Sorry, you need to enable JavaScript to visit this website.

ചർച്ച ശുദ്ധീകരണത്തിന്; തെറ്റ് തിരുത്താത്തവർക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്ന് പി ജയരാജൻ

കാസർകോട് - പാർട്ടിയുടെയും നാടിന്റെയും താൽപര്യത്തിൽനിന്നു വ്യതിചലിക്കുന്നവർക്ക് സി.പി.എമ്മിൽ സ്ഥാനമില്ലെന്ന്‌ മുതിർന്ന സി.പി.എം നേതാവ് പി ജയരാജൻ. കമ്യൂണിസ്റ്റ് പാർട്ടിയിൽ ചർച്ച നടന്നാൽ പാർട്ടി തകരുകയില്ലെന്നും ഊതിക്കാച്ചിയ സ്വർണം പോലെ ശുദ്ധമായ പ്രസ്ഥാനമായി മാറുമെന്നും അദ്ദേഹം കാഞ്ഞങ്ങാട്ട് പാർട്ടി പരിപാടിയിൽ പറഞ്ഞു.  
 പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും ഇടതു മുന്നണി കൺവീനറുമായ ഇ.പി ജയരാജനെതിരെ സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ ഉയർത്തിയ അനധികൃത സ്വത്ത് സമ്പാദന വിമർശം മാധ്യമങ്ങളിൽ വാർത്തയായതിനു പിന്നാലെയാണ് പൊതുവേദിയിലെ അദ്ദേഹത്തിന്റെ പുതിയ പ്രസ്താവന.
 മാധ്യമ വാർത്തകൾ നോക്കിയാൽ സി.പി.എമ്മിൽ എന്തോ കുഴപ്പം നടക്കാൻ പോകുകയാണെന്നു തോന്നും. സി.പി.എം കോൺഗ്രസിനെയോ മുസ്‌ലിം ലീഗിനെയോ ബി.ജെ.പിയെയോ പോലെയല്ല. പാർട്ടിയിലേക്കു വരുന്ന ഓരോ അംഗവും ഒപ്പിട്ടുനൽകുന്ന പ്രതിജ്ഞയുണ്ട്. വ്യക്തിതാൽപര്യം പാർട്ടിയുടെയും സമൂഹത്തിന്റെയും താൽപര്യത്തിനു കീഴ്‌പ്പെടുത്തണമെന്നാണ് അത്. നാടിന്റെ താൽപര്യത്തിനും പാർട്ടിയുടെ താൽപര്യത്തിനും കീഴടങ്ങിക്കൊണ്ടുള്ള നിലപാടാണ് ഓരോ പാർട്ടി അംഗവും സ്വീകരിക്കേണ്ടത്. 
  സമൂഹത്തിൽ ജീർണതയുണ്ട്. അത് ഒരു പ്രവർത്തകനെ ബാധിക്കുമ്പോൾ പാർട്ടി ചർച്ച ചെയ്യും. സി.പി.എം നിലകൊള്ളുന്നത് മതനിരപേക്ഷതയ്ക്കു വേണ്ടിയാണ്. അതിൽനിന്നു വ്യതിചലിച്ചാൽ തിരുത്താൻ പാർട്ടി ആവശ്യപ്പെടും. തിരുത്താത്തവർക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്നു പ്രഖ്യാപിക്കും. അതാണ് പാർട്ടിയുടെ സവിശേഷത. കമ്യൂണിസ്റ്റു പാർട്ടിയിൽ ചർച്ച നടന്നാൽ പാർട്ടി തകരുകയല്ല, ഊതിക്കാച്ചിയ സ്വർണം പോലെ ശുദ്ധമായ പ്രസ്ഥാനമായി മാറുമെന്നും പി ജയരാജൻ വ്യക്തമാക്കി. 
 അതിനിടെ, ഇ.പി ജയരാജനെിരെ പി ജയരാജൻ സംസ്ഥാന സമിതിയിൽ ഉന്നയിച്ച ആരോപണത്തിൽ സി.പി.എം കേന്ദ്ര നേതൃത്വം വിവരം തേടി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര നേതൃത്വം സംസ്ഥാന സെക്രട്ടറിയോട് വിവരം തേടിയതെന്നാണ് അറിയുന്നത്. 
 ചൊവ്വ, ബുധൻ ദിവസങ്ങളിൽ പിബി യോഗമുണ്ട്. സംസ്ഥാന ഘടകം വിഷയം ഉന്നയിച്ചാൽ പി.ബി ഇക്കാര്യവും ചർച്ച ചെയ്യും. പി.ബിക്കു മുമ്പായി പി ജയരാജന്റെ പരാതി രേഖാമൂലം കിട്ടിയാൽ അക്കാര്യം ബന്ധപ്പെട്ട ബോഡികളിൽ ചർച്ചയാവും.
 പരാതിയിൽ വിട്ടുവീഴ്ചക്കില്ലെന്നാണ് പി ജയരാജൻ പുതിയ പ്രസതാവനയിലൂടെ നൽകുന്ന സൂചന. തെറ്റ് തിരുത്തലിൽ വിട്ടുവീഴ്ചയില്ലെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെയും നിലപാട്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ വിവാദത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിലും മുതിർന്ന പല നേതാക്കളും വിഷയത്തെ ഗൗരവമായാണ് കാണുന്നത്.

Latest News