ശമ്പളമോ താമസസ്ഥലമോ ഇല്ല; മരുഭൂമിയില്‍ കഴിഞ്ഞ 35 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

മരുഭൂമിയില്‍ നിന്ന് രക്ഷപ്പെടുത്തിയ ഏതാനും പേര്‍ക്കൊപ്പം സിദ്ദീഖ് തുവ്വൂര്‍

റിയാദ്- ശമ്പളമോ കൃത്യമായ ഭക്ഷണമോ താമസ സൗകര്യങ്ങളോ ഇല്ലാതെ പുറം ലോകവുമായി കൂടുതലൊന്നും ബന്ധപ്പെടാന്‍ കഴിയാതെ വര്‍ഷങ്ങളായി ഒട്ടകങ്ങളും ആടുകള്‍ക്കുമൊപ്പം മരുഭൂമിയില്‍ ജീവിച്ചുവരികയായിരുന്ന 35 ഇന്ത്യക്കാരെ സാമൂഹിക പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. സൗദി അറേബ്യയുടെ തെക്ക് ഭാഗത്തെ ദുര്‍ഘടം പിടിച്ച മരുപ്രദേശമായ റുബുഉല്‍ ഖാലിയില്‍ കഴിയുകയായിരുന്ന ഉത്തരേന്ത്യക്കാരെയാണ് ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി വെല്‍ഫയര്‍ വളണ്ടിയറും കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാനുമായ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തിയത്.
നജ്‌റാന്‍, ശറൂറ പോലീസും ശറൂറ ഗവര്‍ണറേറ്റും അതിര്‍ത്തി സുരക്ഷാ വിഭാഗവുമെല്ലാം സഹകരിച്ച ഈ ദൗത്യം ഒമ്പത് മാസം മുമ്പാണ് സിദ്ദീഖ് ആരംഭിച്ചത്. ഇതിനകം 30000 കിലോമീറ്ററോളം മരുഭൂമികളിലൂടെ സഞ്ചരിച്ചു. രക്ഷപ്പെടുത്തിയവരില്‍ 30 പേരെ തര്‍ഹീല്‍ വഴി നാട്ടിലേക്ക് അയച്ചു. 35 പേരില്‍ ഒരാള്‍ മരിക്കുകയും നാലു പേരെ വിസ പുതുക്കി അവരുടെ ആഗ്രഹപ്രകാരം പോലീസ് സ്‌പോണ്‍സര്‍മാരുമായി കരാറുണ്ടാക്കി ഖത്തറിലേക്ക് അയക്കുകയും ചെയ്തു.


ഖത്തറില്‍ തൊഴില്‍ വിസക്ക് കൊണ്ട് വന്ന ഇവരെ സ്‌പോണ്‍സര്‍മാര്‍ സൗദി അറേബ്യയിലേക്ക് വിസിറ്റ് വിസയില്‍ കൊണ്ടുവരികയും റുബുഉല്‍ ഖാലി മരുഭൂമിയിലെ ഇടയ കേന്ദ്രങ്ങളില്‍ എത്തിക്കുകയുമായിരുന്നു. െ്രെഡവര്‍മാര്‍, പാചകക്കാര്‍ അടക്കമുള്ളവരും ഇവരിലുണ്ട്. അഞ്ചും ആറും വര്‍ഷങ്ങള്‍ക്ക് മുമ്പ് എത്തിയവരും ഇവിടെയുണ്ടായിരുന്നു. ഇത്രയും കാലം ശമ്പളമോ ആനുകൂല്യങ്ങളോ ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. പുറം ലോകവുമായി ബന്ധപ്പെടാന്‍ അവസരവുമുണ്ടായിരുന്നില്ല. ഇവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ഖത്തര്‍ ഇന്ത്യന്‍ എംബസിയിലും റിയാദ് ഇന്ത്യന്‍ എംബസിയിലും പരാതികള്‍ നല്‍കിയിരുന്നു.
മരുഭൂമിയില്‍ അകപ്പെട്ട യൂനുസ്, നജീബ് എന്നീ രണ്ടു ഗുജറാത്തുകാരുടെ ബന്ധു റിയാദില്‍ ഒരു മലയാളി ഹൗസ് െ്രെഡവറോടൊപ്പം താമസിച്ചിരുന്നു. ഈ ഹൗസ് െ്രെഡവറാണ് ഈ സംഭവം ശ്രദ്ധയില്‍ പെടുത്തിയത്. ഖത്തര്‍ എംബസിയിലും ഇന്ത്യന്‍ എംബസിയിലും ഇവരും പരാതി നല്‍കിയിരുന്നു. കെഎംസിസി ഡെസേര്‍ട്ട് റെസ്‌ക്യൂ ടീമുണ്ടാക്കി ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ സിദ്ദീഖ് തുവ്വൂര്‍ നജ്‌റാനിലും ശറൂറയിലുമെത്തി പ്രാദേശിക പോലീസ് സ്‌റ്റേഷനുകളുമായി സഹകരിച്ച് ഉദ്യോഗസ്ഥരോടൊപ്പം റുബുല്‍ ഖാലിയിലെത്തി. കിലോമീറ്ററുകള്‍ ദുര്‍ഘടം പിടിച്ച വഴികളിലൂടെ മണല്‍കൂനകളിലൂടെ സഞ്ചരിച്ച് ഒറ്റപ്പെട്ട് കിടക്കുന്ന ഇടയ കേന്ദ്രങ്ങളിലുള്ള ഇന്ത്യക്കാരെ കണ്ടെത്തി. അവരെയെല്ലാം പോലീസ് സാന്നിധ്യത്തില്‍ പുറത്തെത്തിക്കുകയായിരുന്നു. സ്‌പോണ്‍സര്‍മാരെ പോലീസ് സ്‌റ്റേഷനുകളിലേക്ക് വിളിച്ചുവരുത്തി ശമ്പളവും ആനുകൂല്യങ്ങള്‍ വാങ്ങിക്കൊടുത്തു. ശേഷം അവരുടെയും കുടുംബത്തിന്റെയും ആവശ്യപ്രകാരം നാട്ടിലേക്ക് അയച്ചു.
മണല്‍ കൂനകള്‍ നിറഞ്ഞ റുബുഉല്‍ ഖാലിയില്‍ ഈ ആവശ്യവുമായി നിരവധി തവണ സഞ്ചരിക്കേണ്ടിവന്നു. ഇതുവരെ 30000 കിലോമീറ്റര്‍ ഈ ദൗത്യത്തിനായി താണ്ടിയെന്ന് സിദ്ദീഖ് പറയുന്നു. പ്രത്യേക അനുമതിയോടെ മാത്രമേ ആര്‍ക്കും റുബുഉല്‍ ഖാലിയില്‍ പ്രവേശിക്കാനാകൂ.
രോഗിയായാല്‍ മരുന്നോ ചികിത്സകളോ ഇവര്‍ക്ക് ലഭിക്കാറില്ല. കോവിഡ് ബാധിച്ചിട്ട് പോലും ഇവരെ ചികിത്സിച്ചിരുന്നില്ലെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. റോഡില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള മരുഭൂമിയിലായിരുന്നു ഇവര്‍ ആടുകള്‍ക്കും ഒട്ടകങ്ങള്‍ക്കുമൊപ്പം കഴിഞ്ഞിരുന്നത്.
ഇന്ത്യന്‍ എംബസിയിലെ വെല്‍ഫയര്‍ വിഭാഗം ഫസ്റ്റ് സെക്രട്ടറി എം.ആര്‍ സജീവ്, എംബസി ഉദ്യോഗസ്ഥനായ ശ്യാം സുന്ദര്‍, നജ്‌റാന്‍ കെഎംസിസി പ്രവര്‍ത്തകരായ സലീം ഉപ്പള, ലുഖ്മാന്‍, ശറൂറ കെഎംസിസി പ്രവര്‍ത്തകനായ റാസിഖ്, കെഎംസിസി വെല്‍ഫയര്‍ വിംഗ് പ്രവര്‍ത്തകരായ മഹ്ബൂബ്, ശിഹാബ് പുത്തേഴത്ത് എന്നിവരും സഹായത്തിനുണ്ടായിരുന്നു.


 

 

Latest News