Sorry, you need to enable JavaScript to visit this website.

ഉപഹാരങ്ങളേറ്റുവാങ്ങി സൗദിയില്‍നിന്ന് തടവുകാർ പുറത്തേക്ക്

വിശുദ്ധ റമദാൻ പ്രമാണിച്ച് സൽമാൻ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പിന് അർഹരായ തടവുകാരെ ജയിൽ ഉദ്യോഗസ്ഥർ യാത്രയാക്കുന്നു
ദീർഘകാലത്തെ ജയിൽ വാസത്തിനു ശേഷം അസീർ പ്രവിശ്യയിലെ ജയിലിൽ നിന്ന് വിട്ടയക്കപ്പെട്ട തടവുകാരനെ ബന്ധു ആശ്ലേഷിക്കുന്നു.

റിയാദ് - ഇങ്ങിനെയൊരു ജയിൽ മോചനം ലോകത്ത് വേറെ എവിടെ നിന്നെങ്കിലും കേട്ടിട്ടുണ്ടോ. തടവുകാർക്ക് സമ്മാനം നൽകിയും പിരിഞ്ഞുപോകുമ്പോൾ ജയിലധികൃതർ ആശ്ലേഷിച്ചുമുള്ള യാത്രയയപ്പ്. പോരാത്തതിന് ജോലിയും. തടവുമോചിതരെ ജോലിക്ക് വെക്കുന്നവർക്ക് സർക്കാർ വക പ്രത്യേക ഇളവും. സൗദിയിൽനിന്ന് ഈ കാഴ്ച്ച. 
വിശുദ്ധ റമദാൻ പ്രമാണിച്ച് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പിന് അർഹരായ തടവുകാരെയാണ് പൂച്ചെണ്ടുകളും ഉപഹാരങ്ങളും പുസ്തകങ്ങളും വിതരണം ചെയ്ത് യാത്രയയക്കുന്നത്. തടവുകാർക്ക് ഗംഭീര യാത്രയപ്പാണ് നൽകുന്നതെന്ന് സൗദി ജയിൽ വകുപ്പ് വക്താവ് ബ്രിഗേഡിയർ അയ്യൂബ് ബിൻ നഹീത്ത് പറഞ്ഞു. ഭൂരിഭാഗം തടവുകാർക്കും തൊഴിൽ പരിശീലനം നൽകിയിട്ടുണ്ട്. കുറ്റകൃത്യങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നതിനും നാടിനും സമൂഹത്തിനും പ്രയോജനപ്പെടുന്ന വ്യക്തികളായി സ്വയം പരിവർത്തിക്കുന്നതിനും പൊതുമാപ്പ് തടവുകാർ പ്രയോജനപ്പെടുത്തണം. 


മൊബൈൽ ഫോൺ റിപ്പയറിംഗ്, കംപ്യൂട്ടർ റിപ്പയറിംഗ്, ഇലക്ട്രിക്കൽ ജോലികൾ, ഹെവി വാഹനങ്ങളുടെ ഡ്രൈവിംഗ് എന്നിവ അടക്കമുള്ള തൊഴിലുകളിലാണ് പരിശീലനം നൽകിയിരിക്കുന്നത്. ജയിൽ മോചിതരാകുന്ന സൗദി തടവുകാരെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങൾക്ക് സൗദിവൽക്കരണ പദ്ധതിയായ നിതാഖാത്തിൽ പ്രത്യേക വെയ്‌റ്റേജ് നൽകുന്നുണ്ട്. ഒരു ജയിൽ മോചിതനെ ജോലിക്കു വെക്കുന്നത് രണ്ടു സൗദികളെ ജോലിക്കു വെക്കുന്നതിന് തുല്യമായാണ് നിതാഖാത്തിൽ കണക്കാക്കുന്നത്.

സൗദിവൽക്കരണം പാലിക്കുന്നതിനുള്ള സാമ്പത്തിക ഭാരം കുറക്കുന്നതിന് ഈ ആനുകൂല്യം സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കും. ആദ്യ ദിവസം തന്നെ വിവിധ പ്രവിശ്യകളിലെ ജയിലുകളിൽ നിന്ന് 1148 തടവുകാരെ പൊതുമാപ്പിൽ വിട്ടയച്ചു. പൊതുമാപ്പിന് അർഹരായ തടവുകാരെ കണ്ടെത്തുന്നതിന് വിവിധ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ പ്രത്യേക കമ്മിറ്റി തടവുകാരുടെ ഫയലുകൾ പഠിക്കുന്നത് തുടരുകയാണെന്നും ബ്രിഗേഡിയർ അയ്യൂബ് ബിൻ നഹീത്ത് പറഞ്ഞു. 

Latest News