ആദരിക്കല്‍ ചടങ്ങിനിടെ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

ദമാം - ആരോഗ്യ മന്ത്രാലയം സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങിനിടെ ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രി മുന്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അബ്ദുറബ്ബ് അല്‍ഹുസൈന്‍ ശഅ്ബാന്‍ കുഴഞ്ഞുവീണു മരിച്ചു. ബുധനാഴ്ച രാത്രി ആരോഗ്യ മന്ത്രാലയം കിഴക്കന്‍ പ്രവിശ്യയില്‍ സംഘടിപ്പിച്ച ചടങ്ങിനിടെയാണ് ഡോ. അബ്ദുറബ്ബ് അല്‍ഹുസൈന്‍ ശഅ്ബാന്‍ അന്ത്യശ്വാസം വലിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് നീക്കിയെങ്കിലും ആശുപത്രിയിലെത്തുന്നതിനു മുമ്പായി മരിച്ചു.

ആരോഗ്യ മന്ത്രാലയത്തിലെ മികച്ച ഡോക്ടര്‍മാരെ ആദരിക്കുന്നതിന് സംഘടിപ്പിച്ച ചടങ്ങില്‍ വെച്ചാണ് അപ്രതീക്ഷിതമായി മരണം ഡോ. അബ്ദുറബ്ബ് അല്‍ഹുസൈന്‍ ശഅ്ബാനെ തേടിയെത്തിയത്. ഇതോടെ ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ച ഓഡിറ്റോറിയം ശോകമൂകമായി. ഉടന്‍ തന്നെ ചടങ്ങുകള്‍ മുഴുവന്‍ നിര്‍ത്തിവെച്ചു.

പ്രായം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട മേഖലയില്‍ ഏതാനും ഫെലോഷിപ്പുകള്‍ ലഭിച്ച ഡോ. അബ്ദുറബ്ബ് അല്‍ഹുസൈന്‍ ശഅ്ബാന്‍ നാലു വര്‍ഷം ജര്‍മനിയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദമാം മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ പ്രായം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്കുള്ള തീവ്രപരിചരണ വിഭാഗത്തില്‍ സേവനമനുഷ്ഠിച്ച ഇദ്ദേഹം ചികിത്സാ പിഴവുകളില്‍ തീര്‍പ്പ് കല്‍പിക്കുന്ന കമ്മിറ്റിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വര്‍ഷങ്ങളോളം ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ പദവി വഹിച്ചിട്ടുണ്ട്. 
 

Latest News