ആ കത്തിലെന്ത്? സുപ്രീം കോടതി  ഇന്ന് പരിശോധിക്കും

ന്യൂദല്‍ഹി- വ്യാഴാഴ്ച പുലര്‍ച്ചെ വരെ നീണ്ട നാടകീയതകള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ മുഖ്യമന്ത്രിയായ ചുമതലയേറ്റ ബിഎസ് യെദ്യൂരപ്പയുടെ ഭാവി അദ്ദേഹം ഗവര്‍ണര്‍ക്കെഴുതിയ കത്തിന്റെ ഉള്ളടക്കത്തെ ആശ്രയിച്ചിരിക്കും. ഭൂരിപക്ഷ എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നറിയിച്ച് യെദ്യുരപ്പ ഗവര്‍ണര്‍ക്കു കൈമാറിയ രണ്ടു കത്തുകള്‍ ഹാജരാക്കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് കോടതി ഇതു പരിശോധിക്കും. 

തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ  എംഎല്‍എമാരുടെ പിന്തുണ ബിജെപിക്ക് ഇല്ല. എന്നാല്‍ ഗവര്‍ണര്‍ക്കു നല്‍കിയ കത്തില്‍ 111 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് യെദിയൂരപ്പ അവകാശപ്പെട്ടിരിക്കുന്നത്. ബിജെപിക്ക് 104 സീറ്റുകള്‍ മാത്രമെയുള്ളൂ എന്നിരിക്കെ കൂറുമാറ്റം നടക്കാതെ 111 പേരുടെ പിന്തുണയാകില്ല. കൂറുമാറ്റം നിയമവിരുദ്ധമാണെന്നിരിക്കെ ഇതെങ്ങനെ സാധ്യമാകുമെന്നാണ് ചോദ്യം. ഇങ്ങനെ ഒരു കത്തില്ലെന്നാണ് കോണ്‍ഗ്രസ് കോടതിയില്‍ പറഞ്ഞത്. കോണ്‍ഗ്രസിന്റെ ഹരജി അടിയന്തിരമായി പരിഗണിച്ച സുപ്രീം കോടതി ബെഞ്ച് ഇതില്‍ ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തു. 

യെദ്യൂരപ്പ അവകാശപ്പെടുന്ന ഭൂരിപക്ഷം ഏതു തരത്തിലുള്ളതാണെന്ന് ഞങ്ങള്‍ക്കറിയില്ല. ഗവര്‍ണര്‍ക്കു സമര്‍പ്പിച്ച പിന്തുണ കത്ത് കാണാതെ കോടതിക്ക് ഒന്നും പറയാനാവില്ല- ജസിറ്റിസ് എസ് എ ബോബ്ഡെ പറഞ്ഞു. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഗവര്‍ണര്‍ക്കു യെദ്യൂരപ്പ നല്‍കിയ കത്തുകളാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഈ കത്ത് പുറത്തു വിടാന്‍ ഗവര്‍ണറുടെ ഓഫീസോ ബിജെപിയോ തയാറായിട്ടില്ല. പകരം കോണ്‍ഗ്രസ് സമര്‍പ്പിച്ച കത്തിനെതിരെ ആരോപണമുന്നയിക്കുകയാണ് ചെയ്തത്. ഭൂരിപക്ഷ എംഎല്‍എമാരുടെ പിന്തുണ വ്യക്തമാക്കി കോണ്‍ഗ്രസ്-ജെഡിഎസ് ഗവര്‍ണര്‍ക്കു നല്‍കിയ കത്തില്‍ വ്യാജ ഒപ്പുകളിട്ടുവെന്നാണ് ബിജെപിയുടെ ആരോപണം.


 

Latest News