Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിൽ രണ്ടിടത്ത് വാഹനാപകടം: പിതാവും മകനുമടക്കം മൂന്നു മലയാളികൾ മരിച്ചു

ജിദ്ദ- ഇന്നലെ പുലർച്ചെ സൗദിയിൽ രണ്ടിടത്തായുണ്ടായ അപകടങ്ങളിൽ പിതാവും മകനുമടക്കം മൂന്നു മലയാളികളുൾപ്പെടെ ഏഴു പേർ മരിച്ചു. റിയാദ്-മക്ക ഹൈവേയിൽ റിയാദിൽനിന്ന് 250 കിലോമീറ്റർ അകലെ സാദിഖിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിലാണ് കൊല്ലം റോഡുവിള സ്വദേശികളായ പാരവിള പുത്തൻ വീട്ടിൽ മുഹമ്മദ് ഹനീഫ സൈനുദ്ദീൻ (58), മകൻ സൈനുദ്ദീൻ നാജി (23) എന്നിവർ മരിച്ചത്. ജിദ്ദ ലൈത്ത് റോഡ് ചെക്ക് പോസ്റ്റിന് സമീപം നിർത്തിയിട്ട ട്രെയിലറിനു പിന്നിൽ ഡയന ഇടിച്ചുണ്ടായ അപകടത്തിൽ ഷാമി ട്രേഡിംഗ് കമ്പനിയുടെ അസീർ ജിസാൻ മേഖല സെയിൽസ്മാൻ ചങ്ങരംകുളം കോക്കൂർ സ്വദേശി സഹീർ കോട്ടിരിഞ്ഞാലിലും (42) മരിച്ചു. 
ഉംറ തീർഥാടകരുടെ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു ബംഗ്ലാദേശി ഉൾപ്പെടെ മറ്റു നാലുപേർ കൂടി മരിച്ചതായാണ് വിവരം. ഏതാനും പേർക്ക് പരിക്കുണ്ട്. അൻപതു പേരാണ് ബസിലുണ്ടായിരുന്നത്. കിഴക്കൻ പ്രവിശ്യയിലെ ഖരിയ അൽ ഉലയയിൽനിന്ന് ബുധനാഴ്ച രാത്രി പുറപ്പെട്ട ഉംറ തീർഥാടകരുടെ ബസാണ് ഇന്നലെ പുലർച്ചെ സാദിഖിൽ അപകടത്തിൽ പെട്ടത്. സൈനുദ്ദീന്റെ ഭാര്യയും മകളും കൊല്ലത്തുനിന്നുള്ള ഗ്രൂപ്പിൽ ഉംറ നിർവഹിക്കാൻ കഴിഞ്ഞ ദിവസം മക്കയിൽ എത്തിയിരുന്നു. ഇവരെ കാണുന്നതിനാണ് മകനുമൊത്ത് സൈനുദ്ദീൻ പുറപ്പെട്ടത്. ഖരിയ അൽ ഉലയയിൽ പതിനഞ്ചു വർഷത്തിലേറെയായി ബൂഫിയ നടത്തിവരുന്ന സൈനുദ്ദീൻ അസുഖ ബാധിതനായതിനാൽ ഒരു വർഷം മുൻപാണ് പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന മകനെ ബൂഫിയയിൽ സഹായത്തിനായി കൊണ്ടുവന്നത്. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ ഇദ്ദേഹത്തിന്റെ മറ്റൊരു മകൾ ഏതാനും മാസം മുൻപ് നാട്ടിൽ മരിച്ചിരുന്നു. എല്ലാ വർഷവും റമദാനിൽ ബൂഫിയക്ക് അവധി നൽകി നാട്ടിൽ പോകലാണ് പതിവ്. ഇത്തവണ അടുത്തിടെ നാട്ടിൽ  പോയതിനാലും ഭാര്യയും മകളും ഉംറക്കു വന്നതിനാലുമാണ് നാട്ടിൽ പോകാതെ അവരെ കാണുന്നതിനും ഉംറ നിർവഹിക്കാനുമായി ജോലി സ്ഥലത്തുനിന്ന് പുറപ്പെട്ടത്. സാദിഖിലെ ആശുപത്രിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ബസ് ഓടിച്ചിരുന്നത് ഈജിപ്തുകാരനാണ്. 

ഷാമി ട്രേഡിംഗ് കമ്പനിയുടെ സെയിൽസ്മാൻ സഹീർ ഓടിച്ചിരുന്ന ഡയന ചെക്ക് പോസ്റ്റിൽ നിർത്തിയിട്ട ട്രെയിലറിന് പിന്നിൽ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി  മുറിവേറ്റ സഹീറിനെ ഹൈവേ പോലീസ് ജിദ്ദ മഹ്ജർ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കിംഗ്  അബ്ദുൽ അസീസ് ആശുപത്രിയിലാണുള്ളത്.  കോട്ടിരിഞ്ഞാലിൽ കുഞ്ഞാപ്പു - ഖദീജ ദമ്പതികളുടെ മകനാണ് സഹീർ. 
ഭാര്യ അസ്മാബി. മക്കൾ: ഫാത്തിമ നസ്‌റീൻ (13), നഫീസത്തുൽ മിസ്‌റിയ (11), ഫാത്തിമ മഹ്‌റിൻ (9). ശിഹാബ്, ഷമീറ സഹോദരങ്ങളാണ്. സഹോദരീ ഭർത്താവ് അബ്ദുൽ കോക്കൂർ റിയാദിലുണ്ട്. 

Latest News