഞം കേന്ദ്രീകരിച്ച് മത്സ്യത്തൊഴിലാളികൾ നടത്തിയ ശക്തമായ പോരാട്ടത്തിനു ശേഷം മലയോര ജനതയുടെ പോരാട്ടത്തിനാണ് കേരളം സക്ഷ്യം വഹിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ പോരാട്ടത്തെ പോലെ പിറന്ന മണ്ണിൽ ജീവിക്കാനുള്ള പോരാട്ടം തന്നെയാണ് മലയോര ജനതയും ആരംഭിച്ചിരിക്കുന്നത്. അതേസമയം വിഴിഞ്ഞം സമരത്തെ ശക്തമായി എതിർക്കുകയും പുരോഹിതർ നടത്തുന്ന വിമോചന പോരാട്ടമെന്നാക്ഷേപിക്കുകയും അദാനിയുമായി കൈകോർക്കുകയും ഗൂഢാലോചന നടത്തി തകർക്കുകയും ചെയ്തവരെല്ലാം പുരോഹിതരുടെ വലിയ പങ്കാളിത്തമുണ്ടെങ്കിലും ഈ സമരത്തോടൊപ്പമാണ് എന്നത് സ്വാഗതാർഹമാണ്. അപ്പോഴും കേരളം നേരിടുന്ന അതിരൂക്ഷമായ പാരിസ്ഥിതിക പ്രശ്‌നങ്ങളും ഈ സമരത്തിന്റെ ഭാഗമാകേണ്ടതുണ്ട്. മറുവശത്ത് വർധിച്ചുവരുന്ന മനുഷ്യ - വന്യമൃഗ സംഘർഷങ്ങളും.
വന്യജീവി സങ്കേതങ്ങൾക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ നിർബന്ധമാക്കിയ വിധിയിൽ ഇളവു തേടി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ മോഡിഫിക്കേഷൻ ഹരജി നൽകിയതായാണ് അവസാന വാർത്ത. ജൂൺ മൂന്നിലെ സുപ്രീം കോടതി വിധി പരിഷ്‌കരിച്ച് ഇളവ് അനുവദിക്കണമെന്നാണ് ആവശ്യം. ജനവാസ മേഖലകളെ ഒഴിവാക്കണം എന്നതടക്കം കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഉന്നയിക്കുന്ന പല ആവശ്യങ്ങളും കേന്ദ്രത്തിന്റെ പുതിയ ഹരജിയിലുണ്ട്. വിധിയുടെ നടത്തിപ്പിലാണ് ഇളവു തേടിയിരിക്കുന്നത്. ജനവാസ കേന്ദ്രമാണോയെന്നു പരിശോധിച്ച ശേഷമേ അന്തിമ വിജ്ഞാപനമിറക്കാവൂ, തദ്ദേക ഭരണ സ്ഥാപനങ്ങളെ കൂടി മുഖവിലക്കെടുക്കണം, മലയോര മേഖലയിലെ താമസക്കാർക്ക് അവിടം വിട്ടുപോകാൻ സാഹചര്യമില്ല തുടങ്ങിയ കാര്യങ്ങളും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സുപ്രീം കോടതി വിധിയിൽ ഇളവ് ആവശ്യപ്പെട്ടുള്ള വിവിധ ഹരജികൾ കഴിഞ്ഞ രണ്ടിനു പരിഗണിച്ചപ്പോൾ ഓരോ പ്രദേശത്തെയും യഥാർഥ സാഹചര്യം കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നു ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ബഫർ സോൺ വിജ്ഞാപനത്തിന്റെ പരിധിയിൽനിന്നു ചില വനമേഖലകളെ ഒഴിവാക്കാവുന്നതാണെന്നു കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അഭിപ്രായപ്പെട്ടിരുന്നു. അടുത്ത മാസം 13 നു കേസ് വീണ്ടും സുപ്രീം കോടതി പരിഗണിക്കും. കേന്ദ്ര സർക്കാർ തന്നെ വിധിയിൽ ഇളവു തേടിയതു കേരളത്തിന്റെ ആവശ്യങ്ങൾക്കു ബലമേകുമെന്നാണ് വിലയിരുത്തൽ.
അതേസമയം, പരാതികൾ പരിഹരിച്ചുള്ള ഭൂപടം തയാറാക്കുന്നതിനുള്ള സർവേ പൂർത്തിയായില്ലെങ്കിൽ സമയം നീട്ടിച്ചോദിക്കാനാണ് കേരളത്തിന്റെ നീക്കം. ഉപഗ്രഹ ചിത്രം പൂർണമല്ലെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തിയിരുന്നു. തദ്ദേക സ്വയംഭരണ സ്ഥാപനങ്ങളെയും കുടുംബശ്രീ പോലുള്ള സംഘടനകളെയും ഉൾപ്പെടുത്തി പ്രാദേശിക തലത്തിൽ നേരിട്ടു പരിശോധന നടത്താനാണ് തീരുമാനം. ബഫർ സോണുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനു നൽകിയ ഭൂപടം സംസ്ഥാന സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2021 ൽ വനംവകുപ്പ് തയാറാക്കിയ സീറോ ബഫർ സോൺ മാപ്പാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരാതിയുണ്ടെങ്കിൽ അടുത്ത മാസം ഏഴിനകം അറിയിക്കണം. ഇപ്പോൾ പ്രസിദ്ധീകരിച്ചത് അന്തിമ ഭൂപടമല്ലെന്നും ഭൂതല സർവേ, വനംവകുപ്പിന്റെ ഭൂപടം, ഉപഗ്രഹ സർവേ എന്നിവ അടിസ്ഥാനമാക്കിയാകും അന്തിമ റിപ്പോർട്ടെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞിട്ടുണ്ട്. ബഫർ സോണിൽ ജനവാസ മേഖലകളെ ഒഴിവാക്കുമെന്നും.
ഗാഡ്ഗിൽ റിപ്പോർട്ടുമായി ബന്ധപ്പെട്ട് സംസ്ഥാനം കണ്ട അതിരൂക്ഷവും പലപ്പോഴും അക്രമാസക്തവുമായ സമരങ്ങൾക്കു ശേഷം ഏറെ ശാന്തമായിരുന്ന മലയോര ജനത ഒരിക്കൽ കൂടി പോരാട്ടത്തിന്റെ പാതയിലാണ്. തീർച്ചയായും ഗാഡ്ഗിലിനെതിരെ നടന്ന പോരാട്ടങ്ങൾ പൂർണമായും പിന്തുണക്കാവുന്ന ഒന്നായിരുന്നില്ല. വസ്തുതകളെ വളച്ചൊടിച്ചും കർഷകരിൽ അമിതമായ ഭീതി വിതച്ചുമാണ് അന്ന് സമരം മുന്നേറിയത്. പലപ്പോഴും ക്വാറി മാഫിയയും സമരത്തെ പിന്തുണച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ അവസ്ഥ വളരെ വ്യത്യസ്തമാണ്. രാജ്യത്ത് നിലനിൽക്കുന്ന വന്യജീവി സംരക്ഷണ നിയമത്തിന്റെ തുടർച്ചയാണ് ബഫർ സോണും. വന്യജീവി സംരക്ഷണ സങ്കേതത്തിനു ചുറ്റും അത്തരം സോൺ ആവശ്യവുമാണ്. എന്നാൽ നിയമത്തിനു കണ്ണില്ല എന്ന നിലപാട് യാന്ത്രികമായി നടപ്പാക്കാനാകില്ല. കേരളം പോലെ ജനസാന്ദ്രമായ ഒരു പ്രദേശത്ത്, വനത്തോട് ചേർന്ന് ലക്ഷങ്ങൾ ജീവിക്കുമ്പോൾ, ഒരു സുപ്രഭാതത്തിൽ അവയെല്ലാം ബഫർ സോണാണെന്നു പറഞ്ഞ് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിൽ എന്തർത്ഥം? ഒരോ പ്രദേശത്തിന്റെയും പ്രത്യേകതകൾ കണക്കിലെടുത്തു വേണം ഓരോ നിയമവും നടപ്പാക്കാൻ. തീർച്ചയായും അന്യായമായ രീതിയിൽ വൻതോതിലുള്ള വനം കൈയേറ്റവും കുടിയേറ്റവും കേരളത്തിൽ നടന്നിട്ടുണ്ട്. പക്ഷേ അവരെയൊന്നും ഇറക്കിവിടാവുന്ന സാഹചര്യമല്ലല്ലോ ഇപ്പോഴുള്ളത്. ഇതെല്ലാം പരിഗണിച്ചു വേണം ഇക്കാര്യത്തിൽ നിലപാടെടുക്കാൻ. ഒരേ സമയം മനുഷ്യാവകാശങ്ങളും മൃഗാവകാശങ്ങളും സംരക്ഷിക്കണം. അതാണ് സംസ്‌കാരമുള്ള ഒരു ജനതയുടെ ലക്ഷണം. യു എന്നും ഇക്കാര്യം ഊന്നിപ്പറയുന്നുണ്ടല്ലോ.
2011 ൽ കേന്ദ്രം പുറത്തിറക്കിയ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും വന്യജീവി സങ്കേതങ്ങൾ ഉൾപ്പെടെയുള്ള സംരക്ഷിത വനമേഖലകളുടെ ഒരു കി മീ ചുറ്റളവ് ബഫർ സോണാക്കി മാറ്റണമെന്നുമായിരുന്നു ഉത്തരവ്. അവിടങ്ങളിൽ ഒരു തരത്തിലുള്ള വികസന നിർമാണ പ്രവർത്തനങ്ങളും ഖനനവും അനുവദിക്കില്ല. നിലവിലെ കൃഷിയും കാലിവളർത്തലും മറ്റും തുടരാം. ഏതു മരം മുറിക്കാനും കിണറുകൾ കുഴിക്കാനും അനുമതി വേണം. ഇതനുസരിച്ച് നാലു ലക്ഷം ഏക്കർ സ്ഥലത്തെ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്നാണ് കർഷക സംഘടനകൾ പറയുന്നത്. നിലവിൽ 18 വന്യജീവി സങ്കേതങ്ങളും 6 ദേശീയ ഉദ്യാനങ്ങളും അടക്കം 24 സംരക്ഷിത വന പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്. ആലപ്പുഴ, കാസർകോട് ജില്ലകൾ മാത്രമാണ് ഒഴിവായിട്ടുള്ളത്. ഇവിടെനിന്ന് ആരെയും ഇറക്കിവിടുകയില്ല. പക്ഷേ ജീവിതം ദുസ്സഹമാകും. സ്ഥലം പണയം വെച്ച് ലോൺ പോലും ലഭിക്കില്ല.
ഇതെല്ലാം നടക്കുമ്പോഴാണ് തുടക്കത്തിൽ സൂചിപ്പിച്ച പോലെ സംസ്ഥാനത്തുടനീളം മനുഷ്യ വന്യമൃഗ സംഘർഷങ്ങൾ രൂക്ഷമായിരിക്കുന്നത്. ആന, കടുവ, പുലി, പന്നി തുടങ്ങി വിവിധയിനം വന്യമൃഗങ്ങൾ യഥേഷ്ടം വനമിറങ്ങിവന്ന് കർഷകരുടെ ജീവനും സ്വത്തിനും കൃഷിക്കും വളർത്തുമൃഗങ്ങൾക്കും ഭീഷണിയായി മാറിയിരിക്കുന്നു. ഇത്തരം വാർത്തകളില്ലാതെ ഒരു ദിവസവും കടന്നുപോകുന്നില്ല. സന്ധ്യക്കു ശേഷം പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ് പലയിടത്തും നിലനിൽക്കുന്നത്. തീർച്ചയായും നമ്മുടെ ദീർഘവീക്ഷണമില്ലാത്ത പല നടപടികളുടെയും ഫലമാണിത്. എന്നാൽ അതേക്കുറിച്ച് തർക്കിക്കേണ്ട സമയമല്ല ഇത്. മുകളിൽ പറഞ്ഞ പോലെ മൃഗാവകാശങ്ങളും സംരക്ഷിച്ച് മനുഷ്യ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്ന വെല്ലുവിളിയാണ് സർക്കാരിനു മുന്നിലുള്ളത്. മറ്റെല്ലാ ഭിന്നതകളും മാറ്റിവെച്ച് കേരളം ഒന്നിക്കേണ്ട സമയമാണിത്.
കാര്യങ്ങൾ ഇങ്ങനെയാക്കെയാണെങ്കിലും മുൻകാല പ്രവൃത്തികളെ കുറിച്ചൊരു വിലയിരുത്തലുകൾ നടത്താനും ഇനിയും തെറ്റുകൾ ആവർത്തിക്കാതിരിക്കാനും തീരുമാനിക്കേണ്ട സമയം കൂടിയാണിത്. പരിസ്ഥിതിയെ മറന്നു നടപ്പാക്കിയ ഏകപക്ഷീയ, മനുഷ്യ കേന്ദ്രീകൃതമായ പല നടപടികളാണ് നമ്മുടെ തീരദേശത്തും സമതലങ്ങളിലും മലയോരങ്ങളിലും ഇന്നു നേരിടുന്ന അതീവ ഗുരുതരമായ പല പ്രശ്‌നങ്ങൾക്കും കാരണം. നമ്മൾ മാത്രമല്ല, ലോകം തന്നെ ഇന്നു പാരിസ്ഥിതിക ദുരന്തങ്ങൾക്കു മുന്നിലാണല്ലോ. ഇനിയങ്കിലും അത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാനുള്ള വിവേകപൂർവമായ തീരുമാനമെടുക്കേണ്ട സമയം കൂടിയാണിത്.






