Sorry, you need to enable JavaScript to visit this website.

കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ നശിപ്പിച്ചത് 10 കോടിയിലേറെ രൂപയുടെ പൊതുമുതല്‍, ഹൈക്കോടതിയുടേത് ശക്തമായ താക്കീത്

കോഴിക്കോട് : പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മിന്നല്‍ ഹര്‍ത്താലിലെ ആക്രമണങ്ങളിലെ നഷ്ടപരിഹാരം ഈടാക്കുന്നത് സംബന്ധിച്ച് ഹൈക്കോടതിയില്‍ നിന്നുണ്ടായ കര്‍ശന നിലപാട് ഭാവിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വലിയ തിരിച്ചടിയാകും. ഹര്‍ത്താലിലും പണിമടുക്കിലും പ്രതിഷേധ പ്രകടനങ്ങളിലും പൊതുമുതല്‍ നശിപ്പിക്കുന്നതിനെതിരെ ഹൈക്കോടതി ഇതിന് മുന്‍പും നടപടിയെടുത്തിരുന്നെങ്കിലും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഉദാസീനതക്കെതിരെ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് കര്‍ശന ഉത്തരവുമായി രംഗത്ത് വരുന്നത് ആദ്യമായാണ്.
പൊതുമുതല്‍ നശിപ്പിക്കപ്പെടുന്ന സംഭവങ്ങളില്‍ സാധാരണയായി സര്‍ക്കാര്‍ കാര്യമായ നടപടികളെടുക്കാറില്ല. എല്ലാ രാഷ്ട്രീയ കക്ഷികളും ഇത്തരം കേസുകളില്‍ ഉള്‍പ്പെടാറുണ്ട് എന്നത് കൊണ്ട് തന്നെ രാഷ്ട്രീയമായ ഒത്തു തീര്‍പ്പിലേക്ക് എത്തിച്ചേരുകയാണ് പതിവ്. അതുകൊണ്ട് തന്നെ പണിമുടക്കും ഹര്‍ത്താലുമെല്ലാം നടക്കുമ്പോള്‍ പൊതുമുതല്‍ നശിപ്പിക്കപ്പെടുന്നത് പതിവാണ്. ഇനി അത്തരത്തിലുള്ള ഒത്തുതീര്‍പ്പുകള്‍ പറ്റില്ലെന്ന കര്‍ശന നിലപാടാണ് ഹൈക്കോടതി എടുത്തത്. ഇത്തരം സംവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഈ ഉത്തരവ് സഹയാകമാകും.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ അതായത് 2017 മുതല്‍ 2021 അവസാനം വരെ നാലുകോടിയിലേറെ രൂപയുടെ പൊതുമുതലാണ് ഹര്‍ത്താലുകളിലും സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധ പ്രകടനങ്ങളിലുമായി നശിപ്പിക്കപ്പെട്ടതെന്നാണ് കേരള നിയമസഭയിലെ രേഖകള്‍ പ്രകാരമുള്ള കണക്ക്. കൃത്യമായി പറഞ്ഞാല്‍  4,01,34,242 രൂപയുടെ സമ്പത്ത്. ഈ വര്‍ഷം  പോപ്പുലര്‍ ഫ്രണ്ടിന്റെ കഴിഞ്ഞ ഹര്‍ത്താലില്‍ നശിപ്പിക്കപ്പെട്ട പൊതുമുതലിന്റെ കണക്ക് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.  അത് 5.20 കോടി രൂപയാണെന്നാണ് ഹൈക്കോടതി വിലയിരുത്തിയത്. അതുകൂടി ഉള്‍പ്പെടുത്തുമ്പോള്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ പത്ത് കോടിയിലേറെ രൂപയുടെ പൊതുമുതലാണ്  കേരളത്തില്‍ വിവിധ സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളിലായി നശിപ്പിക്കപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്ക്.  ആയിരത്തോളം കേസുകളിലായി 4900ത്തില്‍ പരം ആളുകളെയാണ് പൊതുമുതല്‍ നശിപ്പിച്ചതിന് ഇക്കാലയളവില്‍ പ്രതി ചേര്‍ത്തത്. എല്ലാ പ്രധാന രാഷ്ട്രീയ കക്ഷികളും പ്രതിപ്പട്ടികയിലുണ്ട്.  ഇവരില്‍ നൂറില്‍ താഴെ പ്രതികളില്‍ നിന്ന് മാത്രമേ ഇതുവരെ നഷ്ടപരിഹാരം ഈടാക്കിയിട്ടുള്ളൂ. പ്രതികളെ രക്ഷപ്പെടുത്താനായി രാഷ്ട്രീയ സമ്മര്‍ദ്ദത്തില്‍ നശിപ്പിക്കപ്പെട്ട പൊതുമുതലിന്റെ മൂല്യം യഥാര്‍ത്ഥത്തിലുള്ളതിനേക്കാള്‍ കുറച്ചാണ് പോലീസും ബന്ധപ്പെട്ട അധികൃതരും സാധാരണ കാണിക്കാറുള്ളത്. അതുകൊണ്ട് തന്നെ യാഥാര്‍ത്ഥ കണക്കും ഔദ്യോഗിക കണക്കും തമ്മില്‍ വലിയ അന്തരമുണ്ടാകും.  
കഴിഞ്ഞ സെപ്തംബറില്‍ എന്‍.ഐ.എ കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും നടത്തിയ റെയ്ഡില്‍ നിരവധി സംസ്ഥാന ഭാരവാഹികള്‍ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലിലാണ് വ്യാപക അക്രമങ്ങളുണ്ടായതും വന്‍തോതില്‍ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടതും. ഇതേ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും നഷ്ടപരിഹാരമെന്ന നിലയില്‍ 5.20 കോടി രൂപ പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നും ഹര്‍ത്താലിന് ആഹ്വാനം നല്‍കിയ ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍ അടക്കമുള്ള ഭാരവാഹികളില്‍ നിന്നും സ്വത്ത് ജപ്തിയടക്കം നടത്തി ഈടാക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നിലപാട് എടുത്തിരുന്നെങ്കിലും കോടതി ഉത്തരവുണ്ടായിട്ട് പോലും നഷ്ടപരിഹാരം ഈടാക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം തുടരുകയായിരുന്നു.
ഭാവിയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കോടതി ഉത്തരവ്  തിരിച്ചടിയാണെന്ന ബോധ്യം സര്‍ക്കാറിനുള്ളത് കൊണ്ട് തന്നെയാണ് കോടതിയെ അവഗണിക്കുന്ന നിലപാട് ഇതുവരെ ഇക്കാര്യത്തിലുണ്ടായത്. സര്‍ക്കാറിന്റെ മന:പൂര്‍വ്വമുള്ള ഈ ഉദാസീനത തിരിച്ചറിഞ്ഞുകൊണ്ട് തന്നെയാണ് ഹൈക്കോടതി കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത നടപടികളിലേക്ക് നീങ്ങിയത്. കോടതി വളരെ ക്ഷോഭത്തോടെ പെരുമാറിയതോടെ അഡീഷണല്‍ ചീഫ് സെക്രട്ടറി വി.വേണുവിന് കോടതിയോട് മാപ്പപേക്ഷിക്കേണ്ടി വന്നു. ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള കൃത്യമായ തിയ്യതി സത്യവാങ്ങ്മൂലത്തിലൂടെ കോടതിയെ അറിയിക്കേണ്ടിയും വന്നു. ജനുവരി 15നകം ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
പൊതുമുതല്‍ നശിപ്പിക്കപ്പെടുന്ന ഒട്ടേറെ സംഭവങ്ങളില്‍ പല തവണകളായി ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടും അത് നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ മന:പൂര്‍വ്വം കള്ളക്കളി നടത്തുകയാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് കടുപ്പിച്ച ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്. ഇത്തരം കാര്യങ്ങളില്‍ കോടതി ഉത്തരവ് അനുസരിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ ഉത്തരവ് മാത്രം അനുസരിച്ചാല്‍ മതിയെന്നുമുള്ള ചിന്ത ഉദ്യോഗസ്ഥര്‍ക്കുണ്ടെന്നും ഇനി അത് നടക്കില്ലെന്നും ഹൈക്കോടതി കൃത്യമായി പറഞ്ഞിട്ടുണ്ട്. ഭാവിയില്‍ രാഷ്ട്രീയത്തിന്റെയും മറ്റ് വിഷയങ്ങളുടെയും പേരില്‍ പൊതുമുതല്‍ നശിപ്പിക്കുന്ന ആര്‍ക്കും രക്ഷ കിട്ടില്ലെന്ന വ്യക്തമായ സന്ദേശം തന്നെയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ കേസില്‍ കോടതി നല്‍കിയിട്ടുള്ളത്. ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടാല്‍ അതിന് ആഹ്വാനം ചെയ്യുന്നവരുടെ കൈയ്യില്‍ നിന്നാണ് പ്രധാനമായും നഷ്ടപരിഹാരം ഈടാക്കുകയെന്ന സ്ഥിതി വരുമ്പോള്‍ ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കാന്‍ തന്നെ വിവിധ സംഘടനകള്‍ മടിക്കുന്ന സ്ഥിതിയുണ്ടാകും. അഥവാ പ്രഖ്യാപിച്ചാല്‍ തന്നെ അത് സമാധാനപരമായി നടത്തേണ്ട ഉത്തരവാദിത്തം സംഘടനാ നേതാക്കള്‍ക്കുണ്ടാകും. അതുകൊണ്ട് തന്നെ രാഷ്ട്രീയ കക്ഷികള്‍ക്കടക്കം വലിയൊരു താക്കീതാണ് കര്‍ശന ഉത്തരവിലൂടെ ഹൈക്കോടതി നല്‍കിയിട്ടുള്ളത്.

Latest News