നടി തുനിഷയുടെ മരണത്തിന് പിന്നില്‍ ലവ് ജിഹാദെന്ന് മഹാരാഷ്ട്ര മന്ത്രി, പോലീസ് തള്ളി

മുംബൈ- നടി തുനിഷയുടെ ആത്മഹത്യക്ക് കാരണം ലവ് ജിഹാദെന്ന് മഹാരാഷ്ട്രയിലെ മന്ത്രിയും ബി.ജെ.പി നേതാവുമായ ഗിരീഷ് മഹാജന്‍. പോലീസ് അന്വേഷിച്ചുവരികയാണ്. ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ ലൗ ജിഹാദിനെതിരെ കര്‍ശനമായ നിയമം കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ടെന്നും മഹാജന്‍ പറഞ്ഞു.

നടി തുനിഷയുടെ മരണവുമായി ബന്ധപ്പെട്ട് ഞായറാഴ്ചയാണ് ഗിരീഷ് മഹാജന്‍ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് ദിനംപ്രതി വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ പോലീസ് നിഷേധിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഷീസാന്റെയും തുനിഷയുടെയും ഫോണുകള്‍ കണ്ടെടുത്തിട്ടുണ്ടെന്നും എ.സി.പി ചന്ദ്രകാന്ത് യാദവ് വ്യക്തമാക്കി.

തുനിഷയും ഷീസാനും പ്രണയത്തിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഇരുവരും വേര്‍പിരിഞ്ഞത്. ഇതിന് പിന്നാലെയാണ് നടി സ്വയം ജീവനൊടുക്കിയതെന്നും എ.സി.പി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചിത്രീകരണത്തിന്റെ ഇടവേളയില്‍ ശുചിമുറിയിലേക്ക് പോയ നടി അവിടെ തൂങ്ങിമരിക്കുകയായിരുന്നു. വിവരമറിഞ്ഞ് സെറ്റിലുള്ളവര്‍ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ വച്ചാണ് മരണം സ്ഥിരീകരിച്ചതെന്നും ഡി.എസ്.പി കൂട്ടിച്ചേര്‍ത്തു.

 

Latest News