Sorry, you need to enable JavaScript to visit this website.

പശ്ചിമ ബംഗാളിന് വന്ദേഭാരത് ട്രെയിന്‍,  കേരളം പ്രതീക്ഷിക്കുന്നത് മംഗളുരു-ചെന്നൈ റൂട്ടില്‍ 

കൊല്‍ക്കത്ത- പശ്ചിമബംഗാളിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസിന് ഡിസംബര്‍ മുപ്പതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്‌ളാഗ് ഓഫ് ചെയ്യുമെന്ന് മുതിര്‍ന്ന റയില്‍വേ ഉദ്യോഗസ്ഥന്‍ അറിയിച്ചു. തിരക്കേറിയ ഹൗറ-ന്യൂ ജല്‍പായ്ഗുരി റൂട്ടിലായിരിക്കും വന്ദേ ഭാരത് സര്‍വീസ് നടത്തുക. സര്‍വീസ് തുടങ്ങുന്നതോടെ വടക്കുകിഴക്കന്‍ ഭാഗത്തേക്കുള്ള കവാടമായ കൊല്‍ക്കത്തയ്ക്കും സിലിഗുരിക്കുമിടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കാനാവും. ആഴ്ചയില്‍ ആറുദിവസമാണ് സര്‍വീസ് ഉണ്ടാവുക. ഏഴര മണിക്കൂര്‍കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാവും. രാവിലെ ആറുമണിക്ക് ഹൗറ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.30 ന് ന്യൂ ജല്‍പായ്ഗുരി സ്റ്റേഷനിലെത്തും, വടക്കന്‍ ബംഗാള്‍ സ്റ്റേഷനില്‍ നിന്ന് ഉച്ചയ്ക്ക് 2.30 ന് പുറപ്പെട്ട് രാത്രി 10 മണിക്ക് ഹൗറയിലെത്തും.കേരളത്തിനുള്ള വന്ദേഭാരത് ട്രെയിന്‍ കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചേക്കും എന്നാണ് കരുതുന്നത്. തിരക്കേറിയ ചെന്നൈ-  മംഗളുരു റൂട്ടാണ് ് പരിഗണനയില്‍. ദക്ഷിണ റെയില്‍വേയും ഈ ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഓഗസ്റ്റിനകം രാജ്യത്താകെ 75 ട്രെയിനുകള്‍ ഓടിക്കാനുള്ള കേന്ദ്രപദ്ധതിയിലാണ് കേരളം വന്ദേഭാരത് ട്രെയിന്‍ പ്രതീക്ഷിക്കുന്നത്.
വന്ദേഭാരതിനായി തിരുവനന്തപുരം-എറണാകുളം (ആലപ്പുഴ വഴി), ഷൊര്‍ണൂര്‍-മംഗളൂരു പാതകളുടെ വേഗത 130കിലോമീറ്റര്‍ വരെയായി കൂട്ടും. നിലവില്‍ എറണാകുളം-ഷൊര്‍ണൂര്‍ 80കി.മീറ്ററും ഷൊര്‍ണൂര്‍-മംഗലാപുരം 110കി.മീറ്ററുമാണ് ശരാശരി വേഗത. ചെന്നൈ-കന്യാകുമാരി വന്ദേഭാരതിനായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. 
 

Latest News