മലപ്പുറം-പുതിയ ജില്ല വേണ്ടെന്ന സി.പി.എം നേതാവ് എ.വിജയരാഘവന്റെ പ്രസ്താവന, സി.പി.എം മലപ്പുറത്തോട് സ്വീകരിച്ചു കൊണ്ടിരിക്കുന്ന മനോഭാവത്തിന്റെ പ്രതികരണമാണെന്നു വെല്‍ഫയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് നാസര്‍ കീഴുപറമ്പ് പ്രസ്താവിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെയും ഭരണസംവിധാനങ്ങളുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ മലപ്പുറം നേരിടുന്നത് ഭീകര വിവേചനമാണ്. മലപ്പുറം ജില്ലയോടു കേരളം ഭരിച്ച ഇടതു,വലതു മുന്നണികള്‍ പതിറ്റാണ്ടുകളായി തുടരുന്ന വികസന വിവേചന ഭീകരതയാണ് പുതിയ ജില്ല എന്ന ആവശ്യം ശക്തമാക്കുന്നത്. മലപ്പുറം ജില്ലയുടെ വികസനകാര്യം ഉന്നയിക്കുമ്പോള്‍ മതത്തോടു ചേര്‍ത്തു കെട്ടി വക്രീകരിക്കാനുള്ള ഇടതുപക്ഷത്തിന്റെ കുടിലബുദ്ധി മലപ്പുറത്തെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. മലപ്പുറത്തിന്റെ വികസനത്തിനു പുതിയ ജില്ല എന്ന ആവശ്യം ശക്തമാക്കി വെല്‍ഫെയര്‍ പാര്‍ട്ടി ശക്തമായ പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കുമെന്നു അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിനു മുമ്പും സ്വാതന്ത്ര്യാനന്തരവും ജില്ലാ രൂപീകരണ കാലം തൊട്ടും മലപ്പുറത്തോടുള്ള ഭരണകൂട വിവേചനം വ്യക്തമാണ്. വിദ്യാഭ്യാസ,ആരോഗ്യ,തൊഴില്‍ മേഖലയിലും ഭരണസംവിധാനങ്ങളുടെ എണ്ണത്തിലും ജനസംഖ്യാനുപാതികമായ നീതി മലപ്പുറത്തോടു ഇക്കാലം വരെയും ഭരണകൂടങ്ങള്‍ പുലര്‍ത്തിയിട്ടില്ല.
ഹയര്‍സെക്കന്‍ഡറി സീറ്റുകളുടെ അപര്യാപ്തതയുമായി ബന്ധപ്പെട്ട് ഒന്നര പതിറ്റാണ്ടിലേറെയായി മലപ്പുറത്തെ സമരമുഖം സജീവമാണ്. വിദ്യാഭ്യാസമേഖലയില്‍ സ്‌കൂള്‍ തലം മുതല്‍ യൂണിവേഴ്‌സിറ്റി തലം വരെയുള്ള വിഷയങ്ങളില്‍ ഈ വിവേചനം വ്യക്തമാണ്. കേരളത്തില്‍ സര്‍ക്കാര്‍ തലത്തില്‍ എന്‍ജിനീയറിംഗ്് കോളേജും ബി.എഡ് കോളേജും ഇല്ലാത്ത ഏക ജില്ല മലപ്പുറമാണ്. കേരളത്തിലെ സര്‍ക്കാര്‍ - എയ്ഡഡ് കോളേജുകളുടെ കണക്കെടുത്താല്‍
70 ശതമാനത്തിലധികവും തെക്കന്‍ കേരളത്തിലാണ് സ്ഥിതി ചെയ്യുന്നത്. ആരോഗ്യ മേഖലയില്‍ ജില്ലയിലെ പൊതുസംവിധാനങ്ങളുടെ അവസ്ഥ ആശാവമല്ല. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ജീവനക്കാരുടെ കാര്യത്തിലും മലപ്പുറം ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങളും അപര്യാപ്തത അനുഭവിക്കുന്നുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജിനുള്ളത് 21.86 ഏക്കര്‍ ഭൂമിയാണ്. അതേസമയം മഞ്ചേരി മെഡിക്കല്‍ കോളേജിനൊപ്പം പ്രഖ്യാപിച്ച കോന്നി മെഡിക്കല്‍ കോളജിന് 50 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ എടുത്തു നല്‍കിയത്. കേരളത്തിലെ മിക്ക മെഡിക്കല്‍ കോളേജുകള്‍ക്കും നൂറിലധികം ഏക്കര്‍ ഭൂമിയുണ്ട് എന്നതും മലപ്പുറത്തോടുള്ള വിവേചനത്തിന്റെ നേര്‍ചിത്രമാണ്. എന്നാല്‍ മഞ്ചേരി മെഡിക്കല്‍ കോളേജിന്റെ വികസനത്തിനുവേണ്ടി ഇനി ഒന്നും ചെയ്യാനില്ലെന്നാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രസ്താവിച്ചതെന്നും നാസര്‍ കീഴുപറമ്പ് ചൂണ്ടിക്കാട്ടി. സമസ്ത മേഖലയിലും മലപ്പുറത്തോടുള്ള വൈരുധ്യം കാണാമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 27, 28, 29 തിയതികളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനം മലപ്പുറത്തു നടക്കും.






