പാലക്കാട് - ആലത്തൂർ ചന്ദനാംപറമ്പ് അയ്യപ്പൻവിളക്കിന്റെ ഭാഗമായുള്ള പാലക്കൊമ്പ് എഴുന്നള്ളത്തിനിടെ ആന വിരണ്ടോടി. ആനപ്പുറത്തുണ്ടായിരുന്നവർ ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്കേറ്റു. രണ്ടാനകളാണ് പ്രശ്‌നമുണ്ടാക്കിയത്. ഇവയെ പിന്നീട് തളച്ചതായി ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
എഴുന്നള്ളത്ത് വണ്ടാഴി മോസ്‌കോമൊക്കിന് സമീപമെത്തിയപ്പോൾ ചിറയ്ക്കൽ ശബരിനാഥൻ എന്ന ആന ഇടയുകയായിരുന്നു. ആദ്യം പാപ്പാനെ ആക്രമിച്ച ആന പുറത്തിരുന്നവരെ കുടഞ്ഞുതാഴെയിട്ട് വിരണ്ട് പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. ആനപ്പുറത്തുണ്ടായിരുന്ന കിഴക്കഞ്ചേരി പുന്നപ്പാടം സ്വദേശി അജിത്ത് (22), ഇളവംപാടം വൈശാഖ് (25), എരിക്കിൻചിറ ജിത്തു (22) എന്നിവർക്കും ആനപ്പാപ്പാനും വണ്ടാഴി സ്വദേശിനി തങ്കമണിക്കുമാണ് (67) പരുക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.