വാഷിംഗ്ടണ്‍- അമേരിക്കയില്‍ എച്ച് 1-ബി വിസയിലുള്ള ജീവനക്കാരുടെ ആശ്രിതരെ ജോലി ചെയ്യുന്നതില്‍നിന്ന് തടയാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് 130 യു.എസ് ജനപ്രതിനിധികള്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടു.
ഇന്ത്യന്‍-അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം പ്രമീള ജയ്പാലിന്റെ നേതൃത്വത്തിലാണ് ട്രംപ് ഭരണകൂടത്തിനു നിവേദനം നല്‍കിയത്.
എച്ച്1-ബി വിസയുള്ളവരുടെ ജീവിത പങ്കാളികളെ കൂടി നിയമാനുസൃതമായി ജോലി ചെയ്യാന്‍ അനുവദിച്ച മുന്‍ ഒബാമ ഭരണകൂടത്തിന്റെ തീരുമാനം തിരുത്താനാണ് ട്രംപ് ഒരുങ്ങുന്നത്. ഇത് തൊഴില്‍ പെര്‍മിറ്റുള്ള 70,000 എച്ച്-4 വിസക്കാരെയാണ് പ്രതികൂലമായി ബാധിക്കുക.
ജീവിത പങ്കാളികള്‍ക്ക് തൊഴിലെടുക്കാന്‍ നല്‍കുന്ന അനുമതി ഔദ്യോഗികമായി അവസാനിപ്പിക്കാനുള്ള നടപടി അടുത്ത മാസം സ്വീകരിക്കാനിരിക്കെയാണ് യു.എസ് സാമാജികര്‍ ആഭ്യന്തര സുരക്ഷാ സെക്രട്ടറി കിര്‍സ്റ്റ്‌ജെന്‍ നീല്‍സന് കത്തെഴുതിയിരിക്കുന്നത്.
എച്ച്-4 വിസയുള്ളവര്‍ക്ക് തൊഴിലെടുക്കാന്‍ അവസരം നല്‍കിയത് യു.എസ് സമ്പദ്ഘടനയെ ശക്തിപ്പെടുത്തിയിട്ടേയുള്ളൂവെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. അമേരിക്കയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന ആയിരക്കണക്കിന് ആശ്രിതര്‍ക്ക്, പ്രത്യേകിച്ച് വനിതകള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതാണ് തൊഴിലെടുക്കാനുള്ള അനുമതി. ഇവരില്‍ പലരും സ്ഥിരം താമസാനുമതി കരസ്ഥമാക്കാനുള്ള നടപടികളിലുമാണ്. ആശ്രിതരുടെ ജോലി വിലക്കാനുള്ള നീക്കം യു.എസ് തൊഴിലുടമകളുടേയും യു.എസ് സമ്പദ്ഘടനയുടേയും മത്സരക്ഷമതയെ ബാധിക്കും. എച്ച് 4 വിസയിലുള്ള ജീവിത പങ്കാളികളേയും കുടുംബങ്ങളേയും ഗുരുതരമായി ബാധിക്കുന്ന നീക്കം ഉപേക്ഷിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നുവെന്നും കത്തില്‍ പറയുന്നു.
റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികളില്‍നിന്നുള്ള 130 നിയമനിര്‍മാതാക്കളാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.
എച്ച് 1 ബി നോണ്‍ ഇമിഗ്രന്റ് തൊഴിലാളികളുടെ എച്ച് 4 ആശ്രിത ജീവിത പങ്കാളികള്‍ക്ക് തൊഴില്‍ അനുമതി നല്‍കുന്ന നിലവിലെ ചട്ടം തുടരണമെന്നാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം.
അമേരിക്കയില്‍ തൊഴില്‍ അനുമതിയുള്ള എച്ച് 4 വിസയുള്ളവരില്‍ 93 ശതമാനവും ഇന്ത്യക്കാരാണെന്ന് ഈയിടെ കോണ്‍ഗ്രസിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. യു.എസില്‍ തൊഴില്‍ ലഭിച്ച മലയാളി നഴ്‌സുമാരുടെ ജീവിത പങ്കാളികളില്‍ ധാരാളം പേര്‍ ഇതുപ്രകാരമാണ് ജോലി ചെയ്യുന്നത്.
സ്ത്രീ പുരുഷ ഭേദമന്യേ ആര്‍ക്കും തങ്ങളുടെ വൈദഗ്ധ്യം ഉപയോഗിച്ച് തൊഴിലെടുക്കാനും സാമ്പത്തിക ഭദ്രതയും സ്വാശ്രയത്വവും കൈവരിക്കാന്‍ അനുവദിക്കുകയെന്നതാണ് അമേരിക്ക കാലങ്ങളായി കാത്തസൂക്ഷിക്കുന്ന മൂല്യമെന്ന് ജനപ്രതിനിധികള്‍ ട്രംപ് ഭരണകൂടത്തെ ഉണര്‍ത്തുന്നു. എച്ച് 4 ആശ്രിതരില്‍ ബഹുഭൂരിഭാഗവും സ്ത്രീകളായതിനല്‍ അവരെ ജോലിയില്‍നിന്ന് തടയുന്നത് സ്ത്രീ-പുരുഷ അസമത്വം വിപുലമാക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.






