തിരുവനന്തപുരം- പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. തമിഴ്‌നാട് സ്വദേശി വിന്‍സെന്റ് ജോണി(63) നെയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് മോഷണം നടത്തിയതിനാണ് ഇയാളെ പിടികൂടിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ക്കെതിരെ ഇരുനൂറോളം കേസകളുണ്ടെന്ന് പോലീസ് പറഞ്ഞു. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മുറിയെടുത്ത് താമസിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. ഇംഗ്ലീഷ് നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്ന വിന്‍സെന്റ് വ്യവസായിയെന്ന് പരിചയപ്പെടുത്തിയാണ് ഹോട്ടലുകളില്‍ മുറിയെടുക്കുന്നത്.
ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള മുറികള്‍ എടുത്ത ശേഷം വിലകൂടിയ മദ്യവും ഭക്ഷണവുമെല്ലാം ഓര്‍ഡര്‍ ചെയ്ത് ഒന്നോ രണ്ടോ ദിവസം അവിടെ താമസിക്കും. തുടര്‍ന്ന് അതേ ഹോട്ടലില്‍ വെച്ച് താന്‍ ഒരു ബിസിനസ് മീറ്റ് സംഘടിപ്പിക്കാന്‍ പോകുന്നെന്നും അതിനായി കോണ്‍ഫറന്‍സ് ഹാള്‍ ബുക്ക് ചെയ്യണമെന്നും ആവശ്യപ്പെടും. ഇതിനിടെയാണ് തന്റെ ലാപ്‌ടോപ് തകരറായെന്നും വേറൊരെണ്ണം സംഘടിപ്പിച്ച് തരണമെന്നും ഹോട്ടല്‍ ജീവനക്കാരോട് ആവശ്യപ്പെടുക. തുടര്‍ന്ന് ആ ലാപ്‌ടോപുമായി മുങ്ങുകയാണ് രീതി.
കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മോഷണം നടത്തിയതിന് 2018ല്‍ വിന്‍സെന്റ് പിടിയിലായിരുന്നു. മുംബൈ നഗരത്തിലാണ് ഇയാള്‍ക്കെതിരെ കൂടുതല്‍ കേസുകളുള്ളത്. വിന്‍സെന്റ് പിടിയിലായതറിഞ്ഞ് ആന്ധ്ര പോലീസും തിരുവനന്തപുരം സ്‌റ്റേഷനുമായി ബന്ധപ്പെട്ടിട്ടുണ്ട്.