കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷമുണ്ടായ നാടകീയ സംഭവ വികാസങ്ങൾ തുടരുകയാണ്. വിജയം ഉറപ്പിച്ച ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം തികച്ചും അപ്രതീക്ഷിതമാണ് ഫല പ്രഖ്യാപന ദിവസം ഉച്ചയ്ക്ക് ശേഷമുണ്ടായ സംഭവങ്ങൾ. യു.പിയിലെ ശക്തിദുർഗങ്ങളിലൊന്നായ ഗോരഖ്പുരിലെ ദയനീയ പരാജയത്തിന് ശേഷം ബി.ജെ.പിക്ക് ആശ്വാസം പകർന്നതാണ് തെക്കേ ഇന്ത്യയിലെ പ്രധാന സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം. പണ്ട് ഭരണം ലഭിച്ച തെന്നിന്ത്യൻ സംസ്ഥാനത്ത് ഏറ്റവും വലിയ കക്ഷിയായി മാറാൻ കഴിഞ്ഞു. അതു കൊണ്ട് തന്നെ ജനതാദൾ എസിനെയോ കോൺഗ്രസിനെയോ പിളർത്തിയും അംഗങ്ങളെ ചാക്കിട്ട് പിടിച്ചും ഭരണം പിടിക്കാൻ ബി.ജെ.പി ഉത്സാഹിക്കുമെന്ന് ഉറപ്പാണ്. നിലവിലെ അനുകൂല സാഹചര്യം മുതലെടുക്കാൻ 2019 ൽ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് നേരത്തേയാക്കാനും കേന്ദ്രം ഭരിക്കുന്ന കക്ഷി തുനിയാനിടയുണ്ട്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ബി.ജെ.പി വക്താക്കളിൽ ചിലർ ചാനലുകളിലിരുന്ന് ഇക്കാര്യം സ്ഥിരീകരിക്കുന്നതും കേട്ടു. നോട്ട് റദ്ദാക്കൽ, ജി.എസ്.ടി നടപ്പാക്കൽ, ജോലി സ്ഥിരത ഇല്ലാതാക്കൽ, ഹിന്ദി ബെൽറ്റിലെ കർഷക ആത്മഹത്യ, നിത്യേനയുള്ള ഇന്ധന വില വർധനവ് എന്നീ വിപരീത സാഹചര്യങ്ങളുണ്ടായിട്ടും ജനവിധി ഇത്രയ്ക്ക് അനുകൂലമെന്നത് ബി.ജെ.പി നേതാക്കൾക്ക് ആഹ്ലാദിക്കാൻ വക നൽകി. കോൺഗ്രസിനും മറ്റു പ്രമുഖ പ്രതിപക്ഷ കക്ഷികൾക്കും തന്ത്രങ്ങൾ ആവിഷ്‌കരിക്കാനും മുന്നണി രൂപീകരിക്കാനും സാവകാശം നൽകാതെ ധിറുതി പിടിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തൽ ഇത്തരമൊരു പശ്ചാത്തലത്തിലാണ്. നൂറിലധികം സീറ്റിൽ ജയിക്കാനായ കർണാടകയിൽ അധികാരത്തിലെത്താനുള്ള എല്ലാ വഴികളും ആലോചിച്ച് ബി ജെ പി അധ്യക്ഷൻ അമിത് ഷാ തിരക്കിലാണ്. അധികാരമേറ്റ ഉടൻ കർണാടക മുഖ്യമന്ത്രി യെദിയൂരപ്പ കോൺഗ്രസ് എം.എൽ.എമാരെ പാർപ്പിച്ച റിസോർട്ടിന്റെ പോലീസ് സംരക്ഷണം പിൻവലിച്ച് ചാക്കിട്ടു പിടിത്തത്തിന് സൗകര്യം ചെയ്തിട്ടുണ്ട്. അതേ പോലെ പ്രധാനമാണ് ആദ്യ പ്രഖ്യാപനമായ കാർഷിക കടങ്ങൾ എഴുതിത്തള്ളൽ. ഒരു ലിംഗായത്ത് മുഖ്യമന്ത്രി ഒറ്റ ദിവസം കൊണ്ട് അധികാരം ഒഴിയേണ്ടി വന്നാൽ പോലും പൊതു തെരഞ്ഞെടുപ്പിൽ കർണാടക കോൺഗ്രസ്-ദൾ സഖ്യം കൊണ്ടുപോവുന്നതിന് തടയിടാനുള്ള വിദ്യ.
ബി ജെ പിയെ സംബന്ധിച്ചിടത്തോളം ദക്ഷിണേന്ത്യയിലേക്കുള്ള വാതിൽ കൂടിയാണ് കർണാടക. ആവനാഴിയിലെ സകല തന്ത്രങ്ങളും പയറ്റാനാണ് അമിത് ഷായുടെ നീക്കം. പ്രകാശ് ജാവ്‌ദേക്കറും ജെ പി നഡ്ഡയും ഉൾപ്പെടെ മൂന്ന് മന്ത്രിമാരാണ് കർണാടകയിലെ അവസാനവട്ട ചർച്ചകൾക്കും തന്ത്രങ്ങൾക്കും രൂപം കൊടുക്കുന്ന അമിത് ഷായുടെ കോർ കമ്മിറ്റിയംഗങ്ങൾ. അവർ ബംഗളൂരുവിൽ ക്യാമ്പ് ചെയ്ത് തന്ത്രങ്ങൾ മെനയുകയാണ്. കോൺഗ്രസ് നീക്കങ്ങൾ അട്ടിമറിക്കാനുള്ള സകല അടവുകളും ബി ജെ പി പയറ്റുമെന്നുറപ്പ്. ഇതിന് പറ്റിയ ആളുകൾ രാജ്ഭവനുകളിലുണ്ടെന്നത് പരസ്യമായ രഹസ്യവും.
ഭൂരിപക്ഷം ഒരു പാർട്ടിക്കും ലഭിക്കാത്തത് കാരണം എംഎൽഎമാരെ പണം കൊടുത്ത് ചാക്കിട്ട് പിടിക്കുന്ന വിദ്യയാണ് നടക്കുന്നത്. സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നും എംഎൽഎമാരെ അടർത്തിയെടുക്കാൻ ബിജെപി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. സർക്കാർ രൂപീകരിക്കാൻ ഗവർണർ ബിജെപിയെ വിളിച്ച സാഹചര്യത്തിൽ നിയമ പോരാട്ടത്തിന്റെ വഴിയിലാണ് കോൺഗ്രസ്. മോഡി ഭരണം തുടങ്ങിയ ശേഷം കോൺഗ്രസ് പല സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽക്കുകയുണ്ടായി.
പരാജയപ്പെട്ട ഉടൻ വാർ റൂം അടച്ചു പൂട്ടി നേതാക്കൾ പറന്നകലുകയെന്നതായിരുന്നു ഇതേ വരെയുള്ള ശീലം. ഇതിൽ നിന്ന് വ്യത്യസ്തമായി കോൺഗ്രസിന്റെ ദേശീയ നേതൃത്വം സട കൂടഞ്ഞെഴുന്നേറ്റിരിക്കുകയാണ്. ദൽഹിയിലെന്ന പോല കർണാടക തലസ്ഥാനത്തും കോൺഗ്രസ് നേതാക്കൾ കർമ നിരതരായി രംഗത്തുണ്ട്. ബുധനാഴ്ച അർധ രാത്രി സുപ്രീം കോടതിയെ സമീപിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം ഉത്സാഹിച്ചത് മാറ്റത്തിന്റെ സൂചനയാണ്. സത്യപ്രതിജ്ഞ തടയാനായില്ലെങ്കിലും ഇതിന്റെ ഇഫക്ട് മറ്റു സംസ്ഥാനങ്ങളിലും ബി.ജെ.പി അനുഭവിക്കേണ്ടി വരും. കോൺഗ്രസിന് മുൻതൂക്കമുള്ള ഗോവ, ആർ.ജെ.ഡി വലിയ കക്ഷിയായ ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ പുതിയ യുദ്ധ മുഖം തുറക്കുന്നത് കേന്ദ്രം ഭരിക്കുന്ന പാർട്ടിയെ അസ്വസ്ഥമാക്കുന്നുണ്ട്. ആരെ സർക്കാരുണ്ടാക്കാൻ വിളിക്കണമെന്നത് ഗവർണറുടെ വിവേചനാധികാരമാണ്. 2006 ലെ സുപ്രീം കോടതി വിധിയിൽ ഇക്കാര്യം കൃത്യമായി വ്യക്തമാണ്. ഗവർണർക്ക് ഏത് പാർട്ടിയെ വേണമെങ്കിലും സർക്കാരുണ്ടാക്കാൻ വിളിക്കാം. ഗവർണർ യെദിയൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാൻ പതിനഞ്ച് ദിവസം സമയം അനുവദിച്ചത് ബിജെപിക്ക് അധികാരം പിടിക്കാനാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. നിയമ നടപടിയുമായി മുന്നോട്ടു പോകുമെങ്കിലും എംഎൽഎമാർക്ക് വമ്പൻ തുക വാഗ്ദാനം ചെയ്തതിന്റെ ഞെട്ടലിലാണ് കോൺഗ്രസ്. പണാധിപത്യത്തിലൂടെ കാര്യങ്ങൾ നേടുന്ന ചാണക്യ തന്ത്രം ഇന്ത്യ കുറച്ചു കാലമായി കാണുന്നു. ഇതിനപ്പുറം ജനാധിപത്യ ഇന്ത്യയെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തിലേക്ക് കാര്യങ്ങൾ മാറാനും വ്യാഴാഴ്ച പുലരുവോളം നീണ്ട സുപ്രീം കോടതി എപ്പിസോഡ് സഹായകമായി. പ്രമുഖ വാർത്താ ചാനലുകൾ ലൈവ് കവറേജ് നൽകിയപ്പോൾ ലോകത്തിന്റെ നാനാഭാഗങ്ങളിലുമുള്ള ഇന്ത്യക്കാർ ആശങ്കയോടെയാണ് വീക്ഷിച്ചത്.
ഗവർണർ രാഷ്ട്രീയം കളിക്കുന്നതാണ് ബംഗളൂരുവിൽ കണ്ടത്. വെങ്കട്ടരാമൻ ഫോർമുല ഉപയോഗിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയെ ഗവർണർക്ക് സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചതെന്ന് പറയാം. യെദിയൂരപ്പയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച് ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ബിജെപിയാണ് സംസ്ഥാനത്തുള്ള ഏറ്റവും വലിയ ഒറ്റക്കക്ഷി. പ്രതിപക്ഷ എംഎൽമാരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ സർക്കാർ താഴെപ്പോകുകയും ചെയ്യും.
ബിജെപിക്ക് സർക്കാരുണ്ടാക്കാനുള്ള അംഗബലം ഇല്ല എന്ന് തോന്നിയാൽ ജെഡിഎസ് കോൺഗ്രസ് സഖ്യത്തെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാം. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ കേന്ദ്ര മന്ത്രി അനന്ത് കുമാറിനൊപ്പം യെദിയൂരപ്പ ഗവർണറെ കണ്ടിരുന്നു. കെ ആർ നാരായൺ ഫോർമുല പ്രകാരം തെരഞ്ഞെടുപ്പിന് ശേഷമുള്ള വലിയ സഖ്യത്തെയാണ് സർക്കാരുണ്ടാക്കാൻ ക്ഷണിക്കേണ്ടത്. നിലവിലെ സാഹചര്യത്തിൽ എച്ച്ഡി കുമാരസ്വാമിയോട് സർക്കാർ രൂപീകരിക്കാനും ഭൂരിപക്ഷം തെളിയിക്കാനും ആവശ്യപ്പെടണം. കോൺഗ്രസിന് 78 ഉം ജെഡിഎസിന് 38 സീറ്റുകളുമാണുള്ളത്. ഇതോടെ സർക്കാർ രൂപീകരിച്ച് കോൺഗ്രസ് - ജെഡിഎസ് സഖ്യത്തിന് അധികാരത്തിലെത്താൻ കഴിയും.
2014 മെയ് മാസത്തിൽ അധികാരത്തിലേറിയ നരേന്ദ്ര മോഡി സർക്കാരിന്റെ കാലാവധി അവസാനിക്കുന്നത് 2019 മെയ് മാസത്തിലാണ്. സാധാരണ ഗതിയിൽ അടുത്ത വർഷം ഏപ്രിൽ-മെയ് മാസങ്ങളിലാണ് പാർലമെന്റിലേക്ക് വോട്ടെടുപ്പ് നടക്കേണ്ടത്. ഇതിന് വിരുദ്ധമായി ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തേയാക്കാനാണ് കേന്ദ്ര ഭരണ നേതൃത്വം ആലോചിക്കുന്നത്.
പ്രസിഡന്റ് രാംനാഥ് കോവിന്ദ് കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ തുടങ്ങി വെച്ച സംവാദത്തിൽ ഊന്നിയാണ് ഇതിനുള്ള നീക്കം. തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തിയാൽ ചെലവ് ചുരുക്കാമെന്നാണ് അദ്ദേഹം നിർദേശിച്ചത്. ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല. നമ്മുടെ ജനാധിപത്യ പ്രക്രിയ സുഗമമാക്കുന്നതിന്റെ ഭാഗമായി ഇതു സംബന്ധിച്ച ചർച്ച കുറച്ചു കാലമായി നടന്നു വരുന്നുണ്ട്. 1999 ൽ കേന്ദ്ര നിയമ കമ്മീഷൻ ഇത്തരമൊരു ശുപാർശ മുന്നോട്ട് വെച്ചത് മുതലാണ് ദേശീയ തലത്തിൽ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുകയെന്ന ആശയത്തിന് സ്വീകാര്യത ലഭിച്ചു തുടങ്ങിയത്. ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകൾ വെവ്വേറെ നടത്തുമ്പോൾ ഖജനാവിൽ നിന്ന് നഷ്ടമാവുന്ന കോടികൾ ലാഭിക്കുകയുമാവാമെന്നതിനാൽ ഇതിനെ പിന്തുണയ്ക്കുന്ന സാമ്പത്തിക വിദഗ്ധരുണ്ട്. ഓരോ 4-6 മാസത്തിനിടയ്ക്ക് വോട്ടെടുപ്പ് എന്നത് സർക്കാർ സംവിധാനങ്ങളുടെ പതിവ് പ്രവർത്തനത്തെയും ബാധിക്കുന്നുണ്ട്.
ഈ വർഷം ഒക്‌ടോബർ-നവംബർ മാസങ്ങളിലാണ് മധ്യ പ്രദേശ്, ഛത്തീസ്ഗഢ് നിയമസഭകളിലേക്ക് വോട്ടെടുപ്പ് നടക്കേണ്ടത്. ഇതിനൊപ്പം പാർലമെന്റ് തെരഞ്ഞെടുപ്പും നടത്താനാണ് ആലോചന. സ്വതന്ത്ര ഇന്ത്യയിൽ പാർലമെന്റ്, അസംബ്ലി തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തിയിട്ടുണ്ട്. 1967 വരെ വലിയ കുഴപ്പമില്ലാതെ ഇത് തുടരുകയും ചെയ്തു. ചില നിയമസഭകൾ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് പിരിച്ചു വിട്ടതിനെ തുടർന്നാണ് ക്രമീകരണത്തിൽ മാറ്റം വന്നത്. മാത്രവുമല്ല, 1970 ൽ പൊതു തെരഞ്ഞെടുപ്പ് നേരത്തെയാക്കിയിരുന്നു. കോൺഗ്രസിലെ പിളർപ്പ്, പ്രാദേശിക പാർട്ടികളുടെ ആവിർഭാവം, മത്സരിക്കുന്ന പാർട്ടികളുടെ എണ്ണത്തിലുണ്ടായ വർധന, വിവിധ സംസ്ഥാനങ്ങളിൽ രൂപപ്പെട്ട മുന്നണികൾ എന്നീ ഘടകങ്ങൾ കൂടി സ്വാധീനിച്ചാണ് അതത് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് സീസണുകളെ കുറിച്ച് ധാരണ ഉരുത്തിരിഞ്ഞത്.
മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ നേരത്തേ പൊതുതെരഞ്ഞെടുപ്പ് നടത്തിയേക്കുമെന്ന സൂചനയിൽ കോൺഗ്രസടക്കമുള്ള കക്ഷികൾ ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കൈവരിച്ച കർണാടക, ഗുജറാത്ത് പ്രകടനങ്ങൾ പ്രവർത്തകർക്ക് ആവേശം പകർന്നിട്ടുണ്ട്.
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു മുതൽ ബി.ജെ.പിയുടെ തുരുപ്പു ചീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ്. ഇത്തവണയും ഇതിനു മാറ്റമുണ്ടാവാൻ സാധ്യതയില്ല. ഏറ്റവുമൊടുവിൽ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വരെ ചരിത്ര വിഷയങ്ങളിലൂന്നിയാണ് അദ്ദേഹം കാമ്പയിൻ നടത്തിയത്.
ഈ വർഷാവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ സ്ഥിതി ബി.ജെ.പിയ്ക്ക് ആശ്വാസം പകരുന്നതല്ല. വലിയ സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയിൽ ശിവസേന ദശകങ്ങളായി ബി.ജെ.പിയുടെ സഖ്യകക്ഷിയാണ്. ഇതേ ശിവസേനയാണ് ബി.ജെ.പി സർക്കാരിന്റെ ഏറ്റവും വലിയ വിമർശകർ. ശിവസേന ബി.ജെ.പിയുമായി അകന്ന സാഹചര്യം കോൺഗ്രസ് ഉറ്റുനോക്കുന്നുണ്ട്. മഹാരാഷ്ട്രയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ബി.ജെ.പി വിരുദ്ധ മുന്നണിയുണ്ടാക്കാനും അതിന്റെ ഭാഗമാകാനുമാണ് ശിവസേനയുടെ ശ്രമം. ആന്ധ്രാപ്രദേശിലെ സഖ്യകക്ഷിയായിരുന്ന തെലുങ്കുദേശം ഇപ്പോൾ ഒപ്പമില്ല. ദേശീയ തലത്തിൽ മതേതര സഖ്യത്തിന് നേതൃത്വം നൽകിയിരുന്ന നേതാവാണ് ചന്ദ്രബാബു നായിഡു.
ഉത്തരേന്ത്യയിൽ ഇത്തവണ സീറ്റ് കുറഞ്ഞേക്കാമെന്ന വിലയിരുത്തലിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുമാണ് ബി.ജെ.പിയുടെ നോട്ടം. രജനീകാന്തിന്റെ രാഷ്ട്രീയ ഇടപെടലും അണ്ണാ എ.ഡി.എം.കെയിലെ പ്രതിസന്ധിയും ഡി.എം.കെയുടെ രാഷ്ട്രീയ നീക്കങ്ങളും ഒരേ പോലെ നിരീക്ഷിച്ചാണ് അമിത് ഷാ തമിഴ്‌നാട്ടിലെ തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നത്.
രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനമേറ്റ ശേഷം നടക്കുന്ന ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പെന്ന സവിശേഷത ഇത്തവണയുണ്ട്. കർണാടകയിൽ ശക്തമായ പ്രചാരണം നയിച്ച് മികച്ച പ്രകടനം കാഴ്ച വെക്കാൻ രാഹുലിന് സാധിച്ചിരുന്നു. ഇതും കോൺഗ്രസിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. എന്നാൽ പൊതുതെരഞ്ഞെടുപ്പിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. കോൺഗ്രസിന് സഖ്യകക്ഷികൾ ആവശ്യമാണ്. എല്ലാ ഈഗോയും മാറ്റിവെച്ച് കർണാടകയിൽ ജനതാദൾ സെക്യുലറിന് മുഖ്യമന്ത്രി സ്ഥാനം ഓഫർ ചെയ്ത കോൺഗ്രസ് നിലപാട് പൊതുവെ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. ദേശീയ തലത്തിൽ കൂടുതൽ സഖ്യകക്ഷികളെ ലഭിക്കാൻ ഇത് കാരണമാവും.
ഇന്ത്യ കണ്ട ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പാണ് കർണാടകയിൽ നടന്നത്. 9500 മുതൽ 10,500 കോടിയാണ് തെരഞ്ഞെടുപ്പിന് വേണ്ടി വിവിധ രാഷ്ട്രീയ പാർട്ടികൾ ഒഴുക്കിയത്. ദൽഹി ആസ്ഥാനമായ ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ മീഡിയ സ്റ്റഡീസാണ് കണക്ക് തയാറാക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ഇരട്ടി തുകയാണ് കർണാടകയിൽ ചെലവായിരിക്കുന്നത്. ഇതേ രീതിയിൽ പോയാൽ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അറുപതിനായിരം കോടി വരെ ചെലവ് പ്രതീക്ഷിക്കാമെന്നാണ് കണക്കു കൂട്ടൽ. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 30,000 കോടി രൂപയായിരുന്നു ചെലവ്. എം.എൽ.എയുടെ വില ശത കോടികളിലേക്ക് കുതിക്കുമ്പോൾ ഇതൊക്കെ എത്ര നിസ്സാരം?