മഹാരാഷ്ട്ര സ്‌കൂളുകളില്‍ സിസിടിവി സ്ഥാപിക്കുന്നു, ലക്ഷ്യം ലൈംഗികാതിക്രമം തടയല്‍

മുംബൈ- പെണ്‍കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ സ്‌കൂളുകളില്‍ സിസിടിവി സ്ഥാപിക്കാന്‍ ഒരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

നിയമസഭയില്‍ ഭരണകക്ഷിയായ ബി.ജെ.പിയുടെ ഉമാ ഖപാരെ ഉന്നയിച്ച പ്രമേയത്തിന് മറുപടി പറയുകയായിരുന്നു ഫഡ്നാവിസ്. മുംബൈയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് സഹപാഠികള്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ചോദ്യമുന്നയിച്ചത്.

'ചില സ്വകാര്യ സ്‌കൂളുകളില്‍ നിലവില്‍ സിസിടിവി ക്യാമറകള്‍ ഉണ്ട്. എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് സിസിടിവി സ്ഥാപിക്കുന്നത് സംബന്ധിച്ച് നിര്‍ദേശം നല്‍കും. സിസിടിവി സ്ഥാപിക്കുന്നതിലൂടെ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് ചിലരെ നിരുത്സാഹപ്പെടുത്താനാകും'' എന്നും ഫഡ്‌നാവിസ് പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പിന്റെയും ആഭ്യന്തര വകുപ്പിന്റെയും സംയുക്ത യോഗം ചേര്‍ന്ന് കര്‍മപദ്ധതി തയാറാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Latest News