Sorry, you need to enable JavaScript to visit this website.

അതിമാരക ലഹരി മരുന്നുമായി  ചാവക്കാട്ട് മൂന്ന് യുവാക്കള്‍ പിടിയില്‍

ചാവക്കാട്- അതിമാരക ലഹരി മരുന്നായ ലൈസര്‍ജിക്ക് ആസിഡ് ഡൈഈതൈലമൈഡ് (എല്‍എസ്ഡി) സ്റ്റാമ്പുകളുമായി മൂന്നു യുവാക്കളെ പോലീസ് പിടികൂടി. ചാവക്കാട് നിന്നാണ് യുവാക്കളെ പോലീസ് പിടികൂടിയത്. മുല്ലശേരി അന്നകര പേനകം നാലു പുരക്കല്‍ വീട്ടില്‍ ശ്രീരാഗ് (29), മുല്ലശേരി പെരിങ്ങാട് കൊല്ലംകുളങ്ങര വീട്ടില്‍ അക്ഷയ് (27),  എളവള്ളി പൂവത്തൂര്‍ കുട്ടാട്ട് വീട്ടില്‍ ജിത്തു (25) എന്നിവരെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കൂടാതെ ഈ യുവാക്കളില്‍ നിന്ന് 25 എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.  സെന്‍ട്രല്‍ സോണ്‍ കമ്മീഷണര്‍ സ്‌ക്വാഡും ചാവക്കാട് എക്‌സൈസ് റേഞ്ച് സംഘവും സംയുക്തമായി ആണ് ഇവര്‍ മൂന്ന് പേരെയും പിടികൂടിയത്. യുവാക്കള്‍ അതിമാരക ലഹരി മരുന്നുമായി എത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ഡി ശ്രീകുമാറിനാണ് ലഹരി മരുന്നിനെ കുറിച്ചുള്ള രഹസ്യ വിവരം ലഭിച്ചത്.
എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ ബാംഗ്ലൂരില്‍ നിന്നാണ് കൊണ്ടുവന്നതെന്ന് പ്രതികള്‍ എക്‌സൈസ് സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളില്‍ ശ്രീരാഗ് കൊടൈക്കനാലില്‍ റിസോര്‍ട്ട് നടത്തുന്നയാളാണ്. ജിത്തു ഗ്രാഫിക് ഡിസൈനറായില്‍ ജോലി ചെയ്ത് വരുന്ന ആളാണ്. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികെയാണെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ഡി ശ്രീകുമാര്‍ പറഞ്ഞു. 

Latest News