Sorry, you need to enable JavaScript to visit this website.

സി.പി.എം നേതാക്കൾ ജനപ്രതിനിധി ആകും മുമ്പും ശേഷവുമുള്ള ആസ്തി പുറത്തുവിടുമോ- കേന്ദ്രമന്ത്രി മുരളീധരൻ

- പാർട്ടിക്കുള്ളിൽ അന്വേഷണം നടത്തി ഒതുക്കി തീർക്കുന്നതാണ് സി.പി.എമ്മിന്റെ ശൈലി. ഇ.പി ജയരാജനെതിരായ ആരോപണം അവശ്യമെങ്കിൽ കേന്ദ്ര ഏജൻസി അന്വേഷിക്കാമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ
പത്തനംതിട്ട - സി.പി.എം നേതാവ് ഇ.പി ജയരാജനെതിരായ ആരോപണം അവശ്യമെങ്കിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സി.പി.എമ്മിനകത്ത് ഇത് നാളുകളായി നടക്കുന്നതാണ്. പുറത്തു വരുന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. സി.പി.എം നേതാക്കൾ സ്വന്തം പേരിലും ബിനാമി പേരിലും സ്വത്തുക്കൾ വാരിക്കൂട്ടുകയാണെന്നും വി മുരളീധരൻ ആരോപിച്ചു. 
 ഇ.പി ജയരാജന്റെ ഭാര്യയും മകനും ആയുർവേദ റിസോർട്ടിൽ പങ്കാളിയാണെന്നാണ് കേൾക്കുന്നത്. എന്താണ് അവരുടെ വരുമാനത്തിന്റെ സ്രോതസ്സ്. എന്തു വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം നേതാക്കൾക്ക് ഇത്തരം സംരംഭത്തിൽ പങ്കാളിയാകാൻ കഴിയുന്നത്? ഭരണത്തിന്റെ തണലിൽ സമ്പാദിക്കുന്ന പണം കുടുംബക്കാരുടെ പേരിലും ഇഷ്ടക്കാരുടെ പേരിലും വിവിധ സ്ഥാപനങ്ങളിൽ നിക്ഷേപിക്കുകയാണ്.
കേരളത്തിലെ സി.പി.എമ്മിന്റെ ജില്ലാ സംസ്ഥാന നേതാക്കൾ, അവർ എം.എൽ.എയോ, എം.പിയോ ആകുന്നതിന് മുമ്പത്തെ സാമ്പത്തിക സ്ഥിതിയും ഇന്നത്തെ സാമ്പത്തിക സ്ഥിതിയും തമ്മിലുള്ള വ്യത്യാസം ജനങ്ങൾക്കെല്ലാം അറിയാം. ഇതുസംബന്ധിച്ച് സർക്കാരോ, പാർട്ടിയോ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി വസ്തുതകൾ പുറത്തുവിടുമോ എന്ന് കേന്ദ്രമന്ത്രി ചോദിച്ചു. 
 പാർട്ടിക്കുള്ളിൽ അന്വേഷണം നടത്തി ഒതുക്കി തീർക്കുന്നതാണ് സി.പി.എമ്മിന്റെ ശൈലി. ആ സമീപനം സ്വീകരിച്ച് ജനങ്ങളെ കബളിപ്പിക്കുന്നതിന് പകരം വസ്തുതകൾ പുറത്തുകൊണ്ടുവരാൻ തക്ക അന്വേഷണത്തിന് സി.പി.എം തയ്യാറാകണം. വിഷയം പാർട്ടിക്കുള്ളിൽ അഭ്യന്തര അന്വേഷണത്തിൽ ഒതുക്കാതെ സത്യം ജനങ്ങളെ അറിയിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

Latest News