കര്‍ണാടകയില്‍ മനംനൊന്ത് ജത്മലാനിയും 

ന്യൂദല്‍ഹി-കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിച്ച സംസ്ഥാന ഗവര്‍ണര്‍ വാജുഭായ് വാലയ്‌ക്കെതിരേ മുതിര്‍ന്ന അഭിഭാഷകന്‍ രാം ജത്മലാനി സുപ്രീംകോടതിയില്‍. ഭരണഘടനപരമായ അധികാരത്തിന്റെ ദുര്‍വിനിയോഗമാണെന്നു ചൂണ്ടിക്കാട്ടിയാണ് വിഷയത്തില്‍ അദ്ദേഹം വ്യക്തിപരമായി കോടതിയെ സമീപിച്ചത്. വിഷയത്തില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ജത്്മലാനിയുടെ ആവശ്യം പരിഗണിച്ച ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഹരജി ഇന്നു പരിഗണിക്കാമെന്നു വ്യക്തമാക്കി. 

കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും ഹരജികള്‍ പരിഗണിക്കുന്ന ജസ്റ്റീസ് എ.കെ സിക്രി അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ വിഷയം ഉന്നയിക്കാനും ചീഫ് ജസ്റ്റിസിനു പുറമ ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എം ഖാന്‍വില്‍ക്കര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു. 

ഗവര്‍ണറുടെ നടപടി ഭരണഘടനപരമായ പദവിയുടെ കൃത്യമായ ദുര്‍വിനിയോഗമാണ്. ഗവര്‍ണര്‍ തന്റെ ഓഫീസിന്റെ അന്തസ് കളഞ്ഞുകുളിച്ചിരിക്കുകയാണെന്നും രാം ജത്മലാനി കോടതിയില്‍ വ്യക്തമാക്കി.  ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അനുകൂലമായോ എതിരായോ അല്ല കോടതിയില്‍ എത്തിയിരിക്കുന്നത്. മറിച്ച്, ഭരണഘടനാവിരുദ്ധമായി ഗവര്‍ണര്‍ എടുത്ത തീരുമാനത്തില്‍ മനംനൊന്താണെന്നും അദ്ദേഹം പറഞ്ഞു. 


 

Latest News