ബാങ്കുകൾ എഴുതിത്തള്ളിയ കിട്ടാക്കടത്തിന്റെ കണക്കുകൾ സർക്കാർ കൃത്യമായി പാർലമെന്റിൽ അവതരിപ്പിച്ചതുകൊണ്ട് മാത്രം കാര്യമില്ല. രാജ്യത്തിന്റെ സമ്പത്ത് കുറച്ച് പേർ ചേർന്ന് കൊള്ളയടിക്കുന്നതിനെ ഫലപ്രദമായി തടയുകയാണ് ചെയ്യേണ്ടത്.
കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വളരെ സുപ്രധാനമായ ഒരു കണക്ക് പാർലമെന്റിൽ അവതരിപ്പിച്ചു. ഇതനുസരിച്ച് ഇന്ത്യയിലെ ദേശസാൽക്കൃത ബാങ്കുകൾ കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ 11 ലക്ഷം കോടിയിലേറെ രൂപയാണ് എഴുതിത്തള്ളിയതായി പറയുന്നത്. കൃത്യമായി പറഞ്ഞാൽ 11,17,883 കോടി രൂപയാണ് ബാങ്കുകൾ എഴുതിത്തള്ളിയത്. ഇതിനൊപ്പം തന്നെ മറ്റൊരു കാര്യം കൂടി പാർലമെന്റിൽ വ്യക്തമാക്കപ്പെട്ടു. കുടിശ്ശിക വരുത്തിയവർ ആരൊക്കെയാണെന്ന കാര്യം ഔദ്യോഗികമായി വെളിപ്പെടുത്താൻ കഴിയില്ല. അതിന് റിസർവ് ബാങ്കിന്റെ കടുത്ത നിയന്ത്രണങ്ങളുണ്ട്.
റിസർവ് ബാങ്ക് ഏതായാലും അങ്ങനെയൊരു നിയന്ത്രണം കൊണ്ടുവന്നത് നന്നായി. അല്ലെങ്കിൽ രാജ്യത്തെ കോർപറേറ്റുകളും വൻകിട മുതലാളിമാരുമായി അറിയപ്പെടുന്നവരിൽ പലരും നാണം കെട്ട് നിൽക്കേണ്ടി വന്നേനേ. അത്തരമൊരു അവസരം ഒഴിവാക്കിയതിന് ഇവരെല്ലാം രാജ്യത്തെ ഭരണകൂടത്തോട് നന്ദി പറയണം. എന്നാൽ കുടിശ്ശിക വരുത്തിയ പല കുത്തക മുതലാളിമാരുടെയും പേരുകൾ മറ്റു വഴിയിലൂടെ പുറത്ത് വന്നിട്ടുണ്ട്. കിട്ടാക്കടം പിരിക്കാനാകാതെ നാല് വർഷം കഴിയുമ്പോഴാണ് എഴുതിത്തള്ളാറുള്ളത്. കടം എഴുതിത്തള്ളിയ ശേഷവും ഇത് പിരിച്ചെടുക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാറുണ്ടെന്നും സർക്കാർ പാർലമെന്റിൽ വിശദീകരിച്ചിട്ടുണ്ടെങ്കിലും അത് എത്രത്തോളം നടപ്പാകുന്നുണ്ടെന്നത് പരിശോധിക്കേണ്ട കാര്യമാണ്.
എഴുതിത്തള്ളിയ കടത്തിൽ 8.16 ലക്ഷം കോടി രൂപയും പൊതുമേഖല ബാങ്കുകളുടേതാണ്. ഇതിൽ മുൻപിലുള്ളത് രാജ്യത്തിന്റെ സ്വന്തം ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തന്നെയാണ്. ഇനി പാർലമെന്റിൽ നേരത്തെ അവതരിപ്പിക്കപ്പെട്ട മറ്റൊരു കണക്ക് കൂടി കേൾക്കുമ്പോഴാണ് രാജ്യത്തിലെ സാമ്പത്തിക വൈരുധ്യങ്ങളെക്കുറിച്ചുള്ള യഥാർത്ഥ ചിത്രം വ്യക്തമാവുക.
കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് 17,000 കർഷകരാണ് ആത്മഹത്യ ചെയ്തതെന്നാണ് കണക്ക്. അനൗദ്യോഗിക കണക്ക് ഇതിന്റെ ഇരട്ടിയിലേറെ വരും. കർഷകരുടെ ആത്മഹത്യ കടം കൊണ്ടല്ലെന്ന് വരുത്തിത്തീർക്കാൻ സർക്കാർ എല്ലാ കളികളും കളിക്കും. അങ്ങനെ കടം വാങ്ങി മുടിഞ്ഞ കർഷകരുടെ ആത്മഹത്യകൾ കുടുംബ പ്രശ്നത്തെത്തുടർന്നും രോഗത്തെ തുടർന്നുമുള്ള ആത്മഹത്യകളായി രൂപാന്തരപ്പെടും. അതിന് ശേഷം ആറ്റിക്കുറുക്കിയുണ്ടാക്കിയ കണക്കിനെയാണ് ഔദ്യോഗിക കണക്കിൽ ഉൾപ്പെടുത്തുക.
രാജ്യത്തെ 60 ശതമാനത്തിലേറെ വരുന്ന കാർഷകർ ഉൽപന്നങ്ങളുടെ വിലയിടിവിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രയാസങ്ങളിലേക്ക് പോകുകയും വീണ്ടും കൃഷിയിറക്കാൻ കഴിയാത്ത സ്ഥിതിയിലേക്കെത്തുകയും ചെയ്തു. വായ്പ നൽകുമ്പോൾ കർഷകരെയാണ് ഏറ്റവും കൂടുതൽ പരിഗണിക്കുകയെന്നാണ് സർക്കാരും റിസർവ് ബാങ്കുമെല്ലാം സാധാരണയായി പറയാറ്. രാജ്യത്തെ മൊത്തം ബാങ്കുകൾ നൽകുന്ന വായ്പയുടെ ചുരുങ്ങിയത് 16 ശതമാനമെങ്കിലും കാർഷിക വായ്പയായി നൽകണമെന്നാണ് കണക്ക്. കണക്കു പുസ്തകത്തിൽ നോക്കിയാൽ കാർഷിക വായ്പകൾ റിസർവ് ബാങ്ക് നിഷ്കർഷിച്ചതിനേക്കാൾ കൂടുതൽ നൽകിയിട്ടുണ്ടെന്ന് ബാങ്കുകൾക്ക് കാണിക്കാനാകും. എന്നാൽ കർഷകരുടെ പേരു പറഞ്ഞ് ഭൂരിഭാഗം വായ്പകളും നൽകിയത് കൃഷിയുടെ പ്രാഥമിക പാഠങ്ങൾ പോലും അറിയാത്ത മറ്റു ജോലികളിലും ബിസിനസുകളിലും ഏർപ്പെട്ടവർക്കാണെന്ന് വിവിധ സന്നദ്ധ സംഘടനകൾ നടത്തിയ പഠനങ്ങളിൽ നേരത്തെ തന്നെ വ്യക്തമായിരുന്നു. കാർഷിക ഉൽപാദനത്തിന് എന്ന പേരിൽ കൊടുത്ത വായ്പകൾ ഉപയോഗിക്കപ്പെട്ടത് വാഹനം വാങ്ങാനും വീട് വെക്കാനും കംപ്യൂട്ടർ വാങ്ങാനും മറ്റു ആവശ്യങ്ങൾക്കുമാണ്. വായ്പയുടെ വലിയ ശതമാനവും കൃഷി ഭൂമിയിലേക്ക് എത്തിയിട്ടില്ലെന്ന് ചുരുക്കം. യഥാർത്ഥ കർഷകന് പലപ്പോഴും വട്ടിപ്പലിശക്ക് കടമെടുത്ത് കൃഷിയിറക്കേണ്ട ഗതികേടാണ് ഉണ്ടായത്. അതിൽ നഷ്ടം വന്നതോടെ ജീവിക്കാൻ മറ്റു വഴികളില്ലാതെ ഒരു മുഴം കയറിലോ, രണ്ട് തുള്ളി വിഷത്തിലോ ഒക്കെ അവർ ജീവൻ അവസാനിപ്പിക്കുന്നു.
അതവിടെ നിൽക്കട്ടെ, ബാങ്കുകൾ എഴുതിത്തള്ളിയ വായ്പയൊന്നും സാധാരണക്കാരന്റെയോ പട്ടിണിപ്പാവങ്ങളുടെയോ അല്ല. ജീവിക്കാൻ നിവൃത്തിയില്ലാത്തവൻ എടുത്ത തുഛമായ വായ്പ ഈടാക്കാൻ അവന്റെ ആകെയുള്ള കിടപ്പാടം പോലും ജപ്തി ചെയ്തു കൊണ്ടുപോകുന്ന ബാങ്ക് അധികൃതർ അതിസമ്പന്നരുടെയും രാജ്യത്തെ കുത്തക മുതലാളിമാരുടെയും വായ്പകൾ എഴുതിത്തള്ളാൻ കാണിച്ച ആവേശം പാർലമെന്റിൽ ധനമന്ത്രി അവതരിപ്പിച്ച കണക്കിൽ തന്നെ വ്യക്തമാണ്.
കോടികൾ കടമെടുത്ത് അത് തിരിച്ചടയ്ക്കാൻ ബോധപൂർവം വീഴ്ച വരുത്തിയ 50 ഓളം വൻകിട കുത്തക കമ്പനികളും സമ്പന്ന വ്യക്തികളും ബാങ്കിന് നൽകാനുള്ളത് 9.26 ലക്ഷം കോടി രൂപയാണ്. അതായത് എഴുതിത്തള്ളിയ മൊത്തം കിട്ടാക്കടത്തിന്റെ 80 ശതമാനത്തിലേറെ വരുമിത്. ഇത് അപ്പാടെ എഴുതിത്തള്ളുന്നതിന് ദേശസാൽക്കൃത ബാങ്കുകൾക്ക് ഒരു മടിയുമുണ്ടായില്ല. ഒരു സാധാരണക്കാരൻ അയ്യായിരമോ പതിനായിരമോ വായ്പയെടുക്കാൻ ബാങ്കിനെ സമീപിച്ചാൽ അവന്റെ വസ്തുവകകൾ ബാങ്കിന് എഴുതിക്കൊടുത്താൽ മാത്രം പോരാ, പണം തിരിച്ചടവ് വരുമെന്ന് ഉറപ്പിക്കാൻ ജാമ്യക്കാരെയും കൊണ്ടുവരണം. എന്നാൽ വൻകിടക്കാർക്ക് ഇതൊന്നും ബാധകമല്ല. അവർ ഈടായി നൽകിയ രേഖകൾ ഒന്നുകിൽ വ്യാജമോ അല്ലെങ്കിൽ നിയമപരമായി സാധുതയില്ലാത്തതോ ആയിരിക്കും. ഇതെല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് കോടിക്കണക്കിന് രൂപ വായ്പയായി നൽകുന്നത്. ബാങ്കുകാരെ സമർത്ഥമായി പറ്റിച്ച് വിദേശത്തേക്ക് മുങ്ങിയ ഗീതാഞ്ജലി ജെംസ് ഉടമ മെഹുൽ ചോക്സി ഇന്ത്യയിൽ വിവിധ ബാങ്കുകൾക്കായി നൽകാനുള്ളത് 7848 കോടി രൂപയാണ്.
മൊത്തം കിട്ടാക്കടത്തിന്റെ കേവലം 13 ശതമാനം മാത്രമാണ് ബാങ്കുകൾ തിരിച്ചു പിടിച്ചത്. അതിൽ ഭൂരിഭാഗവും ജീവിക്കാൻ നിവൃത്തിയില്ലാത്ത സാധാരണക്കാരന്റെ വസ്തുവകകൾ ജപ്തി ചെയ്തുകൊണ്ടാണ്. തിരിച്ചു പിടിക്കാൻ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ അവ്യക്തവും നിയമപരമായി സാധുതയില്ലാത്തതുമായ രേഖകളുടെയും വസ്തുവകകളുടെയും ഈടിലാണ് വൻകിടക്കാർക്ക് ബാങ്കുകൾ വായ്പകൾ നൽകുന്നത്. ബാങ്കിലെ ഉയർന്ന ഉദ്യോഗസ്ഥർ കമ്മീഷൻ വ്യവസ്ഥയിൽ ഇത്തരം വായ്പകൾ ശരിയാക്കി നൽകുകയാണ് ചെയ്യുന്നതെന്നും വലിയ അഴിമതിയാണ് ഇതിന് പിന്നിലെന്നുമുള്ള ആരോപണങ്ങൾ വളരെക്കാലമായിത്തന്നെ ഉയർന്നു കേൾക്കാറുണ്ടെങ്കിലും ഇത് സംബന്ധിച്ച കാര്യമായ പരിശോധനകളോ അന്വേഷണങ്ങളോ ഒന്നും നടക്കാറില്ല.
രാജ്യത്തിന്റെ വൻതോതിലുള്ള സമ്പത്താണ് ബാങ്കിന്റെ കിട്ടാക്കടങ്ങളിലൂടെ കൊള്ളയടിക്കപ്പെടുന്നത്. സാധാരണക്കാരന്റെ വായ്പകൾ തിരിച്ചു പിടിക്കാനുള്ള അതേ ശുഷ്കാന്തി വൻകിടക്കാരുടെ കാര്യത്തിലും ബാങ്ക് അധികൃതർ സ്വീകരിച്ചാൽ കിട്ടാക്കടത്തിന്റെ തോത് വലിയ രീതിയിൽ കുറയും. വൻകിട വായ്പകൾക്ക് കൃത്യമായ മാനദണ്ഡങ്ങൾ സ്വീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കൊടുത്ത വായ്പയുടെ മുതലെങ്കിലും തിരിച്ചു കിട്ടുന്ന രീതിയിലായിരിക്കണം ഗാരന്റി സ്വീകരിക്കേണ്ടത് . മാത്രമല്ല ഇത്തരം വായ്പകൾ നൽകുമ്പോൾ അത് നൽകുന്ന ഉന്നത ഉദ്യോഗസ്ഥൻ സ്വീകരിക്കേണ്ട കൃത്യമായ നടപടി ക്രമങ്ങളെക്കുറിച്ച് റിസർവ് ബാങ്കും കേന്ദ്ര സർക്കാരും വ്യക്തമായ നയം രൂപീകരിക്കണം. അത് പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടികൾക്ക് സർക്കാർ തന്നെ മുൻകൈ എടുക്കുകയും വേണം.
ബാങ്കുകൾ എഴുതിത്തള്ളിയ കിട്ടാക്കടത്തിന്റെ കണക്കുകൾ സർക്കാർ കൃത്യമായി പാർലമെന്റിൽ അവതരിപ്പിച്ചതുകൊണ്ട് മാത്രം കാര്യമില്ല. രാജ്യത്തിന്റെ സമ്പത്ത് കുറച്ച് പേർ ചേർന്ന് കൊള്ളയടിക്കുന്നതിനെ ഫലപ്രദമായി തടയുകയാണ് ചെയ്യേണ്ടത്.
=






